ന്യൂദല്‍ഹി: ജന്തര്‍ മന്ദറിലെ സി.ജെ.പി പ്രതിഷേധ വേദിയിലെത്തി സര്‍വീസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പൊലീസ് കോണ്‍സ്റ്റബിള്‍. സസ്‌പെന്‍ഷനിലിരിക്കെ സമരവേദിയില്‍ പൊലീസ് യൂണിഫോമിലെത്തിയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.
പിത്തോറഗഡ് ജില്ലയിലെ പൊലീസ് കോണ്‍സ്റ്റബിളായിരുന്ന ഷേര്‍ സിങ്ങാണ് പ്രതിഷേധ വേദിയിലെത്തി പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ വന്‍ വിവാദത്തിന് കാരണമാവുകയും ചെയ്തു.
‘ രാജ്യം തന്നെ അപകടത്തിലായിരിക്കുമ്പോള്‍ ഈ ജോലി കൊണ്ട് ഞാന്‍ എന്ത് ചെയ്യാനാണ്? ‘കോക്രോച്ചുകളെ’ സംരക്ഷിക്കാന്‍ ഞാന്‍ ഉത്തരാഖണ്ഡ് പൊലീസ് ഉപേക്ഷിച്ചിരിക്കുന്നു,’ എന്ന് സിങ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
ഉത്തരഖാണ്ഡിലും നിയമന ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പട്വാരി റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ പലചരക്ക് കടകളില്‍ വില്‍ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിപ്ലവകാരിയായ ഭഗത് സിങ്ങിനെ ഉദ്ധരിച്ചുകൊണ്ട് ‘നാടിന്റെ യുവത്വമേ, ജീവിതം സ്വന്തം കരുത്തിലാണ് ജീവിക്കേണ്ടത്. മൃതദേഹങ്ങളുടെ ഘോഷയാത്രകള്‍ മാത്രമാണ് മറ്റുള്ളവരുടെ തോളിലേറ്റുന്നതെന്നും സിങ് പറഞ്ഞു.
തുടര്‍ന്ന് തന്റെ യൂണിഫോമില്‍ ഉണ്ടായിരുന്ന ‘ഉത്തരാഖണ്ഡ് പൊലീസ്’ എന്ന് രേഖപ്പെടുത്തിയ പിച്ചള ചിഹ്നങ്ങള്‍ അഴിച്ചുമാറ്റി അദ്ദേഹം സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് കൈമാറുകയും ചെയ്തു. കോണ്‍സ്റ്റബളിന്റെ തീരുമാനത്തെ ദീപ്‌കെ സ്വാഗതം ചെയ്തു.
എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ സിങ്ങിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്. സസ്പെന്‍ഷനിലുള്ള ഒരു ജീവനക്കാരന് പരസ്യമായോ രാഷ്ട്രീയപരമായോ നടക്കുന്ന പ്രതിഷേധത്തില്‍ പൊലീസ് യൂണിഫോം ധരിക്കാന്‍ നിയമപരമായി അനുമതിയുണ്ടോ എന്ന് പരിശോധിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.
ജൂണ്‍ 28 മുതല്‍ സിങ് അനുമതിയില്ലാതെ ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നുവെന്നും ജൂലൈ 20നാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതെന്നും കുമയോണ്‍ റേഞ്ച് ഐ.ജി നിവേദിത കുക്രേതി വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.
‘അദ്ദേഹം ജൂണ്‍ 28 മുതല്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരായിരുന്നില്ല, ജൂലൈ 20-ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. നേരത്തെ ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു, മുമ്പ് ജയിലിലും കിടന്നിട്ടുണ്ട്,’ എന്ന് കുക്രേതി പറഞ്ഞു.
സിങ്ങിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക യൂണിഫോം ധരിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തത് പെരുമാറ്റച്ചട്ട ലംഘനമാണോ അതോ ക്രിമിനല്‍ കുറ്റമാണോ എന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം വകുപ്പ് പുതിയ കേസെടുക്കാനും കര്‍ശനമായ അച്ചടക്ക നടപടികള്‍ ആരംഭിക്കാനും സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: “What is the use of this job when the country is in danger?” Uttarakhand police constable announces resignation to protect “cockroaches.”