പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ വാഴ്ത്തി മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്.
കതിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ലാലുപ്രസാദ് യാദവ് ഭരിച്ചിരുന്ന കാലത്ത് ആര്‍.എസ്.എസ് ബീഹാറില്‍ കാലുകുത്താന്‍ പോലും ഭയന്നിരുന്നെന്ന് തേജസ്വി യാദവ് പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും കീഴില്‍ ആര്‍.ജെ.ഡി ഭരണകാലത്ത് ബീഹാറില്‍ വരാന്‍ പോലും ആര്‍.എസ്.എസ് ഭയന്നിരുന്നു. സംസ്ഥാനത്തെ സഹോദരങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ധൈര്യപ്പെട്ടിരുന്നില്ലെന്നും തേജസ്വി പറഞ്ഞു.
ആര്‍.ജെ.ഡി ഒരിക്കലും ആര്‍.എസ്.എസിന് മുന്നില്‍ മുട്ടുകുത്തിയില്ല. ലാലു പ്രസാദ് യാദവ് എപ്പോഴും ബിജെപിയോട് പോരാട്ടം കാഴ്ച വെച്ചു. ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വവും അത് പിന്തുടരുന്നു.
ബി.ജെ.പി ആരെയെങ്കിലും ഭയപ്പെടുന്നുവെങ്കിലത് ലാലു പ്രസാദ് യാദവിനെയാണ്. അവര്‍ കൊണ്ടുവന്ന വഖഫ് നിയമം ഇല്ലാതാക്കുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും തേജസ്വി വ്യക്തമാക്കി.
അതേസമയം, മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ മുഖ്യമന്ത്രിയായ തേജസ്വി യാദവ് ഇത്തവണ മൂന്നാംവട്ട വിജയം ലക്ഷ്യമിട്ടാണ് ബീഹാര്‍ തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്.
ഇത്തവണ ആര്‍.ജെ.ഡി അധികാരത്തില്‍ വന്നാല്‍ വഖഫ് ബില്‍ ചവറ്റുകുട്ടയില്‍ എറിയുമെന്നും തേജസ്വി പറഞ്ഞു. വഖഫ് ബില്ലിനെതിരായ നയങ്ങളാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധം.
Content Highlight: When RJD was in power, RSS was afraid to come in Bihar: Tejashwi Yadav