| Saturday, 12th July 2025, 5:47 pm

ടെന്‍ഡുല്‍ക്കര്‍ - ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ കലഹം സൃഷ്ടിക്കുന്ന ഡ്യൂക്ക് ബോള്‍ കോണ്‍ട്രവേഴ്‌സി എന്താണ്?

ശ്രീരാഗ് പാറക്കല്‍

രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും ടെസ്റ്റ് വിരമിക്കലിന് ശേഷം ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ വിമാനം കയറിയത്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയെന്ന് പുനര്‍ നാമകരണം ചെയ്ത പരമ്പരയിലെ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഹെഡ്ഡിങ്‌ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ പകരം വീട്ടിയത്. നിലവില്‍ ഒപ്പത്തിനൊപ്പമാണെങ്കിലും ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ വിജയിച്ച് ആരാണ് പരമ്പരയില്‍ ആധിപത്യം സ്ഥാപിക്കുക എന്നത് കണ്ടറിയേണ്ടതാണ്.

എന്നാല്‍ പരമ്പര തുടങ്ങിയ ആദ്യ ദിനം മുതല്‍ കേല്‍ക്കുന്ന ഒന്നാണ് ‘ഡ്യൂക്ക് ബോള്‍ കോണ്‍ട്രവേഴ്‌സി’. പ്രശ്‌നമെന്താണെന്ന് പരിശേധിക്കുന്നതിന് മുമ്പ് എന്താണ് ഡൂക്ക് ബോള്‍ എന്ന് പരിശോധിക്കാം. ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബോളാണ് ഡ്യൂക്ക് എന്ന പേരില്‍ അറിയപ്പെടുന്നത്. കൈകൊണ്ട് നിര്‍മിച്ച സീമാണ് പന്തിന്റെ ഒരു പ്രത്യേകത. മാത്രമല്ല പന്തിലെ എക്‌സ്ട്രാ ഗ്രിപ് പൊതുവെ ഫാസ്റ്റ് ബൗളര്‍മാര്‍മാര്‍ക്ക് മികച്ച സ്വിങ് നല്‍കാന്‍ സഹായിക്കുന്നതും തണുത്ത കാലാവസ്ഥയില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്. കൂടുതലായി ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റില്‍ ഈ പന്ത് ഉപയോഗിക്കാറുണ്ട്.

എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരെ പിന്തുണയ്ക്കുന്ന ഡ്യൂക്ക് ബോള്‍ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റില്‍ എങ്ങനെയാണ് വില്ലനായത്?

ഉപയോഗിക്കുന്ന പന്ത് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സോഫ്റ്റാകുന്നതും ഷേപ്പ് ഔട്ട് ആകുന്നതുമാണ് ഏറ്റവും വലിയ പ്രതിസന്ധി. പന്തിന് പ്രശ്‌നം ഉണ്ടെന്ന് ഉറപ്പിക്കാന്‍ അമ്പയര്‍ ഷേപ്പ് ഗേജറിലൂടെ പന്ത് കടത്തിവിടും. പന്ത് തടസങ്ങളില്ലാതെ ഷേപ്പ് ഗേജറിലൂടെ കടന്ന് പോയാല്‍ പന്തിന് കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. എന്നാല്‍ പന്ത് ഗേജറിലൂടെ കടന്നു പോകുന്നതില്‍ തടസം നേരിട്ടാല്‍ പന്ത് ഷേപ്പ് ഔട്ട് ആയിരിക്കും.

പന്തിന്റെ ആകൃതി നഷ്ടപ്പെടുന്നത് സീമിനെ ബാധിക്കുകയും ഇത് പേസര്‍മാര്‍ക്ക് വേണ്ടത്ര സ്വിങ്ങും, പേസും ബൗണ്‍സും ലഭിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. പന്ത് സോഫ്റ്റാകുമ്പോള്‍ ഗ്രിപ്പ് ലഭിക്കാതെ വരുന്നതും മറ്റൊരു പന്തിന് വേണ്ടി അമ്പയര്‍മാരുമായി തകര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഷേപ്പ് ഔട്ടായ പന്ത് ഫീല്‍ഡര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.

നേരത്തെ ഹെഡ്ഡിങ്‌ലിയില്‍ നടന്ന ആദ്യ ടെസ്റ്റിനിടയില്‍ ബോള്‍ ഷേപ്പ് ഔട്ട് ആയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് ഫീല്‍ഡ് അമ്പയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതോടെ അമ്പയറോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ റിഷബ് പന്തിനെതിരെ ഐ.സി.സി പെരുമാറ്റ ചട്ടലംഘനപ്രകാരം പിഴ ചുമത്തിയിരുന്നു. മാത്രമല്ല ഡ്യൂക്ക് ബോളിന്റെ ആകൃതി നഷ്ടപ്പെടുന്നതിനെക്കുറിച്ച് റിഷബ് പന്ത് സംസാരിക്കുകയും ചെയ്തിരുന്നു.

‘പന്ത് ഷേപ്പ് ഔട്ട് ആകുന്നത് തീര്‍ച്ചയായും വലിയ പ്രശ്‌നമാണ്. ബോള്‍ ‘D’ ആകൃതിയിലാകുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പക്ഷെ നിയമങ്ങള്‍ അങ്ങനെയാണ്. കളിക്കാര്‍ക്ക് അത് വളരെ അരോചകമാണ്. ഓരോ ബോളിന്റെയും സ്വഭാവം വ്യത്യസ്തമാണ്. ബോള്‍ സോഫ്റ്റായിക്കഴിഞ്ഞാല്‍ അതുകൊണ്ട് ഒരു കാര്യവുമില്ല. പന്ത് മാറ്റുമ്പോഴാണ് വേണ്ടത്ര മികവുണ്ടാകുക,’ റിഷബ് പന്ത് പറഞ്ഞു.

ലോഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലടക്കം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഡ്യൂക്ക് ബോള്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഫീല്‍ഡ് അമ്പയര്‍മാരോട് തര്‍ക്കം ഉണ്ടാക്കിയിരുന്നു. ലോര്‍ഡ് ടെസ്റ്റിലെ രണ്ടാം ദിനത്തിലെ 80ാം ഓവറില്‍ ഷേപ്പ് ഔട്ടായ പന്തിന് പകരം തന്ന പന്ത് വളരെ പഴക്കം ചെന്നതാണെന്ന് ഗില്‍ പറഞ്ഞിരുന്നു. മാത്രമല്ല പന്ത് മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ അമ്പയറോട് ഗില്‍ കയര്‍ത്ത് സംസാരിച്ചതും കാണാന്‍ സാധിച്ചിരുന്നു. ഐ.സി.സിയുടെ പെരുമാറ്റചട്ടലംഘനത്തിന്റെ ഭാഗമായ ഗില്ലിന്റെ പെരുമാറ്റത്തില്‍ നടപടിയുണ്ടായേക്കുമെന്നത് മറ്റൊരു കാര്യമാണ്.

ലോര്‍ഡ്‌സ് ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ഡ്യൂക്ക് ബോള്‍ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചിരുന്നു.

‘ടൂറിങ് ടീമുകള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം പന്തുകള്‍ സോഫ്റ്റാകുകയും പൂര്‍ണമായും ആകൃതി തെറ്റുകയും ചെയ്യുന്ന ഒരു പ്രശ്‌നമുണ്ട്. ഞങ്ങള്‍ ഉപയോഗിക്കുന്ന ബോള്‍ ഗേജ് ഡ്യൂക്കിന്റെതാണെന്ന് തോന്നുന്നില്ല. അത് അനുയോജ്യമായിരിക്കില്ല. പക്ഷേ നിങ്ങള്‍ അത് കൈകാര്യം ചെയ്യണ്ടിവരും.

ബോള്‍ ഷേപ്പ് ഔട്ട് ആയാല്‍ നിങ്ങള്‍ അമ്പയറുമായി അത് പരിശോധിക്കുക. അത് വളയങ്ങളിലൂടെ കടന്നുപോയാല്‍ അതുമായി പൊരുത്തപ്പെടേണ്ടി വരും. നിങ്ങള്‍ ചിലപ്പോള്‍ പൊട്ടിത്തെറിക്കും, ഒടുവില്‍ അത് വളരെ മോശമായി മാറുകയും ചെയ്യും.

അത് മാറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. എല്ലാ ബൗളിങ് ടീമുകളും അതില്‍ ബുദ്ധിമുട്ടുന്നതായി തോന്നുന്നു. കഴിഞ്ഞ ആഴ്ച എഡ്ജ്ബാസ്റ്റണില്‍ ഇത് ഒരു വലിയ പ്രശ്‌നമായി തോന്നി. അത് യോജിക്കുന്നുവെങ്കില്‍ ഞങ്ങള്‍ മുന്നോട്ട് പോകും, ഇല്ലെങ്കില്‍ മറ്റൊരു പന്ത് ലഭിക്കും,’ സ്റ്റോക്‌സ് പറഞ്ഞു.

എന്നാല്‍ ലോര്‍ഡ്‌സില്‍ ഡ്യൂക്ക് ബോള്‍ പ്രശ്‌നങ്ങള്‍ തുടരുമ്പോള്‍ പന്തിന്റെ നിര്‍മാതാവ് ദിലീപ് ജഡോഡിയയും ഇതിനെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു.

‘ആളുകള്‍ക്ക് പല അഭിപ്രായങ്ങളുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശവുമുണ്ട്. പക്ഷേ ഇത് എളുപ്പത്തിലുണ്ടാക്കുന്ന ഒരു ഉല്‍പ്പന്നമല്ലെന്ന് അവര്‍ മനസിലാക്കണം. അല്ലെങ്കില്‍, എല്ലാവരും അത് ചെയ്യും. ലോക ക്രിക്കറ്റില്‍ മൂന്ന് അംഗീകൃത ബോള്‍ നിര്‍മാതാക്കള്‍ മാത്രമേയുള്ളൂ. കൂക്കബുറ, എസ്.ജി, പന്നെ ഞങ്ങളും. ഇത് എളുപ്പത്തിലുണ്ടാക്കുന്നതല്ല. അങ്ങനെയാണെങ്കില്‍ ലോകമെമ്പാടും നൂറുകണക്കിന് പന്ത് നിര്‍മാതാക്കള്‍ ഉണ്ടാകുമായിരുന്നു,’ ജജോഡിയ പറഞ്ഞു.\

ഡ്യൂക്ക് ബോളിന് പുറമെ അംഗീകാരാമുള്ള മറ്റ് രണ്ട് ബോളുകള്‍ കൂക്കബൂറയും എസ്.ജിയുമാണ്. കൂക്കബുറ കൂടുതലായി ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയയിലാണ്. മെഷീന്‍ സ്റ്റിച്ചിങ്ങിലാണ് ഈ പന്തിന്റെ സീം നിര്‍മാണം. മാത്രമല്ല ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുയോജ്യമായ പന്തിലാണ് ഈ പന്ത് കൂടുതല്‍ ഉരയോഗിക്കുന്നത്.

എസ്.ജി ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന പന്താണ്. ഡ്യൂക്ക് ബോള്‍ പോലെ കൈ കൊണ്ട് നിര്‍മിക്കുന്ന കൂടുതല്‍ വ്യക്തതയുള്ള സീമാണ് എസ്.ജിയുടേത്. സ്പിന്നര്‍മാര്‍ക്ക് ഗുണപ്രദമായ ഈ പന്ത് ഡ്രൈ പിച്ചുകളില്‍ മികവ് പുലര്‍ത്തും.

Content Highlight: India VS England: What is the Duke Ball controversy that is causing a stir in the Tendulkar – Anderson Trophy?

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more