| Sunday, 31st August 2025, 7:39 am

ഞാനും മോഹൻലാലും ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അദ്ദേഹത്തെ: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാളികൾ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും കാണുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാടിന്റേത്. കുറുക്കന്റെ കല്ല്യാണം മുതൽ ഇപ്പോഴിതാ പുറത്തിറങ്ങിയ പുതിയ ചിത്രം ഹൃദയപൂർവ്വം വരെ നീളുന്നു ആ കൂട്ടുകെട്ട്.

ഒരുകാലത്ത് മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നുപറഞ്ഞാൽ തിയേറ്ററിൽ ആള് നിറയുമായിരുന്നു. അതിലേക്ക് ശ്രീനിവാസനും കൂടി കടന്നുവന്നപ്പോൾ ബോക്സ് ഓഫീസ് വിജയം ആവർത്തിച്ചു. ഇപ്പോൾ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

‘ഞാനും മോഹൻലാലും ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശ്രീനിവാസനെത്തന്നെയാണ്. ടി.പി.ബാലഗോപാലൻ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ടുകെട്ട്. സിനിമയിൽ എന്റെ പാത ഏതാണെന്ന് മനസിലാക്കിത്തന്നയാളാണ് ശ്രീനിവാസൻ. നാടോടിക്കാറ്റും സന്ദേശവും വരവേൽപ്പുമൊക്കെ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമകളാണ്.

ശ്രീനിയുടെ പല സംഭാഷണങ്ങളും പഴഞ്ചൊല്ലുപോലെ മലയാളി പറയാറുണ്ട്. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ ഇതൊക്കെ മലയാളിയുടെ മനസിൽ പതിഞ്ഞുപോയ സംഭാഷണങ്ങളാണ്,’ സത്യൻ അന്തിക്കാട് പറഞ്ഞു.

മുളന്തുരുത്തിയിൽ ഹൃദയപൂർവ്വത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഒരുദിവസം ശ്രീനിവാസൻ ലൊക്കേഷനിൽ വന്നിരുന്നെന്നും വളരെ വൈകാരികമായ നിമിഷമായിരുന്നു അതെന്നും സത്യൻ അന്തിക്കാട് പറയുന്നു.

മോഹൻലാൽ തന്നെയും ശ്രീനിവാസനെയും ചേർത്തുപിടിച്ചുവെന്നും തങ്ങൾ ഒരുമിച്ച് ചെയ്ത ചിത്രങ്ങൾ ഒരു ഫ്‌ലാഷ് ബാക്ക് പോലെ മനസിൽ തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോഹൻലാലിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. ശ്രീനിവാസൻ എന്ന സുഹൃത്തില്ലായിരുന്നെങ്കിൽ, എഴുത്തുകാരനില്ലായിരുന്നെങ്കിൽ ഇത്രയേറെ നല്ല സിനിമകൾ എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു,’ സത്യൻ അന്തിക്കാട് പറയുന്നു.

ശ്രീനിയോടൊപ്പം തിരക്കഥാ ചർച്ചയ്ക്ക് ഇരിക്കുമ്പോൾ പഠിച്ച പാഠങ്ങൾ തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്നും താൻ സ്വന്തമായി തിരക്കഥ എഴുതിയപ്പോഴും മറ്റ് എഴുത്തുകാരുടെ രചനകൾ സിനിമയാക്കിയപ്പോഴും തന്നെ അത് സഹായിച്ചിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: When Mohanlal and I are together, I miss Sreenivasan the most says Sathyan Anthikad

We use cookies to give you the best possible experience. Learn more