| Sunday, 4th October 2026, 2:40 pm

ഗസയില്‍ എന്താണ് ചെയ്തിരിക്കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാം; മഞ്ഞുകാലത്തിന് മുന്‍പ് അവര്‍ക്ക് സഹായം എത്തിക്കേണ്ടതുണ്ട്: ആഞ്ജലീന ജോളി

റെന്വര്‍ പി

ലോസ്ആഞ്ചലസ്: ഗസയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇസ്രഈല്‍ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ഗൂഗിള്‍ എര്‍ത്ത് ഇമേജുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി. ‘ഗസയില്‍ എന്താണ് ചെയ്തിരിക്കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ എര്‍ത്തില്‍ കാണാം,’ എന്ന് പറഞ്ഞ് തുടങ്ങുന്ന ഒരു കുറിപ്പും ഈ ചിത്രങ്ങള്‍ക്കൊപ്പം ആഞ്ജലീന ജോളി പങ്കുവെച്ചിട്ടുണ്ട്.

ഗസയിലെ 2023ലെയും 2026ലെയും ഉപഗ്രഹ ചിത്രങ്ങളാണ് ഹോളിവുഡ് താരം പങ്കുവെച്ചത്. ഗസയില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഗൂഗിള്‍ എര്‍ത്ത് അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിരുന്നു. 2023ല്‍ ഗൂഗിള്‍ എര്‍ത്തില്‍ ദൃശ്യമായിരുന്ന കെട്ടിടങ്ങള്‍ 2026ല്‍ തകര്‍ന്നതായാണ് കാണുന്നത്. ഭൗതികമായ നാശനഷ്ടങ്ങള്‍ ഗൂഗിള്‍ എര്‍ത്ത് അസാധാരണമായ വ്യക്തതയോടെ കാണിച്ചുതരുന്നുവെന്ന് ഈ ദൃശ്യങ്ങളെക്കുറിച്ച് ആഞ്ജലീന ജോളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എന്നാല്‍, തകര്‍ന്നടിഞ്ഞ ഈ സാഹചര്യങ്ങള്‍ക്കിടയില്‍ ജീവിക്കുക്കേണ്ടി വരുന്ന അവസ്ഥ എന്താണെന്ന് അതില്‍ കാണില്ല. കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് എന്ത് സംഭവിച്ചെന്നോ, അതിജീവിച്ചവരുടെ ജീവിതം എങ്ങനെയെന്നോ അതില്‍ കാണാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

‘മുഴുവന്‍ പ്രദേശങ്ങളും തകര്‍ന്ന് നശിച്ചിരിക്കുന്നു. വീടുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍, റോഡുകള്‍, ജലവിതരണ-ശുചിത്വ സംവിധാനങ്ങള്‍ തുടങ്ങി ജനജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണ്ണമായും നശിക്കുകയോ ചെയ്തിരിക്കുന്നു.

2026 ജൂണ്‍ 16-ലെ കണക്കനുസരിച്ച്, ഗസയിലെ കെട്ടിടങ്ങളില്‍ 82 ശതമാനത്തിനും കേടുപാടുകള്‍ സംഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഉപഗ്രഹ വിശകലനത്തില്‍ കണ്ടെത്തി. കേടുപാടുകള്‍ സംഭവിച്ചവയില്‍ മൂന്നില്‍ രണ്ട് ഭാഗത്തോളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്,’ ആഞ്ജലീന കുറിച്ചു.

മഞ്ഞുകാലം അടുത്തെത്തിയിരിക്കെ, ഗസയിലെ ജനസംഖ്യയുടെ 94 ശതമാനത്തോളം വരുന്ന 19.8 ലക്ഷം ആളുകള്‍ക്ക് പാര്‍പ്പിട സൗകര്യങ്ങളും അവശ്യവസ്തുക്കളും ആവശ്യമാണ്. സഹായമെത്തിക്കുന്നതിലും പാര്‍പ്പിടത്തിനുള്ള സാമഗ്രികള്‍ ലഭ്യമാക്കുന്നതിലും ഇപ്പോഴും നിയന്ത്രണങ്ങളും കാലതാമസവും നേരിടേണ്ടിവരുന്നുവെന്നും ഹോളിവുഡ് താരം അഭിപ്രായപ്പെട്ടു.

‘ഇനി എന്ത് നടക്കും എന്നതാണ് പ്രധാനം.മഞ്ഞുകാലത്തിന് മുന്‍പ് ആളുകള്‍ക്ക് പാര്‍പ്പിടം ആവശ്യമാണ്.ആവശ്യമായ അളവില്‍ മാനുഷിക സഹായം സാധാരണക്കാരിലേക്ക് എത്തേണ്ടതുണ്ട്. ആശുപത്രികള്‍ക്ക് മരുന്നുകളും ചികിത്സാ സാമഗ്രികളും ആവശ്യമാണ്.

കൂടാതെ, സാധാരണക്കാര്‍ക്ക് തങ്ങളുടെ വീടുകളും സ്‌കൂളുകളും ആശുപത്രികളും പുനര്‍നിര്‍മ്മിക്കാനും സാമൂഹിക ജീവിതത്തിനും ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

നാശനഷ്ടങ്ങള്‍ ദൃശ്യമാണ്. ആവശ്യങ്ങള്‍ എന്താണെന്ന് വ്യക്തമാണ്. അവ നിറവേറ്റപ്പെടുന്നുണ്ടോ എന്നതാണ് ഇപ്പോള്‍ പ്രധാനം,’ ആഞ്ജലീന കുറിച്ചു.

Content Highlight: ‘What was done to Gaz,’ Angelina Jolie Shares Gaza Satellite Image

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more