നോബിൾ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് കരം. നടനും നിർമാതാവും തിരക്കഥാകൃത്തുമായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ കഥ. വിശാഖ് സുബ്രമണ്യവും വിനീതും കൂടിയാണ് ചിത്രം നിർമിച്ചത്.
ചിത്രത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് മുൻ പരിശീലകൻ ഇവാൻ വുക്കമാനോവിച്ചും അഭിനയിച്ചിരുന്നു. ഇപ്പോൾ ഇവാൻ വുക്കമാനോവിച്ചിനെ കരത്തിൽ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
‘അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിൽ വലിയൊരു ദൈവാധീനം ഉണ്ട്. മലയാളികൾ എല്ലാം ഇഷ്ടപ്പെടുന്ന ഒരു വിദേശമുഖം ഞങ്ങൾ അന്വേഷിക്കുകയായിരുന്നു. ആനവാൽ മോതിരത്തിലും സീസണിലുമൊക്കെ അഭിനയിച്ച ഗവിൻ പക്കാർഡിനെ പോലെ മനസിൽ പതിയുന്ന മുഖം വേണം. അപ്പോഴാണ് നോബിളിന്റെ അനുജൻ കോച്ചിനെക്കുറിച്ച് പറയുന്നത്. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പോയെങ്കിലും മലയാളികൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്,’ വിനീത് ശ്രീനിവാസൻ പറയുന്നു.
കോച്ച് ആയതുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എങ്ങനെയെന്ന കാര്യത്തിൽ തനിക്ക് ടെൻഷനുണ്ടായിരുന്നുവെന്നും താൻ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഒഡീഷന് വരാം എന്ന് സമ്മതിച്ചുവെന്നും വിനീത് പറയുന്നു. ഒഡീഷന് വന്നപ്പോഴുള്ള വീഡിയോ കണ്ട് ടീമിലെ എല്ലാവരും ഒരേ സ്വരത്തിൽ ഗംഭീരം എന്ന് പറഞ്ഞുവെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
ത്രില്ലർ മൂഡുള്ള തിരക്കഥയായിരുന്നു നോബിൾ പറഞ്ഞതെന്നും തിരയ്ക്ക് ശേഷം താൻ ത്രില്ലർ മൂഡുള്ള ചിത്രം ചെയ്തിട്ടില്ലാത്തത് കൊണ്ട് സംവിധാനം ചെയ്താലോ എന്ന് തനിക്ക് തോന്നിയെന്നും വിനീത് പറയുന്നു. അങ്ങനെയാണ് ചിത്രം സംവിധാനം ചെയ്തതെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
Content Highlight: When he came to audition, everyone said that he was awesome says Vineeth Sreenivasan