| Thursday, 22nd October 2026, 4:23 pm

എല്ലാവരും വാച്ച് ഡോഗ് ആയാൽ നിങ്ങൾക്കെന്താണ് പ്രശ്നം മൈ ലോർഡ്?

അരുൺ എയ്ഞ്ചല

‘എല്ലാവരും മാധ്യമപ്രവർത്തകരാണെന്ന് അവകാശപ്പെടാൻ തുടങ്ങിയാൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കാര്യവും ഞങ്ങൾ പരിഗണിക്കും.’

‘ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഈ കാലത്ത് മൊബൈൽ ഫോണുള്ള ഏതൊരാളും തന്റേതായ നിലയിൽ മാധ്യമപ്രവർത്തകനാണെന്ന് അവകാശപ്പെടാവുന്ന സാഹചര്യമാണ് ഞങ്ങൾ നേരിടുന്ന ബുദ്ധിമുട്ട്.’

ആദ്യത്തേത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെയും രണ്ടാമത്തേത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും പ്രസ്താവനയാണ്. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ, എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലിരിക്കുന്നു എന്ന ശ്രീനിവാസന്റെ ഡയലോഗാണ് ഓർമ്മ വരുന്നത്.

ഫോർത്ത് എസ്റ്റേറ്റ് എന്ന മീഡിയയെ ജനാധിപത്യത്തിന്റെ കാവൽ നായ്ക്കൾ വാച്ച്‌ഡോഗ്സ് എന്ന നിലയിലാണ് കാണാറുള്ളത്. ഏറെ കാവൽനായ്ക്കൾ ഉള്ളത് ആർക്കാണ് പ്രശ്നം സൃഷ്ടിക്കുക? കള്ളന്മാർക്കായിരിക്കും എന്നുറപ്പ്.

സോളിസിറ്റർ ജനറലിന്റെ വാക്കുകൾ നമുക്ക് മനസ്സിലാകും. കാരണം മറച്ചു പിടിക്കാനായി, ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് ചെയ്തതടക്കം, ചെയ്ത കളവുകൾ ഏറെയുണ്ട് മോഡി സർക്കാരിന്. പക്ഷെ, രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് അതേ ഭാഷയിൽ സംസാരിക്കുമ്പോൾ, ‘സംതിങ് ഫിഷി’ എന്ന് നമുക്ക് ചിന്തിക്കേണ്ടി വരുന്നു.

ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധവും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവും (എസ്.ഐ.ആർ) സംബന്ധിച്ച പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ പൊലീസ് ഉപദ്രവിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്ന ആരോപണങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലെത്തി.

ദൽഹി പ്രതിഷേധത്തിനിടെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്ന പൊലീസ്

ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഡൽഹിയിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം, തടസ്സപ്പെടുത്തൽ, ഉപകരണങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ സംഭവങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തകർ, ഫ്രീലാൻസർമാർ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ, റീൽ നിർമാതാക്കൾ എന്നിവരുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച കേസിലായിരുന്നു മേൽപ്പറഞ്ഞ പരാമർശം.

എല്ലാ പൗരന്മാർക്കും അഭിപ്രായപ്രകടനത്തിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയുടെ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) അതിന് സംരക്ഷണം നൽകുന്നു.

ഇന്ത്യയിൽ ഫ്രീഡം ഓഫ് പ്രസ് എന്നതിന് ഭരണഘടനയിൽ പ്രത്യേകം ഒരു വകുപ്പില്ല, എല്ലാ പൗരന്മാർക്കും ഉള്ള അവകാശമായ 19(1)(a) യിൽ നിന്നാണ് മീഡിയ പ്രവർത്തിക്കുന്നത്. അങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്ന രാജ്യത്താണ്, ഫ്രീലാൻസ് മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്ന ചിലർ മൈക്രോഫോൺ ഉപയോഗിച്ച് പ്രതിഷേധങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ റീലുകൾ പ്രസിദ്ധീകരിക്കുകയാണെന്നും യഥാർഥ സ്വതന്ത്ര മാധ്യമപ്രവർത്തകരെയും റീൽ നിർമാതാക്കളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വന്നു പറയുന്നത്.

ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി സംഘപരിവാർ തേടാവുന്ന വഴികളിലൊന്ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായും വ്യാഖ്യാനിച്ചുകൊണ്ട് ജുഡീഷ്യറിയിലൂടെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണെന്ന് പറഞ്ഞത് ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ വൈസ് ചാൻസലറും ഇപ്പോൾ സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. ജി മോഹൻ ഗോപാലാണ്.

അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊഹ്‌റാബുദ്ദീൻ ഷെയ്ക്കിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ വിചാരണയ്ക്ക് നേതൃത്വം നൽകിയ ജഡ്ജി ജസ്റ്റിസ് ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ 2014 ഡിസംബർ 1 ന് ഹൃദയാഘാതം മൂലം മരിച്ചു.

ലോയ മരിക്കുന്ന സമയത്ത് ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്നു അമിത് ഷാ. ജസ്റ്റിസ് ലോയയുടെ ഷർട്ടിന്റെ കോളറിൽ രക്തക്കറ കണ്ടതായും മരണം അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, അതുണ്ടായില്ല.

ജസ്റ്റിസ് ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ

രണ്ട് കാരണങ്ങളുണ്ടാകാം, ഒന്നാമതായി ജസ്റ്റിസ് ലോയയുടെ അവസ്ഥ വരാതിരിക്കാൻ ജഡ്ജിമാർ ആഗ്രഹിക്കുന്നു. രണ്ടാമതായി വിരമിച്ചതിനു ശേഷം കിട്ടാവുന്ന ഉന്നത പദവികൾ. തെളിവുകളുണ്ട്.

2018 ജൂലൈ 6 – ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ദിവസമായിരുന്നു. എന്നാൽ അതേ ദിവസം, അധികാരമൊഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയർമാനായി അദ്ദേഹം നിയമിക്കപ്പെട്ടു.

കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അരുൺ മിശ്രയെ, 2014-ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതിനു ശേഷം, സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് നിയമിച്ചു.

ഗുജറാത്ത് സംസ്ഥാന സർക്കാർ തനിക്കെതിരെ സമർപ്പിച്ച രണ്ട് പ്രഥമ വിവര റിപ്പോർട്ടുകളിൽ നീതിയുക്തവും വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹരജി 2015 ഒക്ടോബർ 13 ന് ദത്തു-മിശ്ര ബെഞ്ച് തള്ളി.

കേസിൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) പ്രസിഡന്റ് അമിത് ഷായെയും മറ്റ് നിരവധി പേരെയും പ്രതികളാക്കണമെന്ന ഭട്ടിന്റെ ഹർജിയും കോടതി തള്ളി. ഗോധ്ര ട്രെയിൻ തീപിടുത്തത്തിൽ 57 ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് മുസ്ലീങ്ങൾക്കെതിരായ പ്രതികാര ആക്രമണങ്ങൾക്ക് അന്നത്തെ മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചതായും ഭട്ട് ആരോപിച്ചു.

സഞ്ജീവ് ഭട്ട്

എന്നാൽ, ഭട്ട് ശുദ്ധമായ കൈകളോടെയല്ല കോടതിയിൽ വന്നതെന്നായിരുന്നു ജസ്റ്റിസ് അരുൺ കുമാർ മിശ്ര പറഞ്ഞത്. വിരമിച്ച് ഒൻപത് മാസത്തിന് ശേഷം അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്‌സണായി നിയമിതനാവുകയും ചെയ്തു.

ജസ്റ്റിസ് അശോക് ഭൂഷൺ 2021 ജൂലൈ 4 ന് ആണ് വിരമിച്ചത്. അയോധ്യയിലെ ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിന് വഴിയൊരുക്കിയ വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ.
വിരമിച്ച് ഏകദേശം നാല് മാസത്തിന് ശേഷം, 2021 നവംബർ 8-ന് ജസ്റ്റിസ് ഭൂഷൺ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർപേഴ്‌സണായി നിയമിതനായി.

2022 ഒക്ടോബർ 16 ന് ആണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിരമിച്ചത്. ബസവരാജ് ബൊമ്മൈ നയിക്കുന്ന ബി ജെ പി സര്‍ക്കാര്‍ 2022 ഫെബ്രുവരി 5ന് ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ കോളേജില്‍ പോകാന്‍ അനുവദിക്കില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കേസ് സുപ്രീം കോടതിയുടെ രണ്ടാംഗ ബെഞ്ചിൽ എത്തിയപ്പോൾ ക്ലാസ് മുറികളിൽ മതചിഹ്‌നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതര വിരുദ്ധമാണെന്നും ഹിജാബ് ധരിക്കേണ്ടത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്നുമുള്ള കർണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിവച്ചുകൊണ്ട് ഹേമന്ത് ഗുപ്ത വിധി പറഞ്ഞു. അതേ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധൂലിയ ഹൈക്കോടതിയുടെ വിധി തള്ളി.

പരസ്പര വിരുദ്ധ നിലപാടുകൾ ഒരേ ബെഞ്ചിൽ നിന്നു വന്നതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ വിഷയം ചീഫ് ജസ്‌റ്റിസിന് വിട്ടു. വിരമിച്ച് രണ്ട് മാസത്തിന് ശേഷം, ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിന്റെ ചെയർമാനായി കേന്ദ്രം നിയമിച്ചു.

ജസ്റ്റിസ് എസ്. അബ്ദുള്‍ നസീർ 2023 ജനുവരി 4 ന് ആണ് വിരമിച്ചത്. അയോധ്യ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലും കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ തള്ളിയ ബെഞ്ചിലും ഇദ്ദേഹമുണ്ടായിരുന്നു.

വിരമിച്ച തൊട്ടടുത്ത മാസം തന്നെ 2023 ഫെബ്രുവരി 12 ന് ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി കേന്ദ്രം നിയമിച്ചു. ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 2019 നവംബർ 17 വിരമിച്ചു.

അയോദ്ധ്യ – ബാബറി മസ്ജിദ് വിധി പറഞ്ഞത് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. റാഫേൽ യുദ്ധവിമാന ഇടപാടിൽ മോദി സർക്കാരിന് രണ്ടുതവണ ക്ലീൻ ചിറ്റ് നൽകിയ ബെഞ്ചിന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. വിരമിച്ചു വെറും നാല് മാസങ്ങൾക്ക് ശേഷം, 2020 മാർച്ച് 16 ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.

ജസ്റ്റിസ് രഞ്ജൻ ഗൊഗോ

മേൽപ്പറഞ്ഞ എല്ലാവരും സുപ്രീം കോടതി ജഡ്ജുമാരാണ്. ബാബറി മസ്ജിദ് കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേരും വിരമിച്ചതിനു ശേഷം ഉന്നത പദവികളിൽ നിയമിക്കപ്പെട്ടു. ഇത്രയും സുപ്രീം കോടതിയുടെ കാര്യമാണ്.

ഇതിലെ ഡാർക്ക് കോമഡി എന്നത്, 2019 മാർച്ച് 27-ന്, വിരമിച്ച ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ട്രൈബ്യൂണൽ കേസിന്റെ വാദത്തിനിടെ, ജസ്റ്റിസ് ഗൊഗോയ് ഇങ്ങനെ ചോദിച്ചിരുന്നു:

‘There is a view that post-retirement the appointment is itself a scar on the independence of the judiciary. How do you handle that?’

ഇതൊക്കെ കൂട്ടി വായിച്ചാൽ, ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ വി സി ഡോ. ജി മോഹൻ ഗോപാൽ പറഞ്ഞ പ്ലാൻ ബി ആണോ സംഘപരിവാർ നടപ്പിലാക്കുന്നത് എന്ന് സ്വാഭാവികമായും സംശയം തോന്നാം.

2026 ഒക്ടോബർ 12-ന് നടന്ന സുപ്രീം കോടതി വളയൽ മാർച്ചിൽ രാഷ്ട്രീയ പാർട്ടികളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC), സമാജ്‌വാദി പാർട്ടി (SP), തൃണമൂൽ കോൺഗ്രസ് (TMC), രാഷ്ട്രീയ ജനതാദൾ (RJD), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [CPI(M)], നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി–ശരദ്‌ചന്ദ്ര പവാർ വിഭാഗം (NCP-SP), ശിവസേന–ഉദ്ധവ് താക്കറെ വിഭാഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്–ലെനിനിസ്റ്റ്) ലിബറേഷൻ (CPI-ML Liberation), ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML) എന്നീ പാർട്ടികൾ പങ്കെടുത്തു. രാജ്യത്തെ ജനാധിപത്യവ്യസ്ഥ ആട്ടിമറിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ട പാർട്ടികളാണ് ഇത്രയുമെന്നോർക്കുക.

2026 ഒക്ടോബർ 5 ന് അലഹബ്ബാദ് ഹൈക്കോടതി, 2025 ഏപ്രിൽ 15-ന് വാരാണസി സെഷൻസ് കോടതി 2017 ൽ നടന്ന ഒരു കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച നന്ദ്‌ലാൽ റായ് എന്നറിയപ്പെടുന്ന ബബ്ലൂ റായിയുടെ ശിക്ഷ അപ്പീലിൽ അന്തിമതീരുമാനം വരുന്നതുവരെ സ്റ്റേ ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. വരുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിലോ, സ്വാതന്ത്രനായോ മത്സരിക്കണം എന്ന ആഗ്രഹത്തിന്റെ മേലാണ് ജാമ്യവും സ്റ്റേയും.

‘The bench noted that Rai was an active BJP worker before his conviction.’

എന്ന് നിരീക്ഷിച്ച കോടതി സാധാരണക്കാരന്റെ ഉപജീവനത്തിനുള്ള അവകാശത്തിന് തുല്യമായ പ്രാധാന്യം രാഷ്ട്രീയക്കാരന്റെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തിനുമുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

ഏത് കോടതി? സ്റ്റാൻ സ്വാമി എന്ന വയോധികന് വെള്ളമിറക്കാൻ സിപ്പർ അനുവദിക്കാൻ കാരുണ്യം കാട്ടാത്ത മോഡി രാജ്യത്തിലെ കോടതി.

2026 ഒക്ടോബർ 15 ന് സുപ്രീം കോടതി മാർച്ചുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോൾ

‘We are not sitting in ivory towers. We know what statements they make outside and what they say in Court. We know everything.’
എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറയുകയുണ്ടായി. നല്ല കാര്യം, പക്ഷെ ഒന്ന് ചോദിക്കട്ടെ മൈ ലോർഡ്,

എസ്.ഐ.ആർ നടപടികളിലൂടെ കരട് വോട്ടർപട്ടികകളിൽനിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കപ്പെട്ടപ്പോൾ, ഞങ്ങൾ എല്ലാം അറിയുന്നുണ്ട് എന്ന പ്രസ്താവനയ്ക്കപ്പുറം, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ നിങ്ങൾ എന്ത് നടപടിയെടുത്തു എന്നതാണ്, ഇന്നാട്ടിൽ സംഘപരിവാർ ജനാധിപത്യത്തെ കശാപ്പ് ചെയ്തപ്പോൾ നിങ്ങൾ എന്തുകൊണ്ടാണ് അണ്ണാക്കിൽ പിരി വെട്ടി ഇരുന്നത് എന്നാണ്.

രാജ്യത്തെ ഒട്ടുമിക്ക മീഡിയയും മോഡീ സ്തുതി പാടിയിരിക്കുമ്പോൾ, ഗതികേട്‌ കൊണ്ടാണ് സ്വന്തം അവസ്ഥ പുറത്തറിയിക്കാൻ സാധാരണ മനുഷ്യൻ അവന്റെ മൊബൈലിന്റെ ക്യാമറക്കണ്ണും തുറന്നു പിടിച്ചു തെരുവിലേക്കിറങ്ങേണ്ടി വരുന്നത്. അപ്പോൾ അയാളെ നിശബ്ദനക്കാൻ സോളിസിറ്റർ ജനറലിനും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്കും ഒരേ ശബ്ദം.

പെർസി ബിഷ് ഷെല്ലി എന്ന ബ്രിട്ടീഷ് കവിയുടെ ദി മാസ്ക് ഓഫ് അനാർക്കി എന്നൊരു കവിതയുണ്ട്. അവർ അതിലിങ്ങനെ പറയുന്നുണ്ട്

‘Thou art Justice—ne’er for gold
May thy righteous laws be സോൾഡ്’

എന്ന് വച്ചാൽ,

നീതിയേ, സ്വർണത്തിനുവേണ്ടി
നിന്റെ നീതിനിഷ്ഠമായ നിയമങ്ങൾ ഒരിക്കലും വിൽക്കപ്പെടരുത്.

കൂടുതലൊന്നും പറയാനില്ല.

Content Highlight:What is your problem, My Lord, if everyone becomes a watchdog?

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

We use cookies to give you the best possible experience. Learn more