| Wednesday, 11th February 2026, 2:42 pm

എന്തൊരു ഭാഷയാണിത്, നിങ്ങളൊരു അഭിഭാഷകയാണോ; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ അഡ്വ ദീപ ജോസഫിനെതിരെ സുപ്രീംകോടതി

നിഷാന. വി.വി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അഡ്വക്കേറ്റ് ദീപ ജോസഫിന്റെ ഹരജി തള്ളി സുപ്രീം കോടതി.

ദീപയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച കോടതി ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.

ഒരു സ്ത്രീ മറ്റൊരു സ്ത്രീയ്‌ക്കെതിരെ പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും കോടതി ചൂണ്ടികാട്ടി. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ പബ്ലിക് അഡ്വക്കേറ്റ് ആണോ ദീപ ജോസഫെന്നും കോടതി ചോദിച്ചു.

പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷക എന്ന നിലയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വാക്കുകളാണോ പ്രയോഗിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

എന്നാല്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞതാണ് താന്‍ എഴുതിയതെന്നായിരുന്നു ദീപയുടെ വാദം. ഭര്‍ത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതുമോയെന്ന് കോടതി തിരിച്ചടിച്ചു.

ഒരു പുരുഷനാണ് ഈ പോസ്റ്റ് എഴുതിയതെങ്കില്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു.

അതിജീവിതയെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് ദീപയ്‌ക്കെതിരെ കേരളാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു അഡ്വക്കേറ്റ് ദീപ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ദീപാ ജോസഫിന്റെ ഹരജി പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. അതിജീവിതയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ് അഡ്വക്കേറ്റ് കെ. ആര്‍ സൂഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.

Content Highlight: What kind of language is this, are you a lawyer? Supreme Court against Adv Deepa Joseph in Rahul Mangkootathil case

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more