കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിൽ സർവകലാശാലാ അധികൃതർക്കും വൈസ് ചാൻസലർക്കും സർക്കാരിനും എതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നതിനായി തീയതി നിശ്ചയിക്കാൻ ചേർന്ന സിംഗിൾ ബെഞ്ചാണ് നിർണായക നിരീക്ഷണങ്ങൾ നടത്തിയത്.
രണ്ടു മാസത്തിലേറെയായി, അതായത് അറുപത് ദിവസത്തിലധികമായി കുട്ടികളെ പുറത്തുനിർത്തിയിരിക്കുകയാണെന്നും ഇത്രയധികം നാൾ അവർ സഹിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ഇനി അവർ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ചോദിച്ചു. ‘അതുകൊണ്ട് അരിശം തീരാഞ്ഞവൻ ആ പുരയുടെ ചുറ്റും മണ്ടി നടന്നു’ എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു, മൂന്നു മാസമായിട്ടും സർവകലാശാലയുടെ അരിശം തീരാത്തത് എന്തുകൊണ്ടാണെന്ന് കോടതി വിമർശിച്ചത്.
ഒപ്പം സർവകലാശാലാ ഓഫീസ് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കൂ എന്ന സുപ്രധാനമായ ഉപദേശവും സിംഗിൾ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായി.
വിഷയത്തിൽ തനിക്ക് കാര്യങ്ങൾ വ്യക്തമായി മനസിലാക്കാനായി എഫ്.ഐ.ആർ വായിച്ചു കേൾപ്പിക്കാൻ സർവകലാശാലയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഒരേ സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, എന്തിനാണ് രണ്ട് എഫ്.ഐ.ആർ എന്നും ഇത് നിയമപരമായി നിലനിൽക്കുമോ എന്നും കോടതി ചോദിക്കുകയാണുണ്ടായത്.
തുടർന്ന് അഭിഭാഷകൻ വായിച്ച എഫ്.ഐ.ആറുകൾ പരിശോധിച്ച കോടതി, ആദ്യ എഫ്.ഐ.ആറിൽ കാര്യമായി ഒന്നുമില്ലായിരുന്നുവെന്നും രണ്ടാമത്തെ എഫ്.ഐ.ആറിലാണ് വി.സിയെ ആക്രമിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പറയുന്നതെന്നും ചൂണ്ടിക്കാട്ടി. സസ്പെൻഷന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും കേസിലെ മറ്റ് മെറിറ്റുകളെക്കുറിച്ചും വിശദമായ വാദം പിന്നീട് കേൾക്കാമെങ്കിലും, രണ്ടു മാസത്തിലേറെയായി പുറത്തുനിൽക്കുന്ന വിദ്യാർത്ഥികൾ ഇതിനകം അനുഭവിച്ച കാര്യങ്ങൾ പരിഗണിക്കുമ്പോൾ അവരുടെ ഭാഗത്തുനിന്ന് ഇനിയൊരു മാപ്പ് പറച്ചിലിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
നേരത്തെയും ഇതേ കേസിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടത് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ ബെഞ്ചായിരുന്നു. മറ്റെല്ലാം മാറ്റിവെച്ച് കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് സിംഗിൾ ബെഞ്ച് തുടക്കം മുതൽ സ്വീകരിച്ചത്.
പിന്നീട് പ്രൊഫ. സിസ തോമസ് ഡിവിഷൻ ബെഞ്ചിനെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ച് വിദ്യാർത്ഥികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. നിലവിലെ ഹരജിയിൽ, വരുന്ന വെള്ളിയാഴ്ച കോടതി വിശദമായ വാദം കേൾക്കും.
അതേസമയം, സർവകലാശാലയുടെ പ്രതികാര നടപടിക്കെതിരെ എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്യാമ്പസിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. വിവിധ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ദിവസേന സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്.
Content Highlight: Haven’t the students been out [on the streets] for three months? What is the point of an apology now? Hasn’t the anger subsided yet? — High Court to the Vice-Chancellor.