| Tuesday, 20th October 2020, 12:15 pm

ഇനി പാടില്ലെന്ന് പറഞ്ഞത് കുറഞ്ഞ കൂലി ആയതിനാല്‍; തീരുമാനം അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി: യഥാര്‍ത്ഥത്തില്‍ വിജയ് യേശുദാസ് പറഞ്ഞത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന ഗായകന്‍ വിജയ് യേശുദാസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. അവഗണന സഹിക്കാനാകുന്നില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും മടുത്തിട്ടാണ് ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റേതായി വന്ന വാര്‍ത്തകളിലെല്ലാം പറഞ്ഞിരുന്നത്.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞ ചുരുക്കം ചില കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയത്. ഇതിന് പിന്നാലെ വിജയ് യേശുദാസിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം വന്നിരുന്നു. എന്തിന്റെ കുറവാണ് താങ്കള്‍ക്കെന്നും താങ്കള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ താങ്കള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു.

എന്നാല്‍ താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണെന്ന് വിജയ് യേശുദാസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് മാത്രമല്ല പല ഗായകരും വലിയ അവഗണനയാണ് മലയാള സിനിമയില്‍ നേരിടുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

വിജയ് യേശുദാസിന്റെ വാക്കുകള്‍.., ‘കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മാതാക്കള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. പക്ഷേ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കാന്‍ മടിയാണ്. അടുത്തിടെ ഒരു പ്രമുഖ നിര്‍മാതാവ് വിളിച്ചു. അവര്‍ക്ക് അപ്പയെ കൊണ്ട് പാട്ടുപാടിക്കണം. ഞാന്‍ മാനേജരുടെ നമ്പര്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ‘ ദാസേട്ടന്‍ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ’ ഞാന്‍ ചോദിച്ചു, ‘ ചേട്ടാ നിങ്ങള്‍ക്ക് യേശുദാസിന്റെ ശബ്ദമല്ലേ വേണ്ടത്. ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്’.

അര നൂറ്റാണ്ടിലധികമായി പാടുന്ന, അര ലക്ഷത്തിലധികം പാട്ടുകള്‍ പാടിയ യേശുദാസ് ആറക്കസംഖ്യ പ്രതിഫലം ചോദിക്കുമ്പോഴാണ് ‘വലിയ തുക’യെന്ന് പറയുന്നതെന്നോര്‍ക്കണം. അപ്പോള്‍ എങ്ങനെയാണ് മറ്റ് ഗായകര്‍ നില്‍ക്കുക. 20 വര്‍ഷമായി മലയാളത്തില്‍ പാടുന്ന എനിക്കിപ്പോഴും താരതമ്യേന തീരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്. ഞാന്‍ ആരേയും കുറ്റപ്പെടുത്തുകയല്ല. ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണ്. അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനിങ്ങനെയൊരു കഠിന തീരുമാനമെടുത്തു.

ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ കുറച്ചുപേര്‍ അടുത്തെത്തി. സംസാരം ലോക്ക്ഡൗണിനെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഒക്കെയായി. പ്രളയവും തുടര്‍ന്നെത്തിയ ലോക്ക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചിരി. യേശുദാസിന്റെ മകന് ഇഷ്ടംപോലെ കാശുണ്ടാകുമല്ലോ എന്നാണ് അവര്‍ പറയുന്നത്. ഒരു സിനിമയില്‍ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്ന് ഊഹിച്ചുപറയാമോ എന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞ തുക അഞ്ച് സിനിമയില്‍ പാടിയാല്‍ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ക്ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകള്‍ ക്യാന്‍സല്‍ ആയെങ്കിലും നമ്മളെ ആശ്രയിച്ചു കഴിയുന്നവരെ നമ്മള്‍ തന്നെ നോക്കേണ്ടേ.

സിനിമ മാത്രമല്ലല്ലോ സംഗീതത്തിനുള്ള വഴി. മറ്റു ചില പദ്ധതികള്‍ മനസിലുണ്ട്. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് ഇവിടെ വലിയ സാധ്യതകളുണ്ട്. പ്രളയവും കൊറോണയുമൊക്കെ വന്നപ്പോള്‍ ജോലി നഷ്ടപ്പെട്ടു ബുദ്ധിമുട്ടിയവരില്‍ വലിയൊരു വിഭാഗം സംഗീതജ്ഞരുണ്ട്. അതൊക്കെ കണ്ടപ്പോഴാണ് ഈ ആഗ്രഹം ശക്തമായത്. സ്വന്തം മ്യൂസിക് കമ്പനി ആഗ്രഹങ്ങളില്‍ ഒന്നാണ്. പുതിയ ടാലന്റുകള്‍ക്ക് വഴിയൊരുക്കാനുള്ള വേദിയൊരുക്കാനാകും ഇനി എന്റെ പരിശ്രമം. അത്ര മോഹിപ്പിക്കുന്ന ഗാനവും ഈണവുമായി ആരെങ്കിലും സമീപിച്ചാല്‍ മാത്രമേ ഈ തീരുമാനം മാറ്റുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുക പോലുമുള്ളൂ’, വിജയ് യേശുദാസ് പറഞ്ഞു.

വിജയ് യേശുദാസിനെതിരെ സംവിധായകന്‍ നജീം കോയയും ഗായകനും നടനുമായ രാജീവ് രംഗനും അടക്കമുള്ള ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

നിങ്ങള്‍ക്കു എന്താണ് പ്രശ്നമെന്നും, അര്‍ഹിക്കുന്ന എന്താണ് വേണ്ടതെന്നും നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോള്‍ എന്നുമായിരുന്നു സംവിധായകന്‍ നജീം കോയ പറഞ്ഞത്.

സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ്കാരന്റെ, ഒരു കോസ്റ്റ്യും ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്‍ മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേ എന്നും നജീം കോയ ചോദിച്ചിരുന്നു.

പല കാരണങ്ങളാലും അവസരങ്ങള്‍ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ലെന്നും താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങള്‍ക്ക് ചില അവസരങ്ങള്‍ എങ്കിലും ലഭിക്കുമെങ്കില്‍. അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ഗായകന്‍ രാജീവ് രംഗന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: What Vijay Yesudas actually said

Latest Stories

We use cookies to give you the best possible experience. Learn more