| Tuesday, 3rd February 2026, 9:31 am

ഇന്ത്യയെ ബഹിഷ്‌കരിച്ചാലും പാകിസ്ഥാന് പോയിന്റ് കിട്ടാന്‍ സാധ്യത; മൂന്ന് സാഹചര്യങ്ങളും പരിശോധിക്കുന്നു

ആദര്‍ശ് എം.കെ.

ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുന്നു എന്ന വാര്‍ത്തയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നും പുറത്തിക്കിയതിലും ബി.സി.സി.ഐയ്ക്ക് അനുകൂലമായി നിലപാടുകള്‍ സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ തീരുമാനം.

തങ്ങള്‍ ലോകകപ്പ് ബഹിഷ്‌കരിക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നുമാണ് പി.സി.ബി വ്യക്തമാക്കിയത്.

ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടോസിന് പാക് നായകന്‍ സല്‍മാന്‍ അലി ആഘ എത്തിയില്ലെങ്കില്‍ എന്ത് സംഭവിക്കും? ഐ.സി.സി പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മത്സരത്തിലെ പ്രധാനപ്പെട്ട മൂന്ന് സാഹചര്യങ്ങള്‍ പരിശോധിക്കാം.

1. ഇന്ത്യയ്ക്ക് ഈസി വാക്ക് ഓവര്‍

പാകിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് തിരിക്കുമെന്ന് ബി.സി.സി.ഐ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ കൊളംബോയില്‍ പത്ര സമ്മേളനം നടത്തുമെന്നും പ്രാക്ടീസ് സെഷനുകള്‍ സംഘടിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. മത്സരത്തില്‍ ടോസിനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കളത്തിലറങ്ങുമെന്നും പാകിസ്ഥാനെ പ്രതീക്ഷിക്കുകയും ചെയ്യും.

ടോസിനായി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ എത്തിച്ചേരാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യയ്ക്ക് വാക്ക് ഓവര്‍ ലഭിക്കും. ഒപ്പം മത്സരത്തിലെ നിര്‍ണായകമായ രണ്ട് പോയിന്റും. പാകിസ്ഥാനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയായിരിക്കും. പോയിന്റ് നഷ്ടം മാത്രമല്ല, നെറ്റ് റണ്‍ റേറ്റിനെയും ഇത് സാരമായി ബാധിക്കും.

2. പോയിന്റ് പങ്കുവെക്കല്‍

ഇന്ത്യയ്ക്കും പാകിസ്ഥാനും ഓരോ പോയിന്റ് വീതം പങ്കുവെക്കപ്പെടാനുള്ള സാഹചര്യവുമുണ്ട്. ഇങ്ങനെ സംഭവിക്കണമെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് നായകന്‍ ആഘാ സല്‍മാനും ടോസിന് എത്താതിരിക്കണം. അങ്ങനെയെങ്കില്‍ മാച്ച് റഫറി രണ്ട് ടീമിനും ഓരോ പോയിന്റ് വീതം നല്‍കും.

3. കളത്തിലിറങ്ങാന്‍ പാകിസ്ഥാനോട് ഐ.സി.സി ആവശ്യപ്പെടുന്നത്

ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ ഐ.സി.സി മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കുകയും മത്സരം നടക്കുകയും ചെയ്യുക, ഇതാണ് മറ്റൊരു പരിഹാരം. ലോകകപ്പില്‍ ഏറ്റവുമധികം റവന്യൂ ജെനറേറ്റ് ചെയ്യാന്‍ സാധ്യതയുള്ള മത്സരമായതിനാല്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനായി സമ്മര്‍ദം ചെലുത്തിയേക്കും.

ഇന്ത്യയുടെ നിലപാടെന്ത്?

മറ്റ് മത്സരങ്ങള്‍ക്കെങ്ങനെ മുന്നൊരുക്കം നടത്തുമോ, അതേ രീതിയില്‍ തന്നെ ഐ.സി.സി പ്രോട്ടോക്കോള്‍ അനുസരിച്ച് മുമ്പോട്ട് പോകാനാണ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുകയും ഐ.സി.സി പ്രോട്ടോക്കോളുകള്‍ പാലിക്കുകയും ചെയ്യും. നേരത്തെ ഷെഡ്യൂള്‍ ചെയ്തതുപോലെ ടീം പ്രാക്ടീസ് ചെയ്യും, പ്രസ് കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കും.

ഇന്ത്യന്‍ ടീം സ്റ്റേഡിയത്തിലെത്തുകയും മാച്ച് റഫറി മത്സരം ഉപേക്ഷിച്ചു എന്ന പ്രഖ്യാപിക്കും വരെ അവിടെ തുടരും,’ എന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട്.

Content Highlight: What will happen if Pakistan refuses to change its stand on boycotting India? All scenarios explained

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more