| Monday, 8th March 2021, 5:00 pm

'ആട് ഇല കടിക്കുന്നത് പോലെ' കേസുകള്‍ കൊണ്ടു വന്നിട്ട് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എന്തു ചെയ്തു?| കെ.ജെ ജേക്കബ്

കെ ജെ ജേക്കബ്

കഴിഞ്ഞ ഒന്‍പത് മാസത്തിലേറെയായി കേരളത്തില്‍ എന്‍.ഐ.എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിവിധ കേസുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ഈന്തപ്പഴക്കടത്ത്, ഖുര്‍ആന്‍ കടത്ത്, കിഫ്ബി തുടങ്ങി ലാവ്‌ലിന്‍ വരെയെത്തിനില്‍ക്കുകയാണ് കേസുകള്‍.

ഒരു നിയമവിരുദ്ധ പ്രവര്‍ത്തി നടന്നാല്‍ അത് അന്വേഷിക്കേണ്ടതും ഉത്തരവാദികളായവരെ നിയമത്തിനു മുന്‍പില്‍ എത്തിക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. അതിനായാണ് നമുക്ക് ഈ ഏജന്‍സികളൊക്കെയുള്ളത്. മുകളില്‍പ്പറഞ്ഞ ഓരോ കേസും പ്രധാനപ്പെട്ടതാണ് എന്നിരിക്കെയാണ് നമ്മള്‍, പൗരന്മാര്‍ ഒരു പ്രധാന ചോദ്യം ചോദിക്കേണ്ടത്, ഈ കേസുകളിലെ അന്വേഷണം എവിടെ വരെയായി? എന്താണ് ഈ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്?

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാനെത്തിയവര്‍ അത് ചെയ്‌തോ? എങ്കില്‍ ആ കേസിന്റെ അന്വേഷണം ഇന്നെത്തി നില്‍ക്കുന്നത് എവിടെയാണ്? പ്രതികളെ പിടിച്ചോ? സ്വര്‍ണക്കടത്ത് നടത്തിയത് ആര്‍ക്ക് വേണ്ടിയെന്നത് സംബന്ധിച്ച് എന്താണ് വിവരം?

പൊതുസമൂഹത്തിനോ കോടതിയ്ക്കോ മുന്‍പില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ എത്തിയതായി നമുക്കറിവില്ല. അതെന്തുകൊണ്ട് എന്നന്വേഷിച്ചു ചെല്ലുമ്പോള്‍ സത്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവരുടെ പദവിയും നിയമ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നൊരു സംശയത്തിലേക്കു നമ്മള്‍ എത്തിച്ചേരും.


കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് കേസിനാസ്പദമായ സ്വര്‍ണക്കടത്ത്  പിടികൂടുന്നത്.  അതിനു ശേഷമാണ് ഈ മൂന്ന് ഏജന്‍സികള്‍ അന്വേഷിക്കാനെത്തുന്നത്. ആദ്യം കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നു. പിന്നീട് അതില്‍ എന്‍.ഐ.എ കേസ് അന്വേഷിക്കുന്നു. അതിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് വരുന്നു.

അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തില്‍ കേരളത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണം എത്തുന്നുവെന്നും അത് രാജ്യത്തിന്റെ സുരക്ഷയെ അട്ടിമറിക്കുന്നു എന്നുമുള്ള ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു. ആ ഘട്ടത്തിലാണ് കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്ന് സംസ്ഥാന സര്‍ക്കാരും തീരുമാനിക്കുന്നത്.

എന്‍.ഐ.എ 21 പേര്‍ക്കെതിരെയാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതിലെ മിക്കവാറും എല്ലാവര്‍ക്കും അവസാന ഘട്ടം ജാമ്യം നല്‍കുകയും ചെയ്തു. എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതിയും ഹൈക്കോടതിയും ഈ കേസിന് തീവ്രവാദ ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇനി ഈ കേസില്‍ അവശേഷിക്കുന്ന കാര്യമെന്നത് ആത്യന്തികമായി ഈ സ്വര്‍ണത്തിന്റെ ഉപഭോക്താക്കള്‍ ആരാണ്, ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്ന കാര്യങ്ങളാണ്. എന്നാല്‍ ഇതുവരെയും അവര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ തീര്‍ച്ച വരുത്താനായിട്ടില്ല.

എന്‍.ഐ.എയുടെ കുറ്റപത്രം തന്നെ ഒരു ഹാസ്യലേഖനം പോലെയാണ് എനിക്കനുഭവപ്പെട്ടത്. ജനുവരിയില്‍ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത് എട്ടുമാസം കൊണ്ട് കേരളത്തിലേക്ക് കടത്തിയത് xxx കിലോ സ്വര്‍ണമാണ് എന്നാണ്. സ്വര്‍ണം കടത്താനുള്ള പണത്തിനായി പ്രതികള്‍ 2019 ജൂണില്‍ ഗൂഢാലോചന തുടങ്ങിയെന്നും 2019 നവംബര്‍ മുതല്‍ 2020 ജൂണ്‍ വരെ 167 കിലോ സ്വര്‍ണം കടത്തിയെന്നുമാണ് കുറ്റപത്രത്തില്‍. ഈ സ്വര്‍ണ്ണം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കപ്പെടും, അതിനാല്‍ കേസില്‍ യു.എ.പി.എ ബാധകമാണെന്നാണ് കുറ്റപത്രത്തില്‍ എഴുതി വെച്ചിരിക്കുന്നത്.

ഇന്ത്യയുമായി വളരെയധികം സൗഹൃദത്തില്‍ നില്‍ക്കുന്ന യു.എ.ഇ പോലുള്ള ഒരു രാജ്യത്തോടുള്ള നമ്മുടെ സവിശേഷമായ നയതന്ത്ര ബന്ധം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ഇങ്ങോട്ട് സ്വര്‍ണം കടത്തിയതാര്? അതിന്റെ പിന്നിലും മുമ്പിലുമുള്ള ആളുകളാര്? ഇതെല്ലാം കണ്ടുപിടിക്കേണ്ടതാണ്. കാരണം അത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഇതിന്റെ പിറകിലുള്ള ആളുകളെ പുറത്തുകൊണ്ട് വരേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതിനിയും സംഭവിച്ചിട്ടില്ല.

എന്തിനാണ് ഒരു കേന്ദ്ര ഏജന്‍സി വന്ന് കേസ് അന്വേഷിക്കുന്നത്? ഈ പ്രത്യേക ഏജന്‍സികള്‍ ഒന്നും ഇതുവരെ നമുക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തത തന്നിട്ടില്ല. ഒരു മറുപടിയും പറഞ്ഞിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഗൗരവമായ ഉത്തരവാദിത്തമുണ്ട്. അന്വേഷണം വളരെ കൃത്യമായി കൊണ്ടുപോവുകയും സത്യങ്ങള്‍ സമൂഹത്തിന്റെയും കോടതിയുടെയും മുന്‍പിലെത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്.

പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകളാണ്. ഇ.ഡിക്ക് ഒരു കേസ് അന്വേഷിക്കണമെങ്കില്‍ അതിനുമുമ്പ് ഒരു പൊലീസ് റിപ്പോര്‍ട്ട് അല്ലെങ്കില്‍ ഒരു എഫ്.ഐ.ആര്‍ അങ്ങനെ കുറ്റകൃത്യം നടന്നതായുള്ള എന്തെങ്കിലും റെക്കോര്‍ഡ് വേണം. ആ കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കുകയോ അല്ലെങ്കില്‍ വിദേശത്ത് നിന്നുള്ള അനധികൃക സാമ്പത്തിക ഇടപാടുകള്‍ നടക്കുകയോ വേണം. അത്തരത്തിലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം വരിക.

ഇവിടെ ഇ.ഡിയ്ക്കും കസ്റ്റംസിനും ഒരു ആനുകൂല്യമുണ്ട്. ഇ.ഡിയുടെയും കസ്റ്റംസിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്നില്‍ പ്രതികള്‍ നല്‍കുന്ന മൊഴികള്‍ തെളിവായാണ് കണക്കാക്കുക. ഇത്തരമൊരാനുകൂല്യം എന്‍.ഐ.എക്കോ പൊലീസിനോ ഇല്ല. പൊലീസ് മര്‍ദ്ദിച്ചും നിര്‍ബന്ധിച്ചും കുറ്റം ഏറ്റുപറയിപ്പിച്ചേക്കാം എന്നതുകൊണ്ടാണ് പൊലീസിന് നല്‍കുന്ന മൊഴി കോടതി വിശ്വാസത്തിലെടുക്കാത്തത്. എന്നാല്‍ ഇ.ഡി അങ്ങനെ ചെയ്യില്ലാ എന്ന വിശ്വാസത്തിന്റെ പുറത്താണ് ഈ മൊഴികള്‍ തെളിവ് മൂല്യമുള്ളതായി മാറുന്നത്.

അത് മാത്രമല്ല, ഇ.ഡി അന്വേഷിക്കുന്ന കേസില്‍ കുറ്റം തെളിയിക്കേണ്ട ബാധ്യത ഇ.ഡിയ്ക്കല്ല, താന്‍ കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതന് മാത്രമാണ്. ഉദാഹരണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് എന്റെ അലമാരയില്‍ നിന്ന് രണ്ട് കോടി രൂപ പിടിച്ചെടുക്കുന്നു എന്ന് കരുതുക. ഇത് കള്ളപ്പണമാണ് എന്ന് തെളിയിക്കേണ്ട ബാധ്യത ഇ.ഡിയ്ക്കില്ല. പക്ഷെ ഇത് കള്ളപ്പണമല്ല, നീതിയുക്തമായ പണമാണ് എന്ന് തെളിയിക്കേണ്ട ബാധ്യത എന്റേത് മാത്രമാണ്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന ആദ്യം പറയുന്നത് തിരുവനന്തപുരം ലോക്കറില്‍ നിന്ന് ലഭിച്ച പണം കള്ളക്കടത്ത് നടത്തി കിട്ടിയതാണ് എന്നാണ്. എന്നാല്‍ പിന്നീട് മൊഴി നല്‍കുന്നത് ഇത് ലൈഫ് പദ്ധതയില്‍ നിന്ന് കൈക്കൂലി ലഭിച്ചതാണ് എന്നതാണ്. ഇത് രണ്ടും അവര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കുന്ന മൊഴിയാണ്.

അവര്‍ പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കുന്നതെങ്കിലും രണ്ടിനും തെളിവ് മൂല്യമുണ്ട്. സാധാരണ ഗതിയില്‍ ഈ പണം എങ്ങനെയാണ് വന്നതെന്നതിനെക്കുറിച്ച് ഇ.ഡി അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. ഇവര്‍ പറയുന്ന രണ്ട് മൊഴികളുടെയും യാഥാര്‍ത്ഥ്യമെന്താണെന്ന് അവര്‍ തിരിച്ചറിയണം. എന്നിട്ടാണ് മുന്നോട്ട് പോകേണ്ടത്. അതിന് പകരം അവരെന്താണ് ചെയ്തത്, കള്ളക്കടത്തില്‍നിന്നു കിട്ടിയ പണമാണ് എന്ന കുറ്റാരോപണത്തോടെ ആദ്യത്തെ കുറ്റപത്രം (പരാതി) കോടതിയില്‍ സമര്‍പ്പിക്കുന്നു. ആ പരാതിയില്‍ത്തന്നെ ഈ പണം വടക്കാഞ്ചേരി ലൈഫ്
മിഷനില്‍ നിന്ന് ലഭിച്ചതാണെന്ന് അവര്‍ അവകാശപ്പെട്ടെങ്കിലും തെളിവ് ഹാജരാക്കാന്‍ അവര്‍ക്ക് സാധിക്കാത്തതുകൊണ്ട് ഇത് സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണമായി കണക്കാക്കി എന്ന് ഇ.ഡി പറയുന്നുണ്ട്.

രണ്ടാമത്തെ കുറ്റപത്രത്തില്‍ ശിവശങ്കറിനെ കുറ്റക്കാരനാക്കിയപ്പോള്‍ ഈ പണം വടക്കാഞ്ചേരി പദ്ധതിയില്‍ നിന്നും ശിവശങ്കറിന് കൈക്കൂലി ലഭിച്ചതാണെന്ന് പറയുന്നു. അതായത് ഇവരുടെ ആദ്യ കണ്ടെത്തലിനെ ഇവര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അത് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. അങ്ങനെ പരിഹാസ്യമായ ഒരു നടപടിയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്.

പ്രതി കൊടുക്കുന്ന മൊഴി വിശ്വസിക്കാം എന്ന നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്ത് സ്വപ്നയെ കുടുക്കാന്‍ വേണ്ടി ഒരു മൊഴിയും ശിവശങ്കറിനെ കുടുക്കാന്‍ വേണ്ടി മറ്റൊരു മൊഴിയും ഉപയോഗിച്ചു. നിയമത്തിന്റെ ആനുകൂല്യത്തെ ദുരുപയോഗപ്പെടുത്തുകയാണ് അവര്‍ ചെയ്തത് എന്ന തീരുമാനത്തില്‍ നമ്മള്‍ എത്തേണ്ടിവരും.

ഇതില്‍ മറ്റൊരു കാര്യം ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ്. ശിവശങ്കര്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്വപ്നയ്ക്ക് ലോക്കര്‍ തുറന്നുകൊടുത്തു. ആ ലോക്കറില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഒരു കോടിയോളം രൂപ പിടിച്ചു. ഈ രീതിയിലാണ് കോടതിയില്‍ കൊടുക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും. ലോക്കറില്‍ വെച്ച പണം മുഴുവന്‍ തിരിച്ചെടുത്ത് ലോക്കര്‍ പൂട്ടി താക്കോല്‍ സ്വപ്നയ്ക്ക് കൊടുത്തുവെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുണ്ട്.

അതിനു ശേഷമാണു എന്‍.ഐ.എ പിടിച്ച പണം വരുന്നത്. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കുറ്റപത്രത്തില്‍ എവിടെയും വരില്ല. ഇതേ മൊഴി എന്‍ഫോഴ്‌സ്‌മെന്റിനും നല്‍കിയിട്ടുണ്ടെങ്കിലും ഇതും വരുന്നില്ല. അതായത് സുതാര്യമായല്ല ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ് ഇവിടെ.

വസ്തുതകള്‍ മറച്ചുവെയ്ക്കാനും വളച്ചൊടിക്കാനും അവര്‍ ശ്രമം നടത്തി എന്നും ഇതിലൂടെ വ്യക്തമാകുന്നു. ആട് ഇല കടിക്കുന്നത് പോലെ ഓരോ കേസ് ഓരോ കേസ് ആയി നടത്തികൊണ്ട് പോവുകയാണ്. അല്ലാതെ സ്വര്‍ണക്കടത്ത് നടത്തിയെന്ന് പറഞ്ഞിട്ട് ലഭിച്ച പണം എങ്ങനെ വന്നു, എത്ര വന്നു എന്നതിനെക്കുറിച്ചൊന്നും ഒരു കണക്കുമില്ല. എന്‍.ഐ.എയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനും അങ്ങനെയൊരു കേസേ ഇല്ല എന്ന മട്ടാണ്.

എന്നിട്ടാണ് അവര്‍ ഡോളര്‍ കേസിലേക്ക് വരുന്നത്. ഡോളര്‍ കേസ് ആണ് ഏറ്റവും പരിഹാസ്യമായ കേസ്. ഇതില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അതില്‍ തെളിവ് വേണം, തെളിവ് മാത്രമല്ല, കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഒരു എഫ്.ഐ.ആര്‍ എങ്കിലും രജിസ്റ്റര്‍ ചെയ്യണം.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഡോളര്‍ കടത്തിന് നേതൃത്വം കൊടുത്തു എന്ന് കേട്ടാല്‍ നമ്മള്‍ ഒക്കെ ഞെട്ടും. 100 ദിവസം കഴിഞ്ഞു അവര്‍ക്ക് മൊഴി കിട്ടിയിട്ട്. നവംബര്‍ 25നാണ് മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തരത്തില്‍ മൊഴി നല്‍കുന്നത്. ഇപ്പോഴും സ്വപ്നയ്ക്ക് മാത്രമേ അറിയാവൂ എന്നാണ് അവര്‍ പറയുന്നത്.

നയതന്ത്രബന്ധം ദുരുപയോഗപ്പെടുത്തി സ്വര്‍ണക്കടത്ത് നടത്തിയ ആളുകള്‍ ആരാണെന്ന് വ്യക്തമായി പുറത്തുകൊണ്ടുവരാനാകാത്ത രണ്ട് ഏജന്‍സികളാണ് ഇപ്പോള്‍ പുതിയ പുതിയ കേസുകള്‍ക്ക് പുറകെ പോയിക്കൊണ്ടിരിക്കുന്നത്. ലാവ്‌ലിന്‍ കേസിലും ഇ.ഡി അന്വേഷണം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. കൃത്യമായി പറഞ്ഞാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു രാഷ്ട്രീയ ഉപകരണമായി തന്നെയാണ് രാജ്യത്ത് ഉപയോഗിക്കപ്പെടുന്നത് എന്നതുകൂടി വ്യക്തമാകുകയാണ് ഇവിടെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: What is NIA, ED doing in Gold, Dollar, Quran and Dates smuggling cases in Kerala-  Journalist K J Jacob explains

കെ ജെ ജേക്കബ്

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more