| Friday, 20th November 2026, 3:29 pm

രാമയണ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്റര്‍ ക്ഷേത്രം പോലെയാലുന്നു: പൂര്‍ണ ഭക്തിയോടെ കാണാന്‍ മാംസാഹാരം വിളമ്പില്ല: എസ്.വി.എസ് സിനിമാസ് കൊല്‍ക്കത്ത

നിഷാന. വി.വി

കൊല്‍ക്കത്ത: നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണ: പാര്‍ട്ട് വണ്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശന സമയത്ത് തിയേറ്ററിനുള്ളില്‍ സസ്യാഹാരം (വെജിറ്റേറിയന്‍) മാത്രമേ നല്‍കുകയുള്ളൂവെന്ന് പശ്ചിമ ബംഗാളിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ എസ്.വി.എഫ് സിനിമ. ഭക്തജനങ്ങളുടെയും പ്രേക്ഷകരുടെയും വികാരങ്ങളെ മാനിച്ചാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍, രാമായണ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് ഹാളിനുള്ളില്‍ മാംസാഹാരങ്ങള്‍ വിളമ്പില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ നിയന്ത്രണം രാമായണ പ്രദര്‍ശനങ്ങള്‍ക്കും ഓഡിറ്റോറിയത്തിനുള്ളിലെ സേവനത്തിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. തിയേറ്ററുകള്‍ക്ക് പുറത്തുള്ള ഫുഡ് കൗണ്ടറുകളില്‍ പതിവുപോലെ മാംസാഹാരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷണസാധനങ്ങളും ലഭ്യമായിരിക്കും. മറ്റ് സിനിമകളുടെ പ്രദര്‍ശന സമയത്ത് സാധാരണ രീതിയിലുള്ള ഭക്ഷണ വിതരണം തുടരും.
‘ചില സിനിമകള്‍ കേവലം വിനോദത്തിനപ്പുറമാണ്. രാമായണയ്ക്കിടെ ഹനുമാന്‍ ചാലിസ മുഴങ്ങുമ്പോള്‍ തിയേറ്റര്‍ ഒരു ക്ഷേത്രം പോലെയായി മാറുന്നു, ഞങ്ങളും അതുതന്നെയാണ് അനുഭവിക്കുന്നത്,’എന്ന് എസ്.വി.എഫ് സിനിമ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

മുമ്പ് മറ്റ് പുരാണ-ഭക്തി സിനിമകള്‍ പ്രദര്‍ശിപ്പിച്ചപ്പോഴും സമാനമായ ഭക്തിപ്രകടനങ്ങളും അഭ്യര്‍ത്ഥനകളും ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ തുടര്‍ച്ചയായാണ് ഈ തീരുമാനമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

സസ്യാഹാരം കഴിക്കുമ്പോള്‍ മാത്രമേ പൂര്‍ണ ഭക്തിയോടെ ചിത്രം കാണാന്‍ കഴിയുകയുള്ളൂവെന്നും തിയേറ്റര്‍ അധികൃതര്‍ പറയുന്നു. രാമായാണ കമ്മ്യൂണിസ്റ്റ് അജണ്ടയാണെന്നും അത് ഹിന്ദുക്കള്‍ കാണരുതെന്നും ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി പറഞ്ഞിരുന്നു.

നവംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ‘രാമായണ: പാര്‍ട്ട് 1’-ല്‍ രണ്‍ബീര്‍ കപൂര്‍, യഷ്, സായ് പല്ലവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: When the Ramayana is screened, the theatre becomes like a temple; to ensure it is watched with complete devotion, non-vegetarian food is not served: SVS Cinemas, Kolkata.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more