| Sunday, 2nd August 2026, 1:41 pm

ഹെലികോപ്റ്ററില്‍ പോയാല്‍ എന്താണ് കുഴപ്പം; പെട്ടന്നൊരു ആവശ്യം വന്നാലല്ലേ ഉപയോഗിക്കുക: കെ.മുരളീധരന്‍

നിഷാന. വി.വി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്ര വിവാദത്തില്‍ ന്യായീകരണവുമായി ആരോഗ്യമന്ത്രി കെ.മുരളീധരന്‍. ഹെലികോപ്റ്ററില്‍ കയറുന്നതിന് എന്താണ് കുഴപ്പമെന്നും മുന്‍ മുഖ്യമന്ത്രിമാരും ഒരുപാട് തവണ ഹെലികോപ്റ്ററില്‍ പോയിട്ടുണ്ടല്ലോയെന്നും മുരളീധരന്‍ പറഞ്ഞു.

‘ ഏറ്റവും കൂടുതല്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് കെ. കരുണാകരനാണ്. പിന്നെന്താണ് കുഴപ്പം. പെട്ടെന്നൊരു ആവശ്യം വന്നാലല്ലേ ഹെലികോപ്റ്റര്‍ ഉപയോഗിക്കുക, അല്ലെങ്കില്‍ കാറില്‍ പോയാപോരെ,’ അദ്ദേഹം ചോദിച്ചു.

കാറും ട്രെയിനും എത്താന്‍ വൈകുന്നിടത്താണ് ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുകയെന്നും പിണറായി വിജയന്‍ ഹെലികോപ്റ്ററില്‍ പോയതില്‍ തങ്ങളാരും ഒരു കുറ്റവും പറഞ്ഞിട്ടില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.

ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വി.ഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍, മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.

ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.

Content Highlight: What is wrong with travelling by helicopter? It would only be used if an urgent need arose, wouldn’t it? – K. Muraleedharan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more