| Monday, 8th September 2025, 9:17 am

പഴയ സിനിമകൾ കാണുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും; കുട്ടിക്കളി പോലെ ചെയ്തത്: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അനുഗ്രഹീതയായ അഭിനേത്രിയാണ് ഉർവശി. തെന്നിന്ത്യയിൽ തന്നെ ഉർവശിക്ക് പകരക്കാരുണ്ടാകില്ല എന്ന് വേണം പറയാൻ. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവർ നേടിയിട്ടുണ്ട്.

ഇപ്പോൾ തന്റെ പഴയസിനിമകൾ കാണുമ്പോൾ കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് നടി പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉർവശി.

‘എന്റെ പഴയ സിനിമകളൊന്നും എനിക്ക് തിയേറ്ററിൽ പോയി കാണാൻ പറ്റിയിട്ടില്ല. അന്ന് ചെന്നൈയിലാണ് പ്രിവ്യൂ ഷോയിടുന്നത്. അപ്പോൾ നമ്മളേതെങ്കിലും ഷൂട്ടിങ്ങിലായിരിക്കും. സാറ്റലൈറ്റ് ചാനൽസ് വന്നതോടുകൂടിയാണ് സിനിമകൾ കാണാൻ തുടങ്ങിയത്.

അപ്പോൾ പോലും ഞാൻ ചെയ്ത പല സിനിമകളും ഞാൻ കാണാത്തതുണ്ട്. എനിക്കെന്റെ സിനിമകൾ കാണുമ്പോൾ തോന്നുന്നത് ബാലിശമായി പോയി, കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്നാണ്. അന്ന് വെറുതെ കുട്ടിക്കളി പോലെ ചെയ്തത് അല്ലെ എന്ന് തോന്നും,’ ഉർവശി പറയുന്നു.

അന്ന് സിനിമയിൽ അഭിനയിച്ച പലരും ഇന്ന് ജീവനോടെയില്ലെന്നും ജീവിതത്തിലും ഒരുപാട് പേർ വേർപിരിഞ്ഞ് പോയെന്നും ഉർവശി കൂട്ടിച്ചേർത്തു. ഇനിയാര് എന്ന ചോദ്യം വരുമെന്നും മരണം എന്നുപറയുന്നത് മനുഷ്യസഹജമാണെന്നും നടി പറഞ്ഞു.

ഹ്യൂമറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് അറിയുമോയെന്നും ഉർവശി ചോദിക്കുന്നു. കോമഡിക്ക് അതിന്റെതായ സ്ഥാനം കൊടുക്കണമെന്നും ഇന്നത്തെ തലമുറ വളരെ മിടുക്കരായിട്ടും അപ്‌ഡേറ്റഡായിട്ടും നിൽക്കുന്നവരാണെന്നും ഉർവശി പറഞ്ഞു.

എന്നാൽ, ഹ്യൂമർ എന്നുപറയുന്നതിന്റെ പ്രാധാന്യം അറിഞ്ഞ് അവർ സിനിമ ചെയ്യുന്നുണ്ടോയെന്ന് തനിക്കറിയില്ലെന്നും ഹ്യൂമർ പലതരത്തിലുണ്ടെന്നും മ്യൂസിക്കിന് വരെ ഹ്യൂമറുണ്ടെന്നും പറഞ്ഞ ഉർവശി, അതുകൊണ്ടാണ് ഇപ്പോഴും അത് കേൾക്കുമ്പോൾ കോമഡിയായിട്ട് തോന്നുന്നതെന്നും കൂട്ടിച്ചേർത്തു. ഹ്യൂമറിന് അതിന്റേതായ പ്രാധാന്യം പുതുതലമുറ കൽപ്പിക്കുന്നുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നും നടി പറയുന്നു,

Content Highlight: When I watch old movies, I feel like they could have been done a little better says Urvashi

We use cookies to give you the best possible experience. Learn more