| Wednesday, 5th November 2025, 11:55 am

'ട്രംപ് ഈസ് യുവര്‍ പ്രസിഡന്റ്' മംദാനിയുടെ വിജയത്തിന് പിന്നാലെ വൈറ്റ് ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിയുടെ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി വൈറ്റ് ഹൗസ്. ‘ട്രംപ് ഈസ് യുവര്‍ പ്രസിഡന്റ്’ എന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വൈറ്റ് ഹൗസ് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു.

മംദാനിയുടെ വിജയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരുന്നതും അമേരിക്കയിലെ അടച്ചുപൂട്ടലും തിരിച്ചടിയായെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മുന്‍ ഗവര്‍ണറും ട്രംപ് പിന്തുണച്ച ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി വിജയിച്ചത്. ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്‌ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.

മംദാനിയുടെ വിജയം ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ട്രംപ് രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യു.എസില്‍ നടന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. 1969ന് ശേഷം ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ന്യൂയോര്‍ക്കിലേത്.

20 ലക്ഷത്തിലധികം വോട്ടുകളാണ് രേഖപ്പെടുത്തിയത്. യുവാക്കളുടെ പിന്തുണ മംദാനിയെ വിജയത്തിലേക്കും ട്രംപിനെ പരാജയത്തിലേക്കും നയിച്ചുവെന്നാണ് വിലയിരുത്തല്‍.

മാത്രമല്ല വിര്‍ജീനിയ, ന്യൂജേഴ്സി എന്നിവിടങ്ങളിലെ മേയര്‍ തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറിന്റെയും മിക്കി ഷെറിലിന്റെയും വിജയം ട്രംപിനെ സംബന്ധിച്ച് മറ്റൊരു തിരിച്ചടിയായി.

Content Highlight: White House follows Mamdani’s success with ‘Trump is your President’

We use cookies to give you the best possible experience. Learn more