വാഷിങ്ടണ്‍: ചൈനീസ് ഉടമസ്ഥാവകാശം ചൂണ്ടിക്കാട്ടി ടിക് ടോക്കിന്റെ വില്‍പനയെ കുറിച്ചും ആപ്പിന്റെ നിരോധനത്തെ കുറിച്ചും ചര്‍ച്ച നടക്കുന്നതിനിടയില്‍ ടിക് ടോക്ക് അക്കൗണ്ട് ആരംഭിച്ച് ട്രംപ് ഭരണകൂടം. ‘അമേരിക്ക, നമ്മള്‍ തിരിച്ചെത്തി. ടിക് ടോക്കില്‍ എന്താണ് വിശേഷം’ എന്ന ക്യാപ്ഷനോടെ വൈറ്റ് ഹൗസ് ആപ്പില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്തു.
27 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടിക് ടോക്ക് വീഡിയോയിലൂടെ ‘ഈ രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഞാന്‍ എല്ലാ ദിവസവും ഉണരുന്നത്’ എന്നാണ് ട്രംപ് പറഞ്ഞത്. ഒപ്പം ‘ഞാന്‍ നിങ്ങളുടെ ശബ്ദമാണ്’ എന്നും അദ്ദേഹം പറഞ്ഞു.
ആദ്യ മണിക്കൂറില്‍ തന്നെ 7500ല്‍ അധികം ലൈക്കുകളും 500ല്‍ അധികം കമന്റുകളുമാണ് ഈ വീഡിയോക്ക് ലഭിച്ചത്. ആദ്യ മണിക്കൂറില്‍ 4500 ഫോളോവേഴ്‌സിനെയും വൈറ്റ് ഹൗസിന്റെ ടിക് ടോക്ക് അക്കൗണ്ട് നേടി.
അതേസമയം ചൈനീസ് ഉടമസ്ഥതയിലുള്ള ഈ ജനപ്രിയ ആപ്പ് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് പറഞ്ഞ് ട്രംപ് തന്നെയായിരുന്നു 2020ല്‍ ടിക് ടോക്ക് നിരോധിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.
അങ്ങനെ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു യു.എസില്‍ ടിക് ടോക് നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നുമെല്ലാം ആപ്പ് നീക്കം ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നാല്‍ ടിക് ടോക്ക് നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നതായും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ടിക് ടോക്കിന്റെ വില്‍പ്പനയോ നിരോധനമോ ആവശ്യപ്പെടുന്ന ഫെഡറല്‍ നിയമം പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു.
എന്നാല്‍ തന്റെ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ സമയത്ത് ടിക് ടോക്കില്‍ ചേര്‍ന്ന ട്രംപിന് ഏകദേശം 15 ദശലക്ഷം ഫോളോവേഴ്സിനെ ആയിരുന്നു ലഭിച്ചത്. പിന്നാലെ ഫ്‌ളോറിഡയിലെ ട്രംപിന്റെ എസ്റ്റേറ്റില്‍ വെച്ച് ടിക് ടോക്ക് സി.ഇ.ഒയുമായി ഒരു കൂടികാഴ്ചയും നടന്നു.
പിന്നാലെയാണ് ട്രംപ് ടിക് ടോക്കിനെക്കുറിച്ചുള്ള തന്റെ നിലപാട് മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ വളരെയധികം ആശ്രയിച്ചിരുന്ന ട്രംപ് തനിക്ക് ടിക് ടോക്ക് ഇഷ്ടമാണെന്ന് പറയുകയും നിരോധനം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.
അടുത്ത മാസം പകുതിയോടെ ഈ സമയപരിധി അവസാനിക്കുന്നതിന് ഇടയിലാണ് വൈറ്റ് ഹൗസ് ടിക് ടോക്ക് അക്കൗണ്ട് ആരംഭിക്കുന്നത്. ഇതോടെ ടിക് ടോക്ക് നിരോധനം പിന്‍വലിക്കാനുള്ള നീക്കത്തിലാകാം ട്രംപ് ഭരണകൂടം എന്ന പ്രതീക്ഷയിലാണ് യു.എസിലെ ടിക് ടോക്ക് ആരാധകര്‍.
വൈറ്റ് ഹൗസ് ടിക് ടോക്ക് അക്കൗണ്ട് ആരംഭിച്ചതിന് പിന്നാലെ ‘പ്രസിഡന്റ് ട്രംപ് കൈവരിച്ച ചരിത്രപരമായ വിജയങ്ങള്‍ വിവിധ പാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ ജനതയിലേക്ക് എത്തിക്കാന്‍ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്,’ എന്നായിരുന്നു പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ പ്രതികരണം. മറ്റൊരു ഭരണകൂടത്തിനും ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയില്‍ ആശയവിനിമയം നടത്തുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: White House launches TikTok account amid talks of selling TikTok citing Chinese ownership