കലബുർഗി: സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് ഉന്നയിക്കുന്ന അവകാശ വാദങ്ങളെ ചോദ്യം ചെയ്ത് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ഏത് സ്വാതന്ത്ര്യ സമരത്തിലാണ് ആർ.എസ്.എസ് പങ്കെടുത്തെന്ന് പ്രിയങ്ക് ഖാർഗെ ചോദിച്ചു.
‘ ആർ.എസ്.എസിനോട് എന്റെ ഒരേ ഒരു ചോദ്യം ഇതാണ്. നിങ്ങൾ ഏത് സ്വാതന്ത്ര്യ സമരത്തിലാണ് പങ്കെടുത്തെന്ന് പറയൂ,’ പ്രിയങ്ക് ഖാർഗെ പറഞ്ഞു. കലബുർഗിയിൽ ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ 500 കോൺഗ്രസ് അംഗങ്ങളുടെ പട്ടിക തനിക്ക് തരാനാവും. എന്നാൽ ആർ.എസ്.എസിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അവരുടെ 50 വ്യക്തികളുടെ പേര് പറയാൻ പറ്റുമോ എന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
ഇന്ത്യ വിഭജനത്തിന് ശേഷമുണ്ടായ വർഗീയ സംഘർഷങ്ങൾക്ക് ആർ.എസ്.എസ് കാരണക്കാരാവുകയായിരുന്നു ചെയ്തത്. ആ കലാപത്തിനിടെ ജനത്തെ രക്ഷിക്കാൻ എന്ത് നടപടിയാണ് ആർ.എസ്.എസ് സ്വീകരിച്ചതെന്നും ഖാർഗെ ചോദിച്ചു.
രജിസ്ട്രേഷൻ ഇല്ലാത്ത സംഘടനയാണ് ആർ.എസ്.എസ്. അതിനാൽ തന്നെ അവരെ നിരോധിക്കാൻ പറ്റില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
‘ആർ.എസ്.എസ്സിനെ നിരോധിക്കാൻ കഴിയില്ല. സന്തോഷും മോഹൻ ഭാഗവതും പറഞ്ഞത് സത്യമാണ്.അവരെ നിരോധിക്കാൻ കഴിയില്ല. കാരണം, അവർ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ല. നിങ്ങളുടെ സംഘടനയെ നിരോധിക്കണമെങ്കിൽ, ആദ്യം നിങ്ങളല്ലേ രജിസ്റ്റർ ചെയ്യേണ്ടത്?’ അദ്ദേഹം ചോദിച്ചു.
അതേസമയം, ആർ.എസ്.എസ് രജിസ്റ്റർ ചെയ്തില്ലെന്ന ഖാർഗെയുടെ പ്രസ്താവന ശരിവച്ചുകൊണ്ട് ബി.ജെ.പി നേതാവ് ബി.എൽ സന്തോഷിന്റെ ഒരു ന്യായീകരണവും പുറത്തുവന്നിട്ടുണ്ട്. ആർ.എസ്.എസിന്റെ നിലനിൽപ്പിന് ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും, ജനങ്ങളുടെ വിശ്വാസമാണ് സംഘടനയുടെ കരുത്തെന്നും സന്തോഷ് അവകാശപ്പെട്ടു.
‘അക്കാലത്തും ആർ.എസ്.എസ് രജിസ്റ്റർ ചെയ്തിരുന്നില്ല, ഇന്നും രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്‌ട്രേഷൻ അടിസ്ഥാനമാക്കിയല്ല അതിന്റെ നിലനിൽപ്പ്. ദശലക്ഷക്കണക്കിന് പേരുടെ വിശ്വാസത്തിലൂടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്.’ സന്തോഷ് ന്യായീകരിച്ചു. വിഭജന കാലത്ത് ജനങ്ങൾക്കൊപ്പം നിന്നത് ആർ.എസ്.എസ് ആണെന്നും സന്തോഷ് അവകാശപ്പെട്ടു.
നാട്ടുരാജ്യമായിരുന്നു ഹൈദരാബാദിനെ ഇന്ത്യയുമായി ചേർത്ത സമയത്ത് റസാക്കർമാരിൽ നിന്ന് ഖർഗെയുടെ കുടുംബത്തെ കുടുംബത്തെ സംരക്ഷിച്ചത് ആർ.എസ്.എസ് ആയിരുന്നു എന്ന് സന്തോഷ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം ഖാർഗെ തള്ളിക്കളഞ്ഞു. സർദാർ വല്ലഭായ് പട്ടേലും ജവഹർലാൽ നെഹ്‌റുവും ഇന്ത്യൻ സൈന്യവുമാണ്
തന്റെ കുടുംബത്തെയും നാടിനെയും സംരക്ഷിച്ചതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
‘ഖാർഗെ കുടുംബത്തെ സംരക്ഷിച്ചുവെന്ന് നിങ്ങൾ അവകാശപ്പെട്ടു. വിഭജനത്തിനുശേഷം നിരവധി വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഏത് വർഗീയ കലാപത്തിലാണ് നിങ്ങൾ സംരക്ഷിച്ച് സഹായിച്ചത്?’ ഖാർഗെ ചോദിച്ചു.
ഹൈദരാബാദ് ഇന്ത്യയിൽ ചേർക്കുന്നതിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന സന്തോഷിന്റെ അവകാശവാദത്തെയും ഖാർഗെ ചോദ്യം ചെയ്തു, ‘ആരാണ് ‘ഓപ്പറേഷൻ പോളോ’ നടത്തിയത്? അത് ആർ.എസ്.എസ് ആയിരുന്നോ? അത് പട്ടേലും നെഹ്‌റുവും സൈന്യവുമാണ് നടത്തിയത്, ആർ.എസ്.എസ് അല്ല,’ ഖാർഗെ പറഞ്ഞു. 1948ൽ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനായി നടത്തിയ സൈനിക നടപടിയുടെ രഹസ്യനാമമായിരുന്നു ഓപ്പറേഷൻ പോളോ.
‘എല്ലാവരെയും സഹായിച്ചു എന്ന മിഥ്യാധാരണയിൽ നിങ്ങൾ ജീവിക്കരുത്. ആർ.എസ്.എസ് ഞങ്ങളെ സംരക്ഷിച്ചില്ല,’ ഖാർഗെ പറഞ്ഞു.
Content Highlight: Which freedom struggle did RSS join? Priyank Kharge’s scathing attack on Sangh