| Saturday, 2nd August 2025, 6:07 pm

കേരള സ്റ്റോറിക്ക് ഉണ്ട്, ആടുജീവിതത്തിന് ഇല്ല! എന്താണ് അവാര്‍ഡിന്റെ മാനദണ്ഡമെന്ന് സോഷ്യല്‍ മീഡിയ

ശരണ്യ ശശിധരൻ

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹനടനും നടിയും ഉള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മലയാളികള്‍ പുരസ്കാരം പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആടുജീവിതം. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഒരു പുരസ്‌കാരം പോലും ആടുജീവിതത്തിന് കിട്ടിയില്ല.

വര്‍ഷങ്ങള്‍ നീളുന്ന പ്രയത്‌നം, തീവ്ര പരിശ്രമം, ബ്ലെസിയുടെ സംവിധാന മികവ്, പൃഥ്വിരാജ് എന്ന നടന്റെ അസാമാന്യ പെര്‍ഫോമന്‍സ് ഇവയെല്ലാം ഒത്തുചേർന്ന ചിത്രമായിരുന്നു ആടുജീവിതം. ചിത്രം സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, ഛായാഗ്രാഹകന്‍ എന്നിങ്ങനെ അവാര്‍ഡ് വാങ്ങിക്കൂട്ടി. എന്നിട്ടും ദേശീയ അവാര്‍ഡില്‍ തഴയപ്പെട്ടു. ഇതോടെ ദേശീയ പുരസ്കാരത്തിൻ്റെ മാനദണ്ഡമെന്താണെന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ.

2023ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട പട്ടികയില്‍ ആടുജീവിതം ഉണ്ടായിട്ടും ഒരു കാറ്റഗറിയില്‍ പോലും ചിത്രം പരിഗണിക്കപ്പെട്ടില്ലേ എന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. മലയാള സിനിമക്ക് അര്‍ഹിച്ച പരിഗണ ലഭിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മാത്രമല്ല കേരളത്തെ മോശമായി ചിത്രീകരിച്ച ദി കേരള സ്റ്റോറിക്ക് ഒന്നിലേറെ പുരസ്കാരങ്ങൾ കൊടുക്കുകയും ചെയ്തു.

ആദ്യ ഘട്ടത്തില്‍ സിനിമ കണ്ട് വിലയിരുത്തുന്നത് പ്രാദേശിക ജൂറിയാണ്. വിവിധ കാറ്റഗറിയിലെ നിര്‍ദേശങ്ങളും അന്തിമ പട്ടികയ്ക്ക് എടുക്കേണ്ട ചിത്രങ്ങളുടെ പട്ടിക നല്‍കുന്നതും പ്രാദേശിക ജൂറിയാണ്. തെന്നിന്ത്യയില്‍ നിന്ന് സമര്‍പ്പിച്ച പട്ടികയിലെ 14 കാറ്റഗറിയില്‍ ആടുജീവിതം ഇടം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഒരു പുരസ്‌കാരം പോലും ചിത്രത്തിന് ലഭിച്ചില്ലെന്ന് മാത്രമല്ല കേരള വിരുദ്ധ പ്രൊപഗണ്ട ചിത്രമായ ദി കേരള സ്റ്റോറിക്ക് മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍ എന്നിവ ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകൾ ലഭിക്കുകയും ചെയ്തു.

ആടുജീവിതത്തില്‍ കാണാത്തതെന്താണ് കേരള സ്റ്റോറിയില്‍ ഉള്ളതെന്ന് സിനിമാപ്രേമികളും വിമര്‍ശകരും ചോദിക്കുന്നുണ്ട്. കേരളത്തെ മോശമായി ചിത്രീകരിച്ച് മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രൊപഗണ്ട ചിത്രമാണ് ദി കേരള സ്റ്റോറി എന്ന വിമർശനം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. മാത്രമല്ല ഉള്ളൊഴുക്ക് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉര്‍വശി എങ്ങനെ സഹനടിയായി, പൂക്കാലം എന്ന സിനിമിയില്‍ നായകനായി എത്തിയ വിജയരാഘവന്‍ എങ്ങനെ സഹനടനായി എന്നിങ്ങനെയുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്.

രണ്ട് പേര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കുവെക്കാമെന്നിരിക്കെ ഞാന്‍ എങ്ങനെ സഹനടിയായി എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും ലോബികളേ വിജയിക്കൂ എന്നുമാണ് ഉര്‍വശി ഇതിനെക്കുറിച്ച് പറഞ്ഞത്. 2006ല്‍ അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ അവാര്‍ഡ് ഉര്‍വശിയെ തേടിയെത്തിയത്. എന്നാല്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഉര്‍വശിക്ക് അന്നും നല്‍കിയത്.

‘ദേശീയ പുരസ്‌കാരം പരാജയപ്പെട്ടു. ഇന്ത്യക്കാര്‍ പരാജയപ്പെട്ടു. കല പരാജയപ്പെട്ടു. കഴിവ് പരാജയപ്പെട്ടു’ എന്നാണ് അവാർഡ് നിർണയത്തെക്കുറിച്ച് ഒരാള്‍ എക്‌സില്‍ കുറിച്ചത്.

ദി കേരള സ്റ്റോറിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് കൊടുത്ത ജൂറിയുടെ അംഗീകാരം യഥാര്‍ത്ഥ സിനിമക്ക് ആവശ്യമില്ല’ എന്ന് പ്രതികരിക്കുന്നവരും ഉണ്ട്.

ദേശീയ പുരസ്‌കാരത്തിന്റെ വിശ്വാസ്യത പോകുന്നുവെന്നും പൃഥ്വിരാജിനെ പോലെയുള്ള നടന്റെ അസാമാന്യ പ്രകടനമുണ്ടായിട്ടും എന്തുകൊണ്ട് ചിത്രത്തിന് പുരസ്‌കാരം കിട്ടിയില്ലെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

പൃഥ്വിരാജിന് അവാര്‍ഡ് കിട്ടാത്തതിന് കാരണം ‘എമ്പുരാന്‍‘ ആണോയെന്നും ചിലര്‍ ചോദിച്ചു. നാഷണല്‍ അവാര്‍ഡ് വെറും ജോക്ക് ആയി മാറിയെന്നും പറയുന്നുണ്ട്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ വലിയ മുതല്‍ മുടക്കിലാണ് റിലീസിനെത്തിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അത് വഴിവെച്ചു. ചിത്രത്തില്‍ ഗുജറാത്ത് കലാപം ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്. സംഘപരിവാറിനെ ഇത് തെല്ലൊട്ടുമല്ല അസ്വസ്ഥപ്പെടുത്തിയത്.

ഒട്ടേറെ പേർ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായി വന്നു. പൃഥ്വിരാജിന് പുരസ്‌കാരം നിഷേധിക്കാന്‍ കാരണം ഇതാണോ എന്നുള്ള വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

പുരസ്‌കാര പ്രഖ്യാപനം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ളവര്‍ അവാര്‍ഡിനെതിരെ രംഗത്ത് വന്നു.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനുമാണ് നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്നും വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് ആടുജീവിതത്തിന് പുരസ്‌കാരം നിഷേധിച്ചതെന്നും ദി കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതെന്നുമുള്ള ചോദ്യത്തിന് ആടുജീവിതത്തിന് നാച്യുറാലിറ്റി ഇല്ലെന്നും സ്വാഭാവികതയില്ലെന്നുമാണ് ജൂറിയുടെ വാദം. എന്നാല്‍ കേരള സ്റ്റോറി സാമൂഹിക പ്രാധാന്യമുള്ള വിഷയമാണെന്നും ഇതേ ജൂറി പറയുന്നു.

മികച്ച നടനുള്ള നാമനിര്‍ദേശത്തില്‍ മലയാളത്തില്‍ നിന്നും മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രവും പരിഗണിക്കപ്പെട്ടില്ല.

Content Highlight: What is the criteria for the award? Asking Social media

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more