നാഷണല്‍ ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ രണ്ട് അവാര്‍ഡുകളാണ് ദി കേരള സ്റ്റോറിക്ക് ലഭിച്ചത്. എന്നാല്‍ കേരളത്തെ ഇകഴ്ത്തി കാണിക്കുന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം കൊടുത്തതിന് എതിരെ പ്രമുഖരും രംഗത്ത് വന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരാണ് രംഗത്ത് വന്നത്. ഇപ്പോള്‍ ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് പുരസ്‌കാരം കൊടുത്തതിന് വിമര്‍ശിക്കുകയാണ് കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനും നടനുമായ പ്രേം കുമാര്‍.
‘ആവിഷ്‌കാര സ്വാതന്ത്ര്യം എന്നുപറയുന്നതിന്റെ ആനുകൂല്യം കണക്കിലെടുത്ത് എന്തും ആവിഷ്‌കരിക്കാം, എങ്ങനെയും ആവിഷ്‌കരിക്കാം, എന്ത് മോശമായും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും ഒക്കെ ചെയ്യാം എന്ന് വിചാരിക്കുന്നത് മോശമാണ്. ആവിഷ്‌കരണ സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തില്‍ എന്തും ചെയ്യാം എന്ന് ധരിക്കുന്നത് കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം അപലപനീയ കാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ,’ പ്രേംകുമാര്‍ പറയുന്നു.
കേരള സ്റ്റോറി എന്നുപറയുന്ന സിനിമ കേരളത്തെ പല രീതിയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണെന്നും കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറി എന്നുപറയുന്നതല്ല ആ ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നതെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആ ചിത്രത്തില്‍ കേരളത്തിനെ മോശമാക്കുന്ന തരത്തില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നതെന്നും വളരെ സ്‌നേഹത്തോടും സൗഹൃദത്തോടും പരസ്പര വിശ്വാസത്തോടും കഴിയുന്ന സമൂഹമാണ് നമ്മുടേത് എന്നും പ്രേം കുമാര്‍ പറയുന്നു.
ഇവിടെ ഒരു ഭിന്നിപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കുകയാണെന്നും പരസ്പരം വിശ്വസിച്ചുകഴിയുന്ന ഒരു ജനസമൂഹത്തെ ഒന്നിച്ചുനില്‍ക്കേണ്ട ജനസമൂഹത്തെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി ബോധപൂര്‍വം ഉള്ള പരിശ്രമമായിട്ട് കൂടി ഇത്തരം ആവിഷ്‌കാരങ്ങളെ നമ്മള്‍ കാണേണ്ടതുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതിന്ന് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നുപറയുമ്പോള്‍ ആ സിനിമ ലോകമെമ്പാടും പ്രചരിക്കാന്‍ പോകുകയാണെന്നും അതിലൂടെ കേരളത്തെ ഇന്ന് വളരെ ഔന്നത്യത്തില്‍ കാണുന്ന ആളുകള്‍ പോലും ഇതാണ് കേരളത്തിന്റെ ചിത്രം എന്ന് ധരിക്കുന്ന അവസ്ഥയിലേക്ക് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: What is shown in the film ‘The Kerala Story’ is not the real story of Kerala says Prem Kumar