പ്രമുഖ ഹിന്ദി മാധ്യമ പ്രവർത്തകനായ രവീഷ് കുമാർ സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ പ്രശ്നങ്ങളും ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്ന പത്ര പ്രവർത്തകനാണ്. 2022 ൽ അദാനി എൻ.ഡി.ടി.വി ഏറ്റെടുത്തതോടെയായിരുന്നു ചാനലിന്റെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന രവീഷ് കുമാർ രാജിവെച്ചൊഴിഞ്ഞത്.
അധികാരസ്ഥാനത്തിരിക്കുന്നവരോട് ചോദ്യങ്ങൾ ഉന്നയിക്കാനും കേൾക്കപ്പെടാത്തവരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിലെത്തിക്കാനും രവീഷ് കാണിച്ച ധീരവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായിരുന്നു 2019-ൽ അദ്ദേഹത്തിന് ലഭിച്ച രമൺ മഗ്സസെ പുരസ്കാരം.
രവീഷ് കുമാർ എൻ.ഡി.ടി.വിയിൽ പ്രവർത്തിച്ചിരുന്ന സമയം
ദൽഹിയിലെ യുവജനപ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ Ravish Kumar Official എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം അവതരിപ്പിച്ച സംപ്രേഷണം കണ്ടപ്പോൾ, ആ മാധ്യമദൗത്യത്തിന്റെ ഇന്നത്തെ പ്രസക്തിയെക്കുറിച്ചാണ് ഞാൻ ആലോചിച്ചത്.
യൂട്യൂബും ഇൻസ്റ്റഗ്രാമും വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന വേദികളായി മാറിയിരിക്കുന്നു. രവീഷ് കുമാർ, ഫെയ് ഡിസൂസ, ധ്രുവ് റാഠി തുടങ്ങിയവരുടെ അവതരണങ്ങൾക്കു ലഭിക്കുന്ന പ്രേക്ഷകശ്രദ്ധ ഈ മാറ്റത്തിന്റെ സൂചനയാണ്.
രവീഷ് കുമാർ എന്ന മാധ്യമ പ്രവർത്തകൻ തന്റെ ചാനലിലൂടെ ജന്തർ മന്ദർ പ്രക്ഷോഭത്തിന്റെ വാർത്ത അവതരിപ്പിച്ച രീതി ശ്രദ്ധേയമായിരുന്നു. പ്രതിഷേധക്കാരെ തടങ്കലിൽ വെച്ചതിന്റെ പ്രതീകമെന്നോണം സ്വയം ഒരു ‘തടങ്കൽപ്പുര’ സൃഷ്ടിച്ച്, ആ ദൃശ്യപശ്ചാത്തലത്തിൽ നിന്നുകൊണ്ട് വാർത്ത അവതരിപ്പിക്കുന്ന രീതി , അത് വെറുമൊരു ടെക്നിക്കല്ല. അത് ഒരു പ്രതിരോധമാണ്.
വാർത്ത പറയാൻ പോലും സ്വാതന്ത്ര്യം ഇല്ലാതാകുന്ന ഒരു കാലത്ത്, വാർത്ത പറയുന്നതിന്റെ രീതി തന്നെ ഒരു രാഷ്ട്രീയ പ്രസ്താവനയായി മാറുന്ന അവസ്ഥ.
ഡിറ്റെൻഷൻ ബസുകളിൽ നിന്നുള്ള നേഹ ബോറയുടെ വീഡിയോ, പ്രതിഷേധക്കാരെ ഉറക്കത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന വിവരണങ്ങൾ, പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച ദൃശ്യങ്ങൾ ഇവയെല്ലാം ആ ലൈവിൽ ഇടം പിടിച്ചു. ദൽഹിയിലെ മുഖ്യധാര മാധ്യമങ്ങൾ ഇതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ കണ്ണടക്കുകയായിരുന്നു.
അഴികളും കസ്റ്റഡിയെക്കുറിച്ചുള്ള തലക്കെട്ടുകളും തടങ്കലിനെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങളും ചേർന്ന രവീഷിന്റെ ആ അവതരണം ഒരു പ്രത്യേക അനുഭവമാണ് നൽകുന്നത്. ഒരു തടങ്കൽപ്പാളയത്തിൽനിന്ന് വാർത്ത കേൾക്കുന്നതുപോലുള്ള അനുഭവം.
മനുഷ്യർക്കൊപ്പം വാർത്തകളും അടച്ചിടപ്പെടുന്ന സാഹചര്യത്തെ അത് ഓർമിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് പറയുന്നതിനൊപ്പം, ഏതുതരം കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ആ ചിന്തയാണ് ഈ അവതരണത്തെ ഇന്നത്തെ സാഹചര്യത്തിൽ ശ്രദ്ധേയമാക്കുന്നത്.
ഇന്ത്യൻ മാധ്യമരംഗത്ത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു ശാന്തമായ കൂട്ടക്കൊലയാണ്. വാർത്തകളെ കൊല്ലുന്ന കൂട്ടക്കൊല. ഭരണകൂടത്തിന് അസൗകര്യമുണ്ടാക്കുന്ന ഓരോ വാർത്തയും ജനിക്കുന്നതിനു മുമ്പേ ശ്വാസം മുട്ടിക്കപ്പെടുന്നു.
ടെലിവിഷൻ ന്യൂസ്റൂമുകൾ ഗവൺമെന്റ് പി.ആർ ഏജൻസികളായി മാറിക്കഴിഞ്ഞു. പ്രൈം ടൈം ചർച്ചകൾ സർക്കാർ നയങ്ങളുടെ ന്യായീകരണ വേദികളായി. ഇന്റർവ്യൂകൾ സ്തുതിഗീതങ്ങളായി. ഈ മാറ്റം ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. വർഷങ്ങളായി, സാവധാനം, ആസൂത്രിതമായി നടപ്പാക്കിയ ഒരു പദ്ധതിയാണിത്.ഈ സന്ദർഭത്തിൽ രവീഷിന്റെ അവതരണ രീതി ശ്രദ്ധേയമായത് അത് കൊണ്ടാണ്.
ദൽഹിയിലെ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഈ ഉത്തരവാദിത്വത്തിന് വലിയ പ്രസക്തിയുണ്ട്. ഒക്ടോബർ പത്തിന് രണ്ടായിരത്തിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജന്തർമന്തറിലെ പ്രതിഷേധം തടയാൻ വലിയ സുരക്ഷാവിന്യാസവും നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത, ആശയവിനിമയ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.
തടങ്കലിനെ ഓർമിപ്പിക്കുന്ന രീതിയിൽ രവീഷ് കുമാർ ചെയ്ത വീഡിയോ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള ആരോപണങ്ങളായിരുന്നു പ്രതിഷേധത്തിന്റെ പശ്ചാത്തലം. ജനങ്ങളുടെ ആശങ്കകൾക്ക് വിശ്വസനീയമായ വിശദീകരണം നൽകാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകാത്തത് സംശയങ്ങൾ വർധിപ്പിക്കുകയും ജനങ്ങളുടെ വിശ്വാസം തകരുകയും ചെയ്യുന്നു.
ഒരു പൗരൻ തെരുവിലിറങ്ങുന്നത് പലപ്പോഴും മറ്റു വഴികളിലൂടെ പറഞ്ഞ കാര്യങ്ങൾ കേൾക്കപ്പെടാതെ വരുമ്പോഴാണ്. പരാതിപ്പെട്ടിട്ടും ഫലമില്ലാതാകുമ്പോഴാണ്.
വിശദീകരണം ചോദിച്ചിട്ടും മറുപടി ലഭിക്കാതിരിക്കുമ്പോഴാണ് . അങ്ങനെയുള്ള ഒരാളെ ഒരു സുരക്ഷാഭീഷണിയായി മാത്രം കാണുമ്പോൾ അയാൾക്ക് പറയാനുള്ള കാര്യം കേൾക്കാതെ പോകുന്നു.
മാധ്യമങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ഭരണകൂടത്തിന് ഇന്റർനെറ്റിനെ പൂർണമായി നിയന്ത്രിക്കുക എളുപ്പമല്ല. ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ വലിയ സ്റ്റുഡിയോ ആവശ്യമില്ല. ഒരു ഫോണും ഇന്റർനെറ്റ് കണക്ഷനും മതി. അതുകൊണ്ടാണ് രവീഷിനെപ്പോലുള്ളവർക്ക് പ്രതീകാത്മകമായ ഒരു തടങ്കൽപ്പുരയിൽ ഇരുന്നുപോലും വാർത്തകൾ ജനങ്ങളിലെത്തിക്കാൻ കഴിയുന്നത്.
തടങ്കൽ ബസുകൾക്കുള്ളിൽനിന്ന് നേഹ ബോറ ചിത്രീകരിച്ച ദൃശ്യങ്ങളും ഇതിന് ഉദാഹരണമാണ്. ജാലകങ്ങളിലെ വലകൾ, അകത്തെ നാല് ചെറിയ സെല്ലുകൾ, ശ്വാസംമുട്ടിക്കുന്ന തിരക്ക് ; തടങ്കലിന്റെ ഈ കാഴ്ചകൾ ലോകത്തിനു മുന്നിലെത്തിച്ചത് ഓൺലൈൻ മാധ്യമങ്ങളാണ്. ടെലിവിഷൻ വാർത്തകളിൽ ഇടം ലഭിക്കാത്ത അനുഭവങ്ങൾക്കും ശബ്ദങ്ങൾക്കും ഇത്തരം വേദികൾ ഇടം നൽകുന്നു.
എന്നാൽ, ഓൺലൈൻ ലോകവും സുരക്ഷിതമല്ല. ഇന്റർനെറ്റ് ഷട്ട്ഡൗൺ ഒരു ആയുധമായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു. ഐടി ആക്ട് ഉപയോഗിച്ച് കേസെടുക്കുന്നു. യുഎപിഎ പ്രയോഗിക്കുന്നു.
ധ്രുവ് റാഠിയെ ഉറക്കത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന പൊലീസ്, അഭിജിത്തിനെയും ആശുതോഷിനെയും എയർപോർട്ടിൽ നിന്ന് തടയുന്ന സംവിധാനം , ഇവ ഭരണകൂടം ഓൺലൈൻ മാധ്യമങ്ങളോടും ഒരേ സമീപനം സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്.
പ്രതിഷേധിക്കുക എന്നത് ഒരു മൗലികാവകാശമാണ്. വാർത്ത റിപ്പോർട്ട് ചെയ്യുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ധർമമാണ്. സുപ്രീം കോടതി ഉത്തരവുകൾ ഉണ്ടായിട്ടും എണ്ണായിരത്തോളം ആളുകളെ തടങ്കലിൽ വെക്കുന്ന ഒരു ഭരണകൂടം, അതിന്റെ ജനാധിപത്യ മുഖംമൂടി ഊരിക്കഴിഞ്ഞു എന്നതിന്റെ സാക്ഷ്യമാണ് നൽകുന്നത്.
ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൺബെർഗിനെ പോലുള്ള അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും, ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്ന തിരക്കിലാണ്.
ഇതാണ് വാർത്തകളുടെ തടങ്കൽ. പത്രപ്രവർത്തകരുടെ മാത്രമല്ല, വാർത്തകളുടെ തന്നെ തടങ്കൽ. ഒരു ജനതയുടെ അറിയാനുള്ള അവകാശത്തിന്റെ തടങ്കൽ. ഭരണകൂടം ഭയക്കുന്നത് പ്രതിഷേധക്കാരെയല്ല, വാർത്തകളെയാണ്. കാരണം, വാർത്ത സത്യമാണ്. സത്യത്തെ ഭരണകൂടം ഭയക്കുന്നു.
വാർത്തകളെ തടഞ്ഞുവെച്ചാൽ ദുരിതങ്ങൾ ഇല്ലാതാകില്ല. പ്രതിഷേധങ്ങളെ അടിച്ചമർത്തിയാൽ ജനങ്ങളുടെ ചോദ്യങ്ങളും അവസാനിക്കില്ല. അവ പുറത്തറിയാതെ കുറച്ചുകാലം തുടരാം എന്നുമാത്രം.
അത്തരം കാലത്ത് മനുഷ്യരുടെ അനുഭവങ്ങൾ പൊതുസമൂഹത്തിലെത്തിക്കുന്ന ഓരോ ശ്രമത്തിനും വിലയുണ്ട്. രവീഷ് കുമാറിന്റെ അവതരണം നമ്മെ ഓർമിപ്പിക്കുന്നതും അതാണ്. ഭയപ്പെടുന്നവരുടെ ശബ്ദം പുറത്തേക്കെത്തണം. ചോദ്യങ്ങൾക്ക് മറുപടി ലഭിക്കണം.
ജനാധിപത്യത്തിൽ മനുഷ്യർക്കൊപ്പം വാർത്തകൾക്കും സ്വാതന്ത്ര്യം വേണം. ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല; നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്വമാണ്.
Content Highlight:When News Is Held Captive