ചെന്നൈ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട കോടതി വിധിയോട് പ്രതികരിച്ച് ഗായിക ചിന്മയി.
കേസിലെ വിധി എന്തുതന്നെ ആണെങ്കിലും എപ്പോഴും താന്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ചിന്മയി പറഞ്ഞു. നിര്‍ണായകമായ മൊഴികള്‍ മാറ്റിപ്പറഞ്ഞ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും അര്‍ഹമായത് ലഭിക്കുമെന്നും ചിന്മയി എക്‌സില്‍ കുറിച്ചു. അതിജീവിതയെ ഹീറോയെന്നാണ് ഗായിക വിശേഷിപ്പിച്ചത്.
പോസ്റ്റിന് താഴെ ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്രവര്‍ഷം അവളനുഭവിച്ച ട്രോമയ്ക്ക് അര്‍ത്ഥമില്ലാതായെന്നും മുഖ്യ കുറ്റാരോപിതന്‍ സ്വതന്ത്രനായത് അംഗീകരിക്കാനാവില്ലെന്നും കമന്റുകള്‍ പറയുന്നു. എന്നാല്‍,
ദിലീപിനെ പിന്തുണയ്ക്കുന്ന കമന്റുകളും കൂട്ടത്തിലുണ്ട്. ദിലീപ് നിഷ്‌കളങ്കനാണെന്നും വ്യാജ ആരോപണം ഉന്നയിക്കുന്ന ഒരാള്‍ക്കൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ക്കാകില്ലെന്നും പറയുന്ന ദി ട്രൂ ഹിന്ദുത്വ എന്ന അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത കമന്റിന് ചിന്മയി വായടപ്പിക്കുന്ന മറുപടിയും നല്‍കുന്നുണ്ട്.
‘നിങ്ങളുടെ ജീവിതത്തിലെ ദിലീപിനെ നിങ്ങള്‍ക്ക് കണ്ടെത്താനാവട്ടെ,’എന്നായിരുന്നു ഗായികയുടെ മറുപടി.
ചിന്മയിയുടെ എക്‌സ് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നത്തെ വിധി എന്തായാലും – ഞാന്‍ അതിജീവിച്ചയാളോടൊപ്പം നില്‍ക്കുന്നു. എപ്പോഴും.
പെണ്‍കുട്ടി, നീ ഒരു ഹീറോയാണ്, നീ എന്നും ഒരു ഹീറോയാണ്. നിനക്കുവേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയില്‍ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ മൊഴികള്‍ മാറ്റുകയും ചെയ്ത സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അര്‍ഹമായത് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അതേസമയം, കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കോടതിയില്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ദിലീപിനെ കോടതി കുറ്റവിമുക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് (തിങ്കളാഴ്ച) രാവിലെ പതിനൊന്നോടെയാണ് കോടതി വിധി പുറത്തുവന്നത്. ഒന്നുമുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഏഴ് മുതല്‍ 10 വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും വിധിയില്‍ പറഞ്ഞിരുന്നു.
പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ജി. ശരത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. തോമസിന്റെതാണ് വിധി.
Content Highlight: Whatever the verdict, I will stand by Survivor; Those who changed their statements will get what they deserve; Chinmayi