മോഹൻലാൽ എന്ന നടന്റെ സിനിമായാത്ര തുടക്കം മുതൽ കണ്ട സംവിധായകരിലൊരാളാണ് സിബി മലയിൽ. കിരീടം, ദേവദൂതൻ, ചെങ്കോൽ, കമലദളം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിങ്ങനെ ഇരുവരും ചേർന്ന് ഒരുപിടി നല്ല ചിത്രങ്ങൾ മലയാളി സിനിമാ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.
‘ഒരു സംവിധായകനെ സംബന്ധിച്ച്, വരാൻപോകുന്ന ഷോട്ടിനെപ്പറ്റി ഏതറ്റം വരെയും സങ്കല്പിക്കാൻ അവസരം തരുന്ന നടനാണ് മോഹൻലാൽ.
വിസ്മയിപ്പിക്കുന്ന ഒരുപാട് നിമിഷങ്ങൾ ലാലിൽ നിന്നുണ്ടായിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആ നിമിഷങ്ങളെ നോക്കിക്കണ്ടപ്പോഴുണ്ടായ അനുഭൂതി അത്രയെളുപ്പത്തിൽ വർണിക്കാനാവുന്നതല്ല. ലാലിലെ പ്രതിഭയെ കണ്ടറിഞ്ഞ നിമിഷങ്ങളെ ഓർത്തെടുക്കാൻ പറഞ്ഞാൽ, അവസാനമില്ലാത്ത ഓർമകളാവും ഒപ്പം പോരുക. അത് പറഞ്ഞാൽ തീരില്ല,’ സിബി മലയിൽ പറഞ്ഞുതുടങ്ങി.
ഭരതം എന്ന ചിത്രത്തിൽ കാണാതായ ചേട്ടനെ അന്വേഷിച്ചിറങ്ങുകയാണ് മോഹൻലാലിന്റെ കഥാപാത്രം. വാഹനമിടിച്ച് വഴിയിലെവിടെയോ കിടന്ന അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു.
മരിച്ചയാൾ തന്റെ സഹോദരനാണോ എന്നാണ് അയാൾക്ക് അറിയേണ്ടത്. മരണസമയത്ത് അയാളുടെ ശരീരത്തിലുണ്ടായ വസ്ത്രങ്ങളും ചെരുപ്പും മാത്രമാണ് അയാൾ തന്നെയാണോ എന്ന് ഉറപ്പിക്കാനുള്ള അടയാളങ്ങൾ.
അത്രമേൽ വൈകാരികമായ രംഗം. അതിൽ ഭയവും ജേഷ്ഠൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയും ഇടകലർന്നൊരു ഷോട്ടാണ് വേണ്ടതെന്ന ഒറ്റ നിർദേശം മാത്രമാണ് താൻ മോഹൻലാലിനോട് പറഞ്ഞതെന്നും സിബി മലയിൽ പറയുന്നു.
എന്നാൽ മോഹൻലാൽ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെപ്പറ്റി തനിക്കറിയില്ലായിരുന്നെന്നും ലാൽ അഭിനയിച്ച് കാണിച്ചപ്പോൾ ക്യാമറയ്ക്ക് പിന്നിൽ നിന്ന തന്റെ കണ്ണുകളും നിറഞ്ഞുവെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
തനിക്കപ്പോൾ കട്ട് പറയാനുള്ള ധൈര്യമുണ്ടായിട്ടില്ലെന്നും അഭിനയത്തിന്റെ അമൂല്യ നിമിഷങ്ങൾ നഷ്ടപ്പെട്ട് പോകുമോയെന്ന ഭയം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: When Mohanlal acted in that scene, my eyes filled up even while standing behind the camera says Sibi Malayil