തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സംസ്ഥാന തദ്ദേശസ്വയംഭരണ/എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വെല്ലുവിളി.
സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി 2004ലാണ് ശബരിമലയില്‍ കയറിയത്. അന്ന് കോണ്‍ഗ്രസ് നേതാവായ കെ.സി. വേണുഗോപാലായിരുന്നു ദേവസ്വം മന്ത്രിയെന്നും എം.ബി. രാജേഷ് പറഞ്ഞു.
ആരോപണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ‘പോറ്റിയെ കേറ്റിയെ’ എന്നായിരുന്നു യു.ഡി.എഫിന്റെ പാട്ട്. ഇപ്പോള്‍ അത് മറന്നുവോയെന്നും ചോദ്യമുണ്ട്.
ഇന്ത്യയില്‍ ഏറ്റവും സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. അതുസംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത് കൊണ്ടാകാം ഈ വിഷയത്തില്‍ നിന്ന് യു.ഡി.എഫ് പിന്നാക്കം പോകുന്നതെന്നും മന്ത്രി പറഞ്ഞു.
പോറ്റി ഒരു എല്‍.ഡി.എഫ് നേതാവിന്റെയും വീട്ടില്‍ കയറിയിട്ടില്ല. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും അന്വേഷണം നടത്തുന്ന എസ്.ഐ.ടിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. ആ ആരോപണം തെറ്റാണെന്ന് കോടതി തന്നെ പറഞ്ഞു. അതോടെ കോണ്‍ഗ്രസ് മൗനത്തിലായെന്നും എം.ബി. രാജേഷ് പറഞ്ഞു.
പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടത് സര്‍ക്കാരാണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ സമാനമായി പ്രതികരിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്നലെ (ബുധന്‍) വീണ്ടും തള്ളിയിരുന്നു. രണ്ട് കേസുകളിലെയും ജാമ്യഹരജിയാണ് കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്.
റിമാന്‍ഡിലായിട്ട് 90 ദിവസം കഴിഞ്ഞുവെന്നായിരുന്നു പോറ്റിയുടെ വാദം. എന്നാല്‍ പോറ്റിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും എസ്.ഐ.ടി വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിച്ചത്.
Content Highlight: When Potty entered Sabarimala in 2004, K.C. Venugopal was the Devaswom Minister: M.B. Rajesh