മഞ്ജു വാര്യരെ നായികയാക്കി മുമ്പ് ചെയ്ത സിനിമകളിൽനിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു ‘ആമി’യെന്ന് സംവിധായകൻ കമൽ. മഞ്ജുവിനെ മനസിൽ കണ്ടാണ് മറ്റു രണ്ടു സിനിമകളിലെയും കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതെങ്കിൽ ‘ആമി’യിലേക്ക് മഞ്ജു എത്തിയത് യാദൃച്ഛികമായിട്ടായിരുന്നുവെന്ന് കമൽ പറയുന്നു.
മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷമുള്ള കാലത്ത് വ്യക്തിജീവിതത്തിലെ പല സംഘർഷങ്ങളിലൂടെയും കടന്നുപോകുമ്പോഴാണ് ‘ആമി’യുടെ ചിത്രീകരണം നടന്നത്. ആ സിനിമ തനിക്കും നിരവധി സംഘർഷങ്ങൾ നിറഞ്ഞ അനുഭവമായിരുന്നുവെന്നും കമൽ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആമി. Photo. Screen Grab/ Youtube
മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നായിക ആരായിരിക്കുമെന്ന കാര്യത്തിൽ ഏറെ അനിശ്ചിതത്വമുണ്ടായിരുന്നു. നായികയെ തീരുമാനിക്കാൻ കഴിയാത്തതിനാൽ ചിത്രീകരണം പലതവണ നീട്ടിവെക്കേണ്ടിവന്നു. ഒടുവിൽ ചർച്ച മഞ്ജു വാര്യരിലേക്ക് എത്തുകയും നിർമാതാവ് ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയുമായിരുന്നുവെന്ന് കമൽ പറയുന്നു.
‘മഞ്ജു നായികയായ എന്റെ മറ്റു രണ്ടു സിനിമകളെയും പോലെയായിരുന്നില്ല ‘ആമി’. ആ സിനിമകളിൽ മഞ്ജുവിനെ മനസിൽ കണ്ടാണ് കഥാപാത്രങ്ങൾക്ക് രൂപം നൽകിയത്. എന്നാൽ ‘ആമി’യിലേക്ക് മഞ്ജു യാദൃച്ഛികമായി എത്തിച്ചേരുകയായിരുന്നു. നായിക ആരാണെന്ന് തീരുമാനിക്കാൻ കഴിയാത്തതുകൊണ്ട് ഷൂട്ടിങ് അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നു.
ഇതുപോലൊരു അവസ്ഥ ആദ്യമായിരുന്നു. ഒടുവിൽ ചർച്ച മഞ്ജുവിലേക്ക് എത്തി. നിർമാതാവ് ആ പേരിൽ ഉറച്ചുനിന്നു. ഏത് കഥാപാത്രത്തിലേക്കും മഞ്ജുവിന് എളുപ്പത്തിൽ എത്താനാകുമെന്നത് എനിക്ക് ആത്മവിശ്വാസം നൽകി’, കമൽ പറഞ്ഞു.
ആമി. Photo. IMDb
മഞ്ജുവിനെ സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ ആദ്യം ചോദിച്ചത് വിദ്യാ ബാലൻ പിന്മാറിയോ എന്നായിരുന്നു. മാധവിക്കുട്ടിയെപ്പോലെ വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം കുറവുണ്ടായിരുന്നെങ്കിലും തിരക്കഥ വായിക്കാൻ മഞ്ജു തയ്യാറായി. കഥാപാത്രത്തിന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മഞ്ജു ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും കമൽ പറഞ്ഞു.
‘ഞാൻ മഞ്ജുവിനെ വിളിച്ചപ്പോൾ വിദ്യാ ബാലൻ പിന്മാറിയല്ലേ എന്നായിരുന്നു ആദ്യ ചോദ്യം. മാധവിക്കുട്ടിയെപ്പോലെ വലിയൊരു കഥാപാത്രമാകാനുള്ള ആത്മവിശ്വാസം കുറവാണെങ്കിലും തിരക്കഥ വായിക്കാമെന്ന് സമ്മതിച്ചു. എന്നാൽ കഥാപാത്രത്തിന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട ചില സീനുകളിൽ ആശങ്ക പറഞ്ഞു. അത് സ്വാഭാവികമായിരുന്നു. മഞ്ജുവിന്റെ ഇമേജിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുക എളുപ്പമായിരുന്നില്ല’, കമൽ വ്യക്തമാക്കി.
‘എന്റെ കഥ’ എന്ന പുസ്തകത്തിലെ ആമിയെ മാത്രമല്ല, ആ പുസ്തകം എഴുതിയ മാധവിക്കുട്ടിയുടെ സമഗ്ര ജീവിതത്തെയാണ് സിനിമയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചതെന്നും സംവിധായകൻ പറയുന്നു. കഥാപാത്രത്തിനായി മഞ്ജു നടത്തിയ തയ്യാറെടുപ്പുകളും വലിയതായിരുന്നു. മേക്കപ്പിലും രൂപത്തിലും പല പരീക്ഷണങ്ങൾ നടത്തുകയും നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുകയും ചെയ്തു.
ആമി. Photo. IMDb
‘ആ കഥാപാത്രത്തിനായി മഞ്ജു നടത്തിയ തയ്യാറെടുപ്പുകൾ വലുതായിരുന്നു. മേക്കപ്പ് പലതവണ മാറ്റി. രൂപഭാവങ്ങളിൽ പല പരീക്ഷണങ്ങൾ നടത്തി. നിരവധി ഫോട്ടോഷൂട്ടുകളും നടത്തി. അത്രയും ഡെഡിക്കേറ്റഡ് ആയിട്ടാണ് മഞ്ജു ആ സിനിമയിൽ അഭിനയിച്ചത്. സിനിമയോടുള്ള ആത്മാർഥതയും വ്യക്തിപരമായ വേദനകൾ മാറ്റിവെച്ച് സിനിമ പൂർത്തിയാക്കാനുള്ള കടമയും മഞ്ജുവിൽനിന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു’, കമൽ പറഞ്ഞു.
Content Highlight: When the decision was made to make a film about Madhavikutty’s life, there was a great deal of uncertainty regarding who would play the lead role, says director Kamal.