| Thursday, 26th June 2025, 3:41 pm

ഇറാനിൽ ഞങ്ങൾ ആഗ്രഹിച്ചത് ബ്ലഡി നോസ് സ്ട്രാറ്റജി, മാധ്യമപ്രവർത്തകന് മറുപടിയുമായി ഇന്ത്യയിലെ ഇസ്രഈൽ അംബാസിഡർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇസ്രഈൽ ആഗ്രഹിച്ചത് ഇറാനെതിരെ സമ്പൂർണ യുദ്ധമായി മാറാത്ത എന്നാൽ, രക്തരൂക്ഷിതമായൊരു ആക്രമണമായിരുന്നെന്ന പ്രസ്താവനയുമായി ഇന്ത്യയിലെ ഇസ്രഈൽ അംബാസിഡർ.

ദി ഹിന്ദുവിൽ ഇന്റർനാഷണൽ അഫയേഴ്‌സ് എഡിറ്ററായ സ്റ്റാൻലി ജോണിയുടെ എക്സ് പോസ്റ്റിന് മറുപടിയായായിരുന്നു ഇന്ത്യയിലെ ഇസ്രഈൽ അംബാസിഡറായ റൂവെൻ അസറിന്റെ പ്രസ്താവന.

ഇസ്രഈലിന് ഒരിക്കലും ഇറാനെ ഒറ്റക്ക് ആക്രമിക്കാൻ കഴിയില്ലെന്നും അമേരിക്കയോടൊപ്പം ചേർന്ന നടത്തിയ ആക്രമണങ്ങൾ വിജയം കണ്ടില്ലെന്നും തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സ്റ്റാൻലി ജോണി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇസ്രഈലിന് ഒരു ദീർഘകാല യുദ്ധത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഇസ്രഈലിന്റെ സൈനിക തന്ത്രം വേഗത്തിലുള്ള വിജയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതാണ് അവരുടെ ശക്തിയും അതേസമയം ഏറ്റവും വലിയ ബലഹീനതയുമെന്ന് പോസ്റ്റിൽ പറയുന്നു.

ഇസ്രഈൽ ഇറാനെ ആക്രമിച്ചപ്പോൾ, ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പക്ഷേ ഒരുകാര്യം വ്യക്തമായിരുന്നു. ഇസ്രഈലിന് ഒറ്റയ്ക്ക് അത് ചെയ്യാൻ കഴിയില്ല. അത് എനിക്കറിയാമെങ്കിൽ, എല്ലാവർക്കും അറിയാമായിരുന്നു. അതിനാൽ യഥാർത്ഥ പദ്ധതി നയതന്ത്രം നശിപ്പിക്കുകയും അമേരിക്കയെ യുദ്ധത്തിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്യുക എന്നതായിരുന്നു. രണ്ടാമത്തെ ലക്ഷ്യം ഇറാന്റെ ഉന്നത കമാൻഡർമാരെ കൊന്നുകൊണ്ട് അവരുടെ സർക്കാരിനെ തകർക്കുക എന്നതായിരുന്നു. ഇത് ഇറാന്റെ സൈന്യത്തെ ദുർബലപ്പെടുത്തുമെന്നും, ജനറൽമാരെ ഭയപ്പെടുത്തുമെന്നും, ടെഹ്‌റാനിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും ഇസ്രഈൽ പ്രതീക്ഷിച്ചുവെന്നും പക്ഷേ ആ പദ്ധതി പരാജയപ്പെട്ടുവെന്നും സ്റ്റാൻലി ജോണി പറയുന്നു.

എന്നാൽ ഇറാൻ സർക്കാർ വേഗത്തിൽ ആ പ്രതിസന്ധി മറികടന്നു. ഇറാനിൽ നിന്ന് ഒരു വലിയ മിസൈൽ ആക്രമണം ഇസ്രഈൽ പ്രതീക്ഷിച്ചിരുന്നു, പക്ഷേ, ഇറാൻ ചെറിയ മിസൈൽ ആക്രമണമാണ് നടത്തിയത്. ഈ തന്ത്രം പതുക്കെ ഇസ്രഈലിന്റെ വ്യോമ പ്രതിരോധത്തെ ദുർബലപ്പെടുത്തുകയും ചെയ്തു. ഇസ്രഈൽ പെട്ടെന്നുള്ള വിജയം ആഗ്രഹിച്ചു, പക്ഷേ ഇറാൻ ഒരു നീണ്ട വ്യോമയുദ്ധത്തിന് തയ്യാറായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

‘ആക്രമണത്തിൽ ഇറാന് ഉന്നത ജനറൽമാരെയും സിവിലിയന്മാരെയും നഷ്ടപ്പെട്ടു, വലിയ നാശനഷ്ടങ്ങൾ നേരിട്ടു. അവരുടെ ആണവ പദ്ധതി വൈകി. പക്ഷേ അവർ അത് അതിജീവിച്ചു, ഇപ്പോഴും നിലനിൽക്കുന്നു. മറുവശത്ത്, ഇസ്രഈൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മിസൈൽ ആക്രമണത്തെ നേരിട്ടു, പക്ഷേ അതിന്റെ ലക്ഷ്യങ്ങൾ ഒന്നും നേടിയില്ല. ഭാവിയിൽ, ചരിത്രകാരന്മാർ ഈ 12 ദിവസത്തെ യുദ്ധത്തെ, മിഡിൽ ഈസ്റ്റിലെ ഗോലിയാത്തായ ഇസ്രഈൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിട്ട നിമിഷമായി ഓർമിക്കും,’ സ്റ്റാൻലി ജോണി പറഞ്ഞു.

ഇതിനുള്ള മറുപടിയായിട്ടായിരുന്നു റൂവെൻ അസറിന്റെ പ്രസ്താവന.

‘ നിങ്ങൾ ഒരു കാര്യം മറന്നു. ഇസ്രഈൽ മുൻഗണന നൽകിയത് ഒരു ബ്ലഡി നോസ് സ്ട്രാറ്റജിക്കാണ്. ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന ആൾട്ടർനേറ്റീവ് മാർഗം ഇറാന്റെ ആണവായുധങ്ങൾ, 20,000 മിസൈലുകൾ, അവരുടെ നിയുക്ത സേനയുടെ കര ആക്രമണം എന്നിവക്ക് ഇരയായുള്ള സമ്പൂർണ നാശമായിരുന്നു. അതിനാൽ ഇസ്രഈൽ ആക്രമണം നടത്താൻ തീരുമാനിച്ചു. ഞങ്ങളുടെ രാജ്യത്തെ ഇല്ലാതാക്കാനുള്ള വ്യക്തമായ പദ്ധതി വെറും 12 ദിവസത്തിനുള്ളിൽ ഞങ്ങൾ തുടച്ചുനീക്കി,’ റൂവെൻ അസർ പറഞ്ഞു.

അതേസമയം സ്റ്റാൻലി ജോണി അംബാസിഡർക്ക് മറുപടിയും നൽകുന്നുണ്ട്. ‘അംബാസഡർ, നിങ്ങളുടെ പ്രതികരണത്തിന് നന്ദി. 20,000 ബാലിസ്റ്റിക് മിസൈലുകളും പ്രോക്സികളുമുള്ള ആണവ ഇറാനേക്കാൾ ‘ഒരു ബ്ലഡി നോസ്’ ഇസ്രഈൽ ഇഷ്ടപ്പെടുന്നുവെന്ന് ഇന്ത്യയിലെ ഇസ്രഈൽ അംബാസഡർ പറയുന്നു,’സ്റ്റാൻലി ജോണി വിമർശിച്ചു.

12 ദിവസം നീണ്ടുനിന്ന ഇസ്രഈൽ-ഇറാൻ സംഘർഷത്തിൽ കഴിഞ്ഞ ദിവസമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെടിനിർത്തലിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാചിച്ചതിനാലാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തിരുന്നു.

തങ്ങളുടെ ആണവ ഗവേഷണവും സമ്പുഷ്ടീകരണവും സിവിലിയൻ ആവശ്യങ്ങൾക്കും ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാത്രമാണെന്ന് ഇറാൻ ഇതിനകം വ്യക്തമാക്കിയിട്ടും ഇസ്രഈൽ-ഇറാൻ സംഘർഷം തുടരുകയായിരുന്നു.

ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷത്തിലെ യു.എസ് ഇടപെടലില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നൽകിയിട്ടും ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് ആക്രമണം നടത്തിയിരുന്നു.

പിന്നാലെ യു.എസ് നടത്തിയ ആക്രണങ്ങള്‍ക്ക് തിരിച്ചടിയായി ദോഹയിലെ യു.എസ് വ്യോമകേന്ദ്രത്തിന്‌ നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഖത്തറിലെ യു.എസ് സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.

Content Highlight: What we wanted in Iran was a bloody nose strategy, Israeli Ambassador to India responds to The Hindu editor

We use cookies to give you the best possible experience. Learn more