സ്‌കൂള്‍ പ്രവേശനവും, അറിവ് നിര്‍മ്മാണവും ഉത്സവമാക്കുന്ന നാടായി നമ്മുടെ കേരളം മാറിയിട്ടുണ്ട്. മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തുന്ന നമ്മുടെ നാട്ടിലെ സ്‌കൂള്‍ തുറക്കലുകള്‍ പ്രവേശനോത്സവമായി മാറുന്നത് സ്വാഭാവികമാണ്.
കൂടുതല്‍ മെച്ചപ്പെട്ട പാഠ്യപദ്ധതി പരിഷ്‌കാരങ്ങളോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കി കേരളം മുന്നോട്ടുപോകുമ്പോള്‍ നാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്, നമ്മുടെ നാട്ടില്‍ അവധിക്കാലം ആഘോഷിക്കപ്പെടുമ്പോള്‍ യുദ്ധസമാനമായ സാഹചര്യത്തെ നേരിട്ടുകൊണ്ട് ഭയചകിതരായി വിറങ്ങലിച്ചു പോയ, തങ്ങളുടെ വിദ്യാഭ്യാസവും ജീവിതവും നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയിലാണ് കശ്മീരിലെ കുഞ്ഞുങ്ങള്‍.‘ടിവിയില്‍ പോലും പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ എനിക്ക് ഭയമാകുന്നു, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല, ദയവായി സഹായിക്കൂ.’ കാശ്മീരില്‍ ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആയിഷയുടെ സന്ദേശമാണിത്.
ഒരു മാസം മുന്‍പ്, കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇരുപത്തിയാറ് പേരാണ് കൊല്ലപ്പെട്ടത്. നമ്മുടെ രാജ്യത്തെ അസ്വസ്ഥമാക്കിയ ഈ സംഭവം കാശ്മീരിലെ കുട്ടികള്‍ക്കുണ്ടാക്കിയ മാനസിക പ്രത്യാഘാതങ്ങള്‍ ചെറുതല്ല. കുട്ടികള്‍ക്ക് ഇതുവരെ യുദ്ധം നിര്‍മ്മിച്ച ഭയത്തിന്റെ പിടിയില്‍ നിന്നും വിട്ടുമാറാന്‍ കഴിഞ്ഞിട്ടില്ല.
ജമ്മു കശ്മീരിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതം ഇപ്പോള്‍ എങ്ങനെയാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഭീകരാക്രമണം അവര്‍ക്കൊരു വാര്‍ത്താ തലക്കെട്ട് മാത്രമായിരുന്നില്ല, സുരക്ഷാ ബോധത്തെയാക്കെ തകര്‍ത്തെറിഞ്ഞ സംഭവമായിരുന്നെന്ന് നമുക്ക് മനസ്സിലാവുക.
കണ്ണുകളില്‍ പ്രതീക്ഷയും ചിരിക്കുന്ന മുഖവുമുള്ള പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഐനൂര്‍. അവരുടെ അവസാന കുറച്ച് വര്‍ഷങ്ങളില്‍ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയതിനെ കുറിച്ച് പറയുന്നതിങ്ങനെയാണ്. ‘2021 മാര്‍ച്ചിനു ശേഷം, ഞങ്ങളുടെ സ്‌കൂളുകള്‍ 1500-ല്‍ അധികം ദിവസങ്ങള്‍ തുടര്‍ച്ചയായി തുറന്നിരുന്നു’ അവള്‍ അഭിമാനത്തോടെ പറഞ്ഞു. ഒരു സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുമെന്നും, പുതിയൊരു ജീവിതം കിട്ടുന്നതായും ഞങ്ങള്‍ കരുതിയിരുന്നു’.
അപ്പോഴേക്കുമാണ് ഏപ്രില്‍ 22ന് അത് സംഭവിച്ചത്. താഴ്വരകളില്‍ ഉടനീളം പൊട്ടിത്തെറിയുടെ ശബ്ദം, സൈറണ്‍ നിലവിളികള്‍, ഇരുട്ടു നിറഞ്ഞ വീടുകള്‍. എല്ലാ ഭയങ്ങളും തിരിച്ചെത്തി, ഐനൂര്‍ പറയുന്നു. ഇനി വീണ്ടും ആ ദിനങ്ങള്‍ തുടങ്ങുമോ? എന്ന് ആശങ്കയിലാണ് ഐനൂറിനെ പോലെ കാശ്മീരിലെ കുട്ടികള്‍.
സുരക്ഷിതമല്ലാത്ത വീടിനും തങ്ങളെ സ്വീകരിക്കാന്‍ തയ്യാറല്ലാത്ത ലോകത്തിനുമുടിയില്‍ അകപ്പെട്ടുപോയ ഒരു ജനതയുടെ വീര്‍പ്പുമുട്ടലുകളാണ് ഈ കേള്‍ക്കുന്നത്.
മറ്റൊരു 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹ്നാസ്, സയന്‍സ് പഠിക്കാന്‍ ആഗ്രഹിക്കുന്നവളാണ്. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ തന്റെ വിദ്യാഭ്യാസം വീണ്ടും മുടങ്ങാന്‍ ഇടയാക്കുമോ എന്ന് ഭയപ്പെടുകയാണിവള്‍.
കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുടങ്ങിപ്പോയ തങ്ങളുടെ വിദ്യാഭ്യാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭീകരാക്രമണം അരങ്ങേറിയത്. എല്ലാ കുട്ടികളുടെയും പോലെ ഞങ്ങളുടെ ജീവിതം എന്തുകൊണ്ട് സാധാരണ പോലെ ആകുന്നില്ല എന്ന് ഇവരുടെ ചോദ്യം നാം ഓരോരുത്തരോടും കൂടിയാണ്.
മെഡിക്കല്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന ഉഫാകും, കോളേജ് പ്രവേശനത്തിന് തയാറെടുക്കുന്ന സീനത്തും ഈ സമ്മര്‍ദ്ദം കാരണം അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ ആവുന്നില്ല എന്ന മാനസിക പ്രയാസത്തിലാണ്.
ബാരാവുള്ളയില്‍ നിന്നുള്ള റെയാന്റെ വാക്കുകളിലൂടെ നാലുദിവസത്തെ യുദ്ധസമാനമായ സംഘര്‍ഷം അവനെയും മറ്റു കുട്ടികളെയും ഞെട്ടിച്ചിരിക്കുകയാണെന്ന് മനസ്സിക്കാനാവും… ‘അത് കൂടുതല്‍ ദിവസം നീണ്ടിരുന്നെങ്കില്‍ എന്തായിരിക്കും?’ എന്ന ചോദ്യം അവന്റെ ഭയത്തെ ഏതൊരാള്‍ക്കും അനുഭവപ്പെടുത്തുന്നതാണ്
കശ്മീരില്‍ നിന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കു പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെടുന്ന വെല്ലുവിളികളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. മറ്റു പല നഗരങ്ങളിലായി അവര്‍ ആക്രമിക്കപ്പെടുകയും, ചിലര്‍ പരീക്ഷകള്‍ക്കിടെ വീട്ടിലേക്ക് തിരികെ പോകേണ്ടി വരുകയും ചെയ്തുവെന്നതും യാഥാര്‍ത്ഥ്യമാണ്.
ചിലരുടെ പ്രവൃത്തികള്‍ കാരണം ഒരു ജനതയാകെ ഭീഷണിക്കുള്ളിലാകുന്ന സാഹചര്യമാണ് കാശ്മീരിലെ കുട്ടികള്‍ തുറന്നു പറയുന്നത്. ജമ്മു കാശ്മീരില്‍ നിന്ന് പുറത്തു പഠിക്കാന്‍ ആഗ്രഹിക്കുന്ന നിക്കാല്‍ പറയുന്നത് അവളെ പറഞ്ഞയക്കാന്‍ അവളുടെ രക്ഷിതാക്കള്‍ക്ക് ഭയമാണ് എന്നാണ്. ‘ഞാന്‍ സുരക്ഷിത ആയിരിക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു’.
സയന്‍സ് വിദ്യാര്‍ത്ഥിയായ ഉസ്മാന്‍, ഉപരിപഠനത്തിനും സുരക്ഷിതത്വത്തിനുമായി വിദേശത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയായ കുബ്റ അതിനോട് വിയോജിക്കുന്നവളാണ്.’ സ്വന്തം കുടുംബം നാട്ടില്‍ അപകടത്തില്‍ പ്പെട്ടിരിക്കുമ്പോള്‍ എങ്ങനെയാണ് വിദേശത്ത് സമാധാനമായി ഇരിക്കാന്‍ കഴിയുക എന്നതാണ് അവളുടെ ചോദ്യം’. സുരക്ഷിതമല്ലാത്ത വീടിനും തങ്ങളെ സ്വീകരിക്കാന്‍ തയ്യാറല്ലാത്ത ലോകത്തിനുമുടിയില്‍ അകപ്പെട്ടുപോയ ഒരു ജനതയുടെ വീര്‍പ്പുമുട്ടലുകളാണ് ഈ കേള്‍ക്കുന്നത്.
ഓരോ കുട്ടികടേയും വാക്കുകളില്‍ നിന്ന് കാശ്മീരി ജനതയുടെ വിലാപമാണ് കേള്‍ക്കാനാവുന്നത്.
ജമ്മു കാശ്മീരിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച വൈഭവ് ജിന്ദാല്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഇന്ത്യയിലുടനീളമുള്ള കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതയിടങ്ങള്‍ ആവശ്യമാണ്. ബിസിനസ് സ്ഥാപനങ്ങള്‍, തദ്ദേശഭരണ വിഭാഗക്കാര്‍ എന്നിവര്‍ ഒത്തൊരുമിച്ച് താമസസ്ഥലങ്ങള്‍, വീടുകള്‍, ഹോസ്റ്റലുകള്‍ എന്നിവ കണ്ടെത്തി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത താമസസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ശ്രദ്ധിക്കണം. അതുവഴി സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന അവസരത്തില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി കഴിയാനാകും’.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൗണ്‍സലിംഗ് സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും അദ്ദേഹം ഊന്നിപറയുന്നുണ്ട്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് മാത്രമല്ല മാനസികമായ പിന്തുണ നല്‍കുന്നതിനും അധ്യാപകര്‍ക്ക് ഇവിടെയിനി പരിശീലനം നല്‍കേണ്ടതുണ്ട്.
കാശ്മീരിലെ ക്ലാസ് മുറികള്‍ തുറക്കുക മാത്രമല്ല, ഭയത്തില്‍ നിന്ന് മുക്തരാകാനുള്ള പദ്ധതികളും ഇവിടെ ഇപ്പോള്‍ അനിവാര്യമാണ്. സര്‍ഗാത്മകമായ വര്‍ക്ക് ഷോപ്പുകള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, നാടക സംരംഭങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്കുള്ളില്‍ കുമിഞ്ഞു കൂടിയ മൗനത്തെ ഇല്ലാതാക്കാനും ആഴത്തില്‍ പതിഞ്ഞ മുറിവുകളെ ക്രമേണ ഉണക്കാനും അവസരമൊരുക്കും.
മറ്റു പ്രദേശങ്ങളിലെ സമപ്രായക്കാരായ കുട്ടികളെ കാണുന്നതിനും സൗഹൃദം പങ്കെടുത്തതിനുള്ള അവസരം ഒരുക്കാനും സംഘര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു ലോകത്തെ കാണാനും ഇവിടുത്തെ കുട്ടികള്‍ക്ക് അവസരം ഒരുക്കേണ്ടതുണ്ട്.
ഞങ്ങളുടെ അച്ഛനമ്മമാര്‍ എപ്പോഴും ഭയത്തോടെ കഴിഞ്ഞ പഴയ അവസ്ഥയിലേക്ക് ഞങ്ങള്‍ക്ക് തിരിച്ചു പോകണ്ട എന്ന് ഐനൂറിന്റെ വാക്കുകള്‍ കാശ്മീരിലെ മുഴുവന്‍ കുട്ടികളുടേതുമാണ്. സ്വപ്‌നങ്ങളെ പിന്തുടരാനും, മറ്റുള്ളവരെ പോലെ ഈ രാജ്യത്തിന് സംഭാവനകള്‍ നല്‍കാനും ആഗ്രഹമുണ്ടെന്ന് ഈ കുട്ടി പറയുന്നത് ജീവിതത്തോടുള്ള പ്രതീക്ഷ കൊണ്ടാണ്.
ഓരോ കുട്ടികടേയും വാക്കുകളില്‍ നിന്ന് കാശ്മീരി ജനതയുടെ വിലാപമാണ് കേള്‍ക്കാനാവുന്നത്. ആതിഥേയത്വത്തിനും, ഊഷ്മളമായ പെരുമാറ്റത്തിലും പേരുകേട്ട മനുഷ്യരാണ് കാശ്മീരികള്‍. എന്നാല്‍ അവരുടെ പുഞ്ചിരിക്ക് പിന്നില്‍ നഷ്ടങ്ങളുടെ ചരിത്രം ഒളിച്ചിരിപ്പുണ്ട്. യുദ്ധം നിരപരാധികളെയാണ് വിഴുങ്ങുക എന്നതിനുള്ള തെളിവാണ് കശ്മീര്‍ ജനതയുടെ ജീവിതം.
ഉറി, പൂഞ്ച്, രജൗരി മേഖലകളിലെ ഷെല്ലാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെല്ലാം നിരപരാധികളാണ്. ക്ഷമ ബലഹീനതയല്ല, ശക്തിയാണെന്ന് യുദ്ധമുഖത്ത് ജീവിക്കുന്ന കശ്മീര്‍ ജനത വിളിച്ചു പറഞ്ഞു.
ഉള്‍പ്രദേശങ്ങില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ സ്മാര്‍ട്ട് ഫോണും ടെലിവിഷനും വഴി രാജ്യമൊട്ടാകെ പ്രചരിക്കുമ്പോള്‍ തങ്ങളുടെ രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും എന്ന് ഭയപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീനഗറില്‍ നിന്നുള്ള ജാസ.
സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താനും, നിര്‍ഭയമായി ജീവിക്കാനും അധികാരികള്‍ ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ ജനതയോട് ഈ രാജ്യത്തിന്റെ മുഴുവന്‍ സഹാനുഭൂതി ലഭിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുകയും വേണം. ഇവരും നമ്മോടൊപ്പമുള്ള ജനതയാണെന്ന് അംഗീകരിക്കാന്‍ കഴിയണം.
നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി നമ്മള്‍ ആഗ്രഹിക്കുന്ന കെട്ടുറപ്പും സ്ഥിരതയുമുള്ള ഒരു ജീവിതം ഇവിടുത്തെ കുട്ടികളും അര്‍ഹിക്കുന്നുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസവും, സാമൂഹ്യ ബന്ധങ്ങളും ഉറപ്പുവരുത്താന്‍ കഴിയുകയും അതിലൂടെ സാമൂഹ്യ ജീവിയായി വളരാനുള്ള സാഹചര്യം ഒരുക്കാനും, ഇവിടുത്തെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും, അവര്‍ ഒറ്റയ്ക്കില്ലെന്ന് ബോധ്യപ്പെടുത്താനും നമുക്ക് ഉത്തരവാദിത്വമുണ്ട്.
1990ലെ ഐക്യാരാഷ്ട്ര സഭയുടെ ബാലാവകാശ കണ്‍വെന്‍ഷന്‍ പ്രകാരം കുട്ടികളെ കേള്‍ക്കേണ്ടത് അവരുടെ അവകാശമാണ് എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കാശ്മീരിലെ കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കേള്‍ക്കാനും, സന്തോഷത്തോടെയും, സമാധാനത്തോടെയും പഠിക്കാനും, സ്വപ്‌നം കാണാനും ഈ രാജ്യത്ത് ജീവിക്കാനും, അവസരങ്ങളും അവകാശങ്ങളും ഉറപ്പുവരുത്താനും ഇന്ത്യന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
പഹല്‍ഗാം അക്രമണം ഒരു ദേശീയ ദുരന്തമായിരുന്നു. ഓപ്പറേഷന്‍ സിന്ധൂര്‍ എന്ന തിരിച്ചടി കൊണ്ടുമാത്രം പരിഹരിക്കപ്പെടുന്ന ഒരു ദുരന്തമല്ല കാശ്മീരില്‍ ഉണ്ടായത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് തിരിച്ചടി കൊണ്ട് പരിഹാരമുണ്ടാക്കിയിട്ടുണ്ടാവാം. എങ്കിലും കശ്മീരിലെ കുട്ടികളുടെ മനസ്സിലുണ്ടായ സംഘര്‍ഷം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല.
ഞങ്ങളുടെ അച്ഛനമ്മമാര്‍ എപ്പോഴും ഭയത്തോടെ കഴിഞ്ഞ പഴയ അവസ്ഥയിലേക്ക് ഞങ്ങള്‍ക്ക് തിരിച്ചു പോകണ്ട എന്ന് ഐനൂറിന്റെ വാക്കുകള്‍ കാശ്മീരിലെ മുഴുവന്‍ കുട്ടികളുടേതുമാണ്.
കേരളത്തിലെ കുട്ടികള്‍ ആഹ്ലാദത്തോടെ സ്‌കൂളുകളിലേക്ക് പോകുന്ന ഈ സമയത്ത് കശ്മീരിലെ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കൂടി ചര്‍ച്ചയാവണം. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കുട്ടികള്‍ കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലേക്ക് ചുവടെടുത്തു വയ്ക്കുമ്പോള്‍ വടക്കേ അറ്റത്തുള്ള കാശ്മീരിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭാവി ജീവിതവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മറ്റൊരു ഓപ്പറേഷന് അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയും കൂടി വേണമെന്ന ആവശ്യമുയര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന പ്രതിജ്ഞ എടുക്കുന്നതിനോടൊപ്പം നമുക്ക് ലഭ്യമാകുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസവും, സന്തോഷവും സമാധാനവും നിറഞ്ഞ ജീവിത സാഹചര്യവും ഇന്ത്യയിലെ നമ്മളുടെ സഹോദരങ്ങളായ എല്ലാ കുട്ടികള്‍ക്കും ലഭ്യമാകണമെന്ന ഒരുപാഠം കൂടി നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാനായാല്‍ സമത്വസുന്ദരമായ ഒരു രാഷ്ട്ര നിര്‍മാണത്തിനുള്ള ഏറ്റവും നിര്‍ണായകമായ ഒരു അറിവു നിര്‍മ്മാണ പ്രക്രിയയാകും.
റഫറന്‍സ് – ജമ്മു & കശ്മീരിലും ഇന്ത്യയിലുടനീളവും കുട്ടികളുടെയും യുവാക്കളുടെ വിദ്യാഭ്യാസ നവീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒയാസിസ് മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായ ശ്രീമതി ഷീബ നായര്‍ കാശ്മീര്‍ ഒബ്‌സര്‍വര്‍ എന്ന പത്രത്തില്‍ എഴുതിയ ലേഖനം
content highlights: When schools open in Kerala, where are the children of Kashmir! what are you doing