ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ രാജി ഭരണപക്ഷത്തിന്റെ അതൃപ്തിയെ തുടര്‍ന്നാണെന്ന വാദം ശക്തമാവുന്നു. മുന്നറിയിപ്പുകള്‍ ഒന്നും ഇല്ലാതെ പെട്ടെന്നുള്ള പടിയിറക്കവും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയടക്കമുള്ള പ്രധാന നേതാക്കള്‍ പാലിക്കുന്ന മൗനവുമാണ് ധന്‍കറിന്റെ രാജിയെ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
ആരോഗ്യകാരണങ്ങളാലാണ് രാജി എന്നാണ് പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ വിശദീകരണമായി ധന്‍കര്‍ എഴുതിയത്. എന്നാല്‍ രാജി സംബന്ധിച്ച പ്രസ്താവന പുറത്ത് വന്ന അന്നേദിവസം പോലും ധന്‍കര്‍ രാജ്യസഭയിലെ നടപടികളില്‍ പങ്കാളിയായിരുന്നു.
അന്നേദിവസം (തിങ്കളാഴ്ച്ച) ഉച്ചയ്ക്ക് 12:30യ്ക്ക് ചേര്‍ന്ന് രാജ്യസഭയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ യോഗത്തില്‍ ധന്‍കര്‍ പങ്കെടുത്തിരുന്നു. 4:30 ഓടെ വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും ആ യോഗത്തില്‍ സര്‍ക്കാരിന്റെ ഒരു പ്രതിനിധികളും പങ്കെടുത്തില്ല.
പങ്കെടുക്കാത്തതിലുപരി കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും ജെ.പി. നദ്ദയും യോഗത്തില്‍ പങ്കെടുക്കില്ല എന്ന കാര്യം ഉപരാഷ്ട്രപതിയെ നേരിട്ട് അറിയിക്കാത്തതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട പാര്‍ലമെന്ററി കാര്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് പ്രധാന തിരക്കുകളില്‍ ആയിരുന്നതിലാണ് തനിക്കും കിരണ്‍ റിജിജുവിനും ഉപരാഷ്ട്രപതി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്ന് നദ്ദ പറഞ്ഞു.
കൂടാതെ രാജ്യസഭയില്‍വെച്ച് നദ്ദ നടത്തിയ പരാമര്‍ശങ്ങളും ധന്‍കറിന്റെ രാജിയിലേക്ക് നയിച്ചു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജ്യസഭയില്‍ വെച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമെ സഭ അധ്യക്ഷന്‍ റെക്കോഡ് ചെയ്യേണ്ടതുള്ളൂ എന്ന് നദ്ദ പറഞ്ഞിരുന്നു. എന്നാല്‍ സഭ നിയന്ത്രിക്കാന്‍ അധികാരമുള്ള ഒരാളോട് ഇത്തരമൊരു പരാമര്‍ശം നടത്തിയത് ഉപരാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം വീട്ടിലെ തീപ്പിടുത്തത്തിനിടെ കെട്ടുകണക്കിന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഈംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രമേയം സംബന്ധിച്ച നോട്ടീസ് സഭാനേതാവായ ധന്‍കര്‍ സ്വീകരിച്ചതില്‍ ഭരണപക്ഷത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
നോട്ടീസ് സ്വീകരിച്ച ധന്‍കര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും കേന്ദ്രസര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചന.
അന്ന് വൈകീട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി എം.പിമാരുമായി ധന്‍കര്‍ മറ്റൊരു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇത് കഴിഞ്ഞ് അന്നേദിവസം രാത്രി 9:45ഓട് കൂടിയാണ് അപ്രതീക്ഷിതമായി രാഷ്ട്രപതിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി രാജി പ്രഖ്യാപിച്ചത്. രാജി സമര്‍പ്പിച്ച് 12 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ രാജി അംഗീകരിക്കപ്പെടുകയും ചെയ്തു.
ഇതിന്റെ കൂടെ കൂട്ടിവായിക്കാന്‍ കഴിയുന്നതാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധന്‍കര്‍ നടത്തിയ പ്രസ്താവന. ദൈവം സഹായിച്ചാല്‍ 2027 ഓഗസ്റ്റില്‍ വിരമിക്കും എന്നാണ് ധന്‍കര്‍ പറഞ്ഞത്. എന്നാല്‍ പ്രസ്തുത സമയത്തിന് രണ്ട് വര്‍ഷത്തോളം ബാക്കി നില്‍ക്കവെയാണ് അദ്ദേഹത്തിന്റ രാജി എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
രാജി പ്രഖ്യാപിച്ച ധന്‍കറിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് ഹാന്‍ഡിലില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പതിവ് ശൈലിയിലുള്ള ആശംസ പോസ്റ്റില്‍ നിന്ന് വിഭിന്നമായിരുന്നു ഇത്.
സാധാരണ ഭരണഘടന പദവി വഹിക്കുന്ന ആളുകളെ കുറിച്ചുള്ള പോസ്റ്റുകളില്‍ ആ വ്യക്തികളെ പ്രധാനമന്ത്രി വാനോളം പുകഴ്ത്താറുണ്ട്. എന്നാല്‍ ധന്‍കറിനെക്കുറിച്ചുള്ള പോസ്റ്റില്‍ അദ്ദേഹത്തിന് നല്ല ആരോഗ്യം ആശംസിച്ച മോദി ധന്‍കറിന് രാജ്യത്തിന്റെ വിവിധ പദവികള്‍ വഹിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചു എന്ന് മാത്രമാണ് പറഞ്ഞത്.
ഉപരാഷ്ട്രപതിയായും രാജ്യസഭ ചെയര്‍മാനുമായും അദ്ദേഹം സേവനം അനുഷ്ഠിച്ച മൂന്ന് വര്‍ഷകാലയളവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മോദി ഒരു വാക്ക് പോലും മിണ്ടിയില്ല.
ഇതിന് പുറമെ വര്‍ഷകാല സമ്മേളനം നടക്കുന്ന വേളയായിട്ട് പോലും ഉപരാഷ്ട്രപതിക്കായി ഒരു വിടവാങ്ങല്‍ പ്രസംഗമോ ചടങ്ങോ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Content Highlight: What lead to the resignation of Vice president Jagdeep Dhankhar?