| Thursday, 29th May 2025, 4:42 pm

വാര്‍ത്ത തെറ്റാണെന്നറിഞ്ഞ് പ്രസിദ്ധീകരണത്തിന് നല്‍കുന്നതിനെ എന്ത് തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനമെന്നാണ് വിളിക്കേണ്ടത്? മാതൃഭൂമിക്കും ദീപികക്കുമെതിരെ റോഷി അഗസ്റ്റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വ്യാജ വാര്‍ത്ത നല്‍കിയ ദീപികയ്ക്കും മാതൃഭൂമിയ്ക്കുമെതിരെ വിമര്‍ശനവുമായി മന്ത്രി റോഷി അഗസ്റ്റിന്‍. ഇന്ന് പ്രസിദ്ധീകരിച്ച ഓഫീസ് നവീകരണവുമായി സംബന്ധിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം.

താന്‍ കൊണ്ടു ചെല്ലാത്തതും ക്യാബിനറ്റ് പാസാക്കാത്തതുമായ രേഖ പാസാക്കിയെന്നാണ് ദീപികയും മാതൃഭൂമിയും വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ക്യാബിനറ്റ് തീരുമാനങ്ങള്‍ പരിശോധിച്ചിരുന്നുവെങ്കില്‍ വ്യാജ റിപ്പോര്‍ട്ടിങ് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ വാര്‍ത്തകള്‍ നല്‍കുന്നത് ഖേദകരമാണെന്നും വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞ് കൊണ്ടുതന്നെ പ്രസിദ്ധീകരണത്തിന് നല്‍കുന്നതിനെ എന്ത് തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനമെന്നാണ് വിളിക്കേണ്ടതെന്നും സ്വയം വിലയിരുത്തണമെന്നും അദ്ദേഹം പറയുന്നു.

‘ഇന്നലെ (28.05.25) നടന്ന ക്യാബിനറ്റ് യോഗത്തില്‍ ഇങ്ങനെ ഒരു ഫയല്‍ ഞാന്‍ മുന്‍കൈ എടുത്ത് കൊണ്ടു ചെന്നിട്ടുമില്ല, ക്യാബിനറ്റ് പാസാക്കിയിട്ടുമില്ല. ദീപികയുടെ തിരുവനന്തപുരം ലേഖകന്‍ (പേര് ഒഴിവാക്കുന്നു) ഇതിന്റെ വിവരങ്ങള്‍ ആരാഞ്ഞ് എന്റെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു തീരുമാനം ഇല്ലെന്ന് വ്യക്തമാക്കുകയും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

എന്നിട്ടും… ശമ്പളം തരുന്ന പ്രസിദ്ധീകരണത്തോട് അല്‍പം ആത്മാര്‍ത്ഥത വേണ്ടേ… എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റിയെയുമാണ് ആ ലേഖകന്‍ ഈ പ്രവര്‍ത്തിയിലൂടെ നശിപ്പിച്ചിരിക്കുന്നത്,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി റോഷിയുടെ ഓഫീസും തിളങ്ങുമെന്നും നവീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയെന്നുമായിരുന്നു മാതൃഭൂമി നല്‍കിയ വാര്‍ത്ത. സെക്രട്ടറിയേറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിന് മോടിപിടിപ്പിക്കാന്‍ അനുമതിയെന്നും ധനവകുപ്പ് തള്ളിയതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് നവീകരണമെന്നുമായിരുന്നു വാര്‍ത്ത.

35 ലക്ഷം രൂപ മന്ത്രിയുടെയും ജീവനക്കാരുടെയും ഓഫീസുകള്‍ പുതുക്കാന്‍ ആവശ്യമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ധനവകുപ്പ് ഇത് അനുവദിച്ചിരുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

Content Highlight: What kind of journalism is it to publish news knowing it is false? Roshi Augustine against Mathrubhumi and Deepika

We use cookies to give you the best possible experience. Learn more