| Monday, 25th August 2025, 3:10 pm

ഭിന്നശേഷിക്കാര്‍ക്കെതിരെ പരിഹാസം; ഇന്‍ഫ്‌ളുവെന്‍സര്‍ സമയ് റെയ്ന പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന വീഡിയോ പങ്കിട്ട സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവെന്‍സര്‍ സമയ് റെയ്നയ്ക്ക് എതിരെ സുപ്രീംകോടതി. സംഭവത്തില്‍ സമയ് റെയ്നയുള്‍പ്പടെയുള്ള അഞ്ച് സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സും പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ), കാഴ്ചപരിമിതര്‍ തുടങ്ങിയ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന റെയ്നയുടെ വീഡിയോയ്ക്ക് എതിരെ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. വീഡിയോ വിവാദമായതോടെ വിശദീകരണവുമായി സമയ് റെയ്ന രംഗത്തെത്തിയിരുന്നു.

എന്നാല്‍ സ്വന്തം പ്രവര്‍ത്തിയെ ന്യായീകരിക്കാനാണ് വിശദീകരണത്തിലും സമയ് ശ്രമിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. തുടര്‍ന്നും സമയ് റെയ്നയുടെ ഭാഗത്ത് നിന്നും സമാനമായ വീഴ്ചയുണ്ടായാല്‍ ശിക്ഷാ നടപടികള്‍ പരിഗണിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.’ഇന്ത്യ ഗോട്ട് ലാറ്റന്റ്’ എന്ന വിവാദ പോഡ്കാസ്റ്റ് അവതാരകനാണ് സമയ് റെയ്ന.

ആവിഷ്‌കാര സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കണമെന്നും, സാമ്പത്തിക നേട്ടങ്ങളെ മുന്‍നിര്‍ത്തി അരികുവത്കരിക്കപ്പെടുന്ന വിഭാഗങ്ങളെ പരിഹസിക്കാനും വേദനിപ്പിക്കാനും അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. സമയ് റെയ്ന ഉള്‍പ്പടെ അഞ്ച് സോഷ്യമീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന് എതിരെയാണ് കോടതിയുടെ പരാമര്‍ശം.

സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകളേയും കുട്ടികളേയും ഭിന്നശേഷിക്കാരേയും പ്രായമായവരേയും ലക്ഷ്യമിട്ടുള്ള വിവാദപരാമര്‍ശങ്ങളെ നിയന്ത്രിക്കാന്‍ ഗൈഡ്ലൈന്‍ തയ്യാറാക്കാന്‍ കോടതി അറ്റോണി ജനറല്‍ ആര്‍. വെങ്കട്ട് രമണിക്ക് നിര്‍ദേശം നല്‍കി.

സോഷ്യല്‍മീഡിയ നിയന്ത്രണം പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ലെന്നും എല്ലാവശവും പരിശോധിച്ച് വിപുലമായ കാഴ്ചപ്പാടോടെ തയ്യാറാക്കേണ്ടതാണെന്നും കോടതി നിര്‍ദേശത്തില്‍ പറഞ്ഞു.

Content Highlight: ‘Where will this end’: SC asks Samay Raina to apologise for mocking disabled persons

Latest Stories

We use cookies to give you the best possible experience. Learn more