| Friday, 7th June 2019, 8:49 pm

നേതൃത്വം പ്രവര്‍ത്തനക്ഷമമായില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങളെക്കുറിച്ച് വീരപ്പ മൊയ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉടന്‍ തിരിച്ച് വന്ന് പാര്‍ട്ടിയിലെ തീ അണയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വീരപ്പമൊയ്‌ലി. കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാന യൂണിറ്റുകളില്‍ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമാവുകയും, കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വീരപ്പ മൊയ്‌ലിയുടെ പ്രതികരണം.

‘പാര്‍ട്ടിയെക്കുറിച്ച് ഞങ്ങളെല്ലാം ആശങ്കാകുലരാണ്’- തെലങ്കാനയിലേയും മഹാരാഷ്ട്രയിലേയും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മൊയ്‌ലി പറയുന്നു. കോണ്‍ഗ്രസിന്റെ പഞ്ചാബ്, മഹാരാഷ്ട്ര യൂണിറ്റുകളിലും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ട്. ‘പാര്‍ട്ടി നേതൃത്വം കാര്യക്ഷമമല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും’- ഇത് ചൂണ്ടിക്കാട്ടി മൊയ്‌ലി പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി രാജി വെക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഏകകണ്‌ഠേന അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രാജി തീരുമാനം രാഹുല്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.

‘നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുന്ന പകരക്കാരനെ നിയമിക്കുന്നത് വരെ, രാഹുല്‍ അധ്യക്ഷസ്ഥാനം ഇട്ടിട്ടുപോകാന്‍ പാടില്ലെന്ന് ഞാന്‍ കരുതുന്നു’- മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായ മൊയ്‌ലി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

കോണ്‍ഗ്രസിന് ആത്മവിശ്വാസവും, ആവേശവും, പ്രസരിപ്പും നല്‍കേണ്ട സമയമാണിതെന്നും മൊയ്‌ലി ഓര്‍മിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ കോണ്‍ഗ്രസ് തളരരുതെന്നും, പാര്‍ട്ടി ഭാവിയില്‍ തിരിച്ചു വരുമെന്നും മൊയ്‌ലി പറഞ്ഞു.

We use cookies to give you the best possible experience. Learn more