മലയാളത്തിലെ സൂപ്പര്‍താരമായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടനു തിരക്കഥാകൃത്തുമായ എം.ബി പദ്മകുമാര്‍. മലയാള സിനിമയില്‍ തനിക്ക് ഏറെ ആരാധനയും കടപ്പാടുമുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് പദ്മകുമാര്‍ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
തന്നെ സിനിമകളില്‍ റെക്കമെന്‍ഡ് ചെയ്ത വ്യക്തി മമ്മൂക്കയാണെന്നും നാഷണല്‍ അവാര്‍ഡ് ജൂറിയായി താന്‍ ചെന്നപ്പോള്‍ ആ ലിസ്റ്റില്‍ ആദ്യം നോക്കിയത് നന്‍പകല്‍ നേരത്ത് മയക്കം ഉണ്ടോ എന്നാണെന്നും അത് കാണാതിരുന്നപ്പോള്‍ തകര്‍ന്നുപോയെന്നും എം.ബി പദ്മകുമാര്‍
പറഞ്ഞു.
‘ലോഹി സാര്‍ മരിച്ച അന്ന് ഞാനൊരു റൈറ്റ് അപ്പ് എഴുതിയിരുന്നു. മമ്മൂട്ടിസാറിനാണ് ഞാന്‍ അത് മെയില്‍ ചെയ്തത്. അടുത്തയാഴ്ച ചിത്രഭൂമിയില്‍ അത് വന്നു. അത് അദ്ദേഹം എന്തിനാണ് അയച്ചുകൊടുത്തത്. അദ്ദേഹത്തിന് ശരിക്കും അതിന്റെ ആവശ്യമൊന്നും ഇല്ലല്ലോ.
നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി photo: IMDb
അദ്ദേഹത്തിന് ജാതിയില്ല മതമില്ല ഒന്നുമില്ല. നല്ലൊരു ടാലന്റിനെ കണ്ടാല്‍ അദ്ദേഹം തിരിച്ചറിയും. അവരെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വമാണ്. പ്യൂരിഫൈഡ് സോള്‍ ആണ്.
നാഷണല്‍ അവാര്‍ഡ് ജൂറിയായി ഞാന്‍ ചെന്നപ്പോള്‍ ആ ലിസ്റ്റില്‍ ഞാന്‍ ആദ്യം നോക്കിയത് നന്‍പകല്‍ നേരത്ത് മയക്കം ഉണ്ടോ എന്നാണ്. അവിടെ പദ്മകുമാര്‍ എന്ന വ്യക്തിയ്ക്ക് അദ്ദേഹത്തോടുള്ള ആരാധനയാണ് പുറത്തുവന്നത്.
ആ ലിസ്റ്റില്‍ പേര് കാണാഞ്ഞപ്പോള്‍ എന്റെ മനസ് പിടഞ്ഞുപോയി. ആ സമയത്ത് അത് വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന് അസുഖമുണ്ടെന്ന് പറഞ്ഞ സമയം ഞാന്‍ വല്ലാതെ വേദനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
മമ്മൂട്ടി,Photo: Mammootty/Facebook
അദ്ദേഹം തിരിച്ചുവന്ന സമയത്ത് വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തു. ഒരു കലാകാരന്‍ എന്നതിന് അപ്പുറത്ത് പ്രശസ്തനായ ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു മനുഷ്യന്റെ മനസുണ്ടല്ലോ. അത് മറ്റൊരാളിലും ഞാന്‍ കണ്ടിട്ടില്ല.
ഈയടുത്തകാലത്ത് ഞാനും എന്റെ മകനും മറ്റൊരു സൂപ്പര്‍സ്റ്റാറിനെ കാണാന്‍ പോയപ്പോള്‍ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും അദ്ദേഹം കാണിച്ചില്ല. മോനോടും കാണിച്ചില്ല.
ആ നടന്റെ പിറകില്‍ പോയി എന്റെ മകന്‍ ഒരു ഫോട്ടോ എടുത്ത ശേഷം എന്റെ അടുത്ത് വന്നിട്ട് അച്ഛാ, മലയാള സിനിമയില്‍ ഇത്രയും കാലം നിന്നിട്ടും അദ്ദേഹത്തിന് അച്ഛനെ അറിയില്ലല്ലോ എന്ന് ചോദിച്ചു.
ശരിയാണ്, അച്ഛന് ഇനിയും നടക്കാന്‍ ഏറെയുണ്ട്. നമുക്ക് നോക്കാമെന്നും നമുക്ക് അടുത്തിരുന്ന് ഫോട്ടോയെടുക്കാം എന്നും പറഞ്ഞു,’ എം.ബി പദ്മകുമാര്‍ പറഞ്ഞു.
Content Highlight: When I joined as a National Award jury member, I checked whether ‘Nanpakal Nerathu Mayakkam’ was on the list says M.B. Padmakumar