| Monday, 8th December 2025, 9:54 am

'വെറും ഇരകള്‍ അതിജീവിതകളായി'; ഈ വിധിക്കും എത്രയോ മുമ്പേ കേരള മനസ്സാക്ഷി വിധിയെഴുതിക്കഴിഞ്ഞു: ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി എന്തുതന്നെയായാലും അതിന് എത്രയോ മുമ്പേ കേരള മനസ്സാക്ഷി വിധിയെഴുതിക്കഴിഞ്ഞുവെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി. ‘അവള്‍ക്കൊപ്പം എന്നാല്‍ നീതിക്കൊപ്പം’ എന്ന തീരുമാനം ചിലര്‍ക്കുള്ള അന്തിമവിധി തന്നെയായിരുന്നുവെന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

ഈ അന്തിമ വിധിയുണ്ടായതോടെ തിരിച്ചുവരവില്ലാത്ത വിധം അയാള്‍ വലിയ തടവറയിലാക്കിക്കഴിഞ്ഞുവെന്നും ശാരദക്കുട്ടി പറഞ്ഞു. അന്നുമുതല്‍ ‘വെറും ഇരകള്‍ അതിജീവിതകള്‍’ എന്ന് ഉയര്‍ത്തപ്പെട്ടുവെന്നും ഒരേ ദിശയില്‍ മാത്രമല്ല, എതിര്‍ദിശയിലും ഭൂമിക്ക് തിരിയാനാകുമെന്ന് നാം കണ്ടു തുടങ്ങിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിസഹായതയുടെ പാരമ്യത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന എലികള്‍ക്കും സിംഹത്തിനെ ചിലപ്പോള്‍ വലയിലാക്കാന്‍ കഴിയുമെന്നും ശാരദക്കുട്ടി പറഞ്ഞു. സമൂഹ മനസാക്ഷി ഒരു വലിയ കോടതിയാണ്. അത് പഠിപ്പിക്കുന്ന പാഠമാണ് ഏറ്റവും വലിയ പാഠം. അതുകൊണ്ട് ഇന്നത്തെ ഒരു കടലാസ് വിധിക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ വലിയ ആശങ്കകളോ പ്രതീക്ഷകളോ ഇല്ലെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അവള്‍ക്കൊപ്പമെന്ന തീരുമാനത്തോളം ശക്തി മറ്റൊന്നിനുമില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം ദിലീപ് അടക്കമുള്ള കേസിലെ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. 11 മണിയോടെ കേസ് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയും.

2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് കേസ്. ദിലീപ് ഉള്‍പ്പെടെ പത്ത് പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. 2018 മാര്‍ച്ച് എട്ടിനാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.

Content Highlight: Whatever the verdict in the actress attack case, Kerala’s conscience has already written its verdict long before that, says S. Saradakutty

We use cookies to give you the best possible experience. Learn more