| Friday, 5th June 2026, 4:40 pm

കുപ്രസിദ്ധമായത് ജര്‍മന്‍-സോവിയറ്റ് യൂണിയന്‍ കരാറല്ല, ബ്രിട്ടീഷ്-ഫ്രഞ്ച് മുതലാളിത്ത ചതിയാണ്

സ്വാതി ജോര്‍ജ്

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം നിയമസഭയില്‍ രണ്ടാം ലോകയുദ്ധകാലത്തെ സോവിയറ്റ് നിലപാടുകളെക്കുറിച്ചും സ്റ്റാലിനെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് സംബന്ധിച്ചും പറയുന്നത് ഒരു ചെറുവീഡിയോയില്‍ കണ്ടു. പലനാളായി ആളുകള്‍ പറയുന്ന ”കുപ്രസിദ്ധമായ” സോവിയറ്റ് ജര്‍മനി ഉടമ്പടിയെക്കുറിച്ച് അല്പം വ്യക്തത വേണ്ടതുണ്ട്.

സോവിയറ്റ് യൂണിയന്‍ ആദ്യം നിഷ്പക്ഷമായിരുന്നെന്നും പിന്നീട് ബ്രിട്ടന്റെ കൂടെ കൂടിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞുവെന്ന ഒരു കാര്യം ഉന്നയിച്ച്, അത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി തുടരുന്നത് 1939-ല്‍ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സ്റ്റാലിന്‍ ഹിറ്റ്‌ലറുമായി ഉടമ്പടി ഉണ്ടാക്കിയെന്നും സ്റ്റാലിനും സോവിയറ്റും ഹിറ്റ്‌ലറുടെ കൂടെയായിരുന്നെങ്കില്‍ തങ്ങളും ഹിറ്റ്‌ലറുടെ കൂടെ എന്ന മട്ടില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതാക്കളും പ്രവര്‍ത്തകരും ഹിറ്റ്‌ലറുടെ കൂടെയായിരുന്നു എന്ന രീതിയിലാണ്.

അതിന്റെ ആദ്യഭാഗം ചരിത്രത്തിന്റെ വസ്തുതകളില്‍ തട്ടി മുന പോയ ഒരു വാദവും രണ്ടാം ഭാഗം വിശകലനപരമായി അബദ്ധവുമാണ്. സ്റ്റാലിന്‍ – ഹിറ്റ്‌ലര്‍ പാക്‌റ്റെന്നല്ല, മൊളോട്ടോവ് പാക്റ്റ് എന്ന് പരക്കെ അറിയപ്പെടുന്ന പരസ്പര അനാക്രമണ കരാര്‍ ഏകപക്ഷീയമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

ഇതിന് പ്രതിപക്ഷ നേതാവ് പറഞ്ഞ മറുപടി ഏതാണ്ട് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ് – സോവിയറ്റ് യൂണിയന്‍ അതിന്റെ ബാലാരിഷ്ടതകളുടെ കാലത്ത് ഒരു ജര്‍മ്മന്‍ ആക്രമണം താങ്ങാന്‍ കഴിയാത്തതിനാലാണ് അത്തരത്തില്‍ താല്‍ക്കാലികമായ, തന്ത്രപരമായ ഒരു പരസ്പര അനാക്രമണ കരാര്‍ ഉണ്ടാക്കിയതെന്നും ആ ഉടമ്പടിക്കാലത്ത് ഉടനീളം നാസി ജര്‍മ്മനിയെ പിന്നീട് പരാജയപ്പെടുത്താന്‍ തക്ക കരുത്ത് സോവിയറ്റ് യൂണിയന്‍ സമാഹരിക്കുകയായിരുന്നുവെന്നും ശരിയായ കാര്യമാണ്. എന്നാല്‍ അതില്‍ തീരുന്ന കാര്യമല്ല താനും.

Photo: Wikipedia

പ്രധാനമായത് ലോകത്തോട് പടിഞ്ഞാറ് ചെയ്ത ചതിയുടെ കാര്യം കൂടി ഈ ചരിത്രത്തിന്റെ ഭാഗമാണ് എന്നതാണ്. ജര്‍മ്മനിയുമായുള്ള ഉടമ്പടിയുടെ യഥാര്‍ത്ഥ പശ്ചാത്തലം അക്കാലം മുതലേ സോവിയറ്റ് യൂണിയന്‍ പറഞ്ഞിരുന്നതാണ്. ലോകം അത് കേള്‍ക്കാന്‍ തയ്യാറായതും വിശ്വസിക്കാന്‍ ആരംഭിച്ചതും സമീപകാലത്താണെന്നു മാത്രം.

ആസന്നമായ ജര്‍മ്മന്‍ അധിനിവേശത്തിനു മുന്‍പ്, രാജ്യത്തിന്റെ ഒരു ഭാഗത്ത് ജപ്പാന്‍ ഭീഷണി ഉയര്‍ത്തവേ, നാസി ജര്‍മ്മനിയെ കടന്നാക്രമിക്കാന്‍ സോവിയറ്റ് യൂണിയന്‍ ഒരു പദ്ധതി തയ്യാറാക്കുകയും അതിനായി ബ്രിട്ടനുമായും ഫ്രാന്‍സുമായും ഒരു സംയുക്ത സന്ധിയുണ്ടാക്കാന്‍ വളരേ പരിശ്രമിക്കുകയും ചെയ്തതാണ്.

രണ്ടാം ലോകയുദ്ധാരംഭത്തിന് കേവലം രണ്ടാഴ്ച്ച മുന്‍പ് എന്നാല്‍ ബ്രിട്ടനും ഫ്രാന്‍സും ചെയ്തത് നാസിജര്‍മ്മനിയെയും ലോകയുദ്ധത്തെയും തുടക്കത്തിലെ ഇല്ലാതാക്കാമായിരുന്ന, സോവിയറ്റ് യൂണിയന്‍ മുന്നോട്ടുവച്ച അത്തരത്തിലൊരു സൈനിക ഉടമ്പടിയില്‍ നിന്നും വിട്ടുനില്‍ക്കുക മാത്രമല്ല, ആ ചര്‍ച്ചകളെയും സാധ്യതകളെയുമാകെ വച്ചുതാമസ്സിപ്പിക്കുകയുമായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ മൂക്കത്ത് വിരല്‍വയ്ക്കുന്ന തരത്തില്‍ നീചമായാണ് ബ്രിട്ടനും ഫ്രാന്‍സും ഈ ചര്‍ച്ചയും പ്രതിരോധ സാധ്യതകളും ഇല്ലാക്കിയത് എന്ന് ഇതിനകം പുറത്തുവന്ന രേഖകളില്‍ നിന്നും വ്യക്തമാണ്. ഈ ചതിയില്‍ മനം മടുത്ത്, നിലനിന്നാല്‍ മാത്രമേ തങ്ങള്‍ക്ക് പ്രതിരോധമുള്ളൂ എന്ന അവസ്ഥയില്‍ സമയവും നിവൃത്തിയും ഇല്ലാതെ, നാസി ജര്‍മ്മനിക്കെതിരെയുള്ള നീക്കത്തില്‍ യൂറോപ്പിന്റെ നിസ്സഹകരണവും പേറി ജര്‍മ്മനിയുമായി പരസ്പര അനാക്രമണ കരാറിലേയ്ക്ക് പോകുകയായിരുന്നു സോവിയറ്റ് യൂണിയന്‍. അതായത്, സോവിയറ്റ് യൂണിയനെ അത്തരത്തിലൊരു കരാറിന്റെ ഗതികേടിലേയ്ക്ക് ബ്രിട്ടനും ഫ്രാന്‍സും തള്ളിവിടുകയായിരുന്നു.

Photo: Wikipedia Commons

അറുപതുകളില്‍ ഇത് സംബന്ധിച്ച ബ്രിട്ടീഷ് ഫ്രഞ്ച് രേഖകള്‍ വന്നിട്ടും ഇതൊക്കെ ഇടതുപക്ഷക്കാരുടെ ന്യായീകരണങ്ങള്‍ എന്ന് ലോകം പാടി. 2008-ല്‍ റഷ്യ ഇത് സംബന്ധിച്ച ഏറ്റവും സമഗ്രമായ രേഖകള്‍ പുറത്തുവിട്ടു. അപ്പോള്‍ ഇത് പഴയ കമ്മ്യൂണിസ്റ്റുകാരാണ് പറയുന്നത്, അതും വിശ്വസിക്കാന്‍ വയ്യ എന്നായി. 2013-ല്‍ ബ്രിട്ടന്‍ ഇക്കാര്യത്തില്‍ തങ്ങള്‍ ചെയ്ത ചതി സംബന്ധിച്ച അതീവരഹസ്യരേഖകള്‍ ഡീക്ലാസ്സിഫൈ ചെയ്തു കുമ്പസരിച്ചു.

നമ്മള്‍ പലരും അക്കാലങ്ങളില്‍ അത് സംബന്ധിച്ച വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. നാസിസ്റ്റ്-ഫാസിസ്റ്റ് പക്ഷത്തെ മുളയിലേ നുള്ളാന്‍ തക്കതായ ഒരു സൈനികനീക്കത്തെ സംബന്ധിച്ച് മോസ്‌കോ വിളിച്ച ചര്‍ച്ചകളിലെ പാലം വലിച്ചത് തങ്ങളാണ് എന്ന് ബ്രിട്ടന്‍ തന്നെ ലോകത്തിനു മുന്നില്‍ വിളിച്ചുപറയുകയായിരുന്നു.

തൊട്ടു മുന്നത്തെ വര്‍ഷം മ്യൂണിക് ഉടമ്പടിയിലൂടെയും ആ ദശകത്തില്‍ ഉടനീളം നല്‍കിയ സഹായങ്ങളിലൂടെയും ജര്‍മ്മനിയെ സൈനികമായി വളര്‍ത്തിയതും ബ്രിട്ടനുള്‍പ്പടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളായിരുന്നു. വേഴ്‌സെയില്‍സ് ഉടമ്പടി ലംഘിച്ചുകൊണ്ട് അവര്‍ നല്‍കിയ ധനസഹായത്താലും ഇരുമ്പ് കൊണ്ടും ധാതുക്കള്‍ കൊണ്ടുമാണ് നാസിപ്പട തങ്ങളുടെ പടയും പടക്കോപ്പുകളും യുദ്ധവിമാനങ്ങളും നിര്‍മ്മിച്ച് യുദ്ധോല്‍സുകരായത്. എന്നിട്ടും കുറ്റം സ്റ്റാലിനും സോവിയറ്റിനുമാണ്, കൂടെ ആ സാഹചര്യങ്ങളെ സമൂര്‍ത്തമായി വിലയിരുത്തുകയും അന്താരാഷ്ട്ര ഫാസിസ്റ്റ്-നാസി മുന്നേറ്റങ്ങള്‍ക്ക് എതിരായ നിലപാടെടുക്കുകയും ചെയ്ത, സ്വാതന്ത്ര്യസമരത്തിലെ പ്രധാന ധാരകളിലൊന്നായിരുന്ന, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും.

ഡീക്ലാസ്സിഫൈഡ് രേഖകള്‍ വിസ്മയകരമായ കാര്യങ്ങളാണ് പറഞ്ഞത്. ആ ചര്‍ച്ചകളില്‍ നാസി ജര്‍മ്മനിയെ വളയാന്‍ സോവിയറ്റ് യൂണിയന്‍ വാഗ്ദാനം നല്‍കിയത് കാലാളും പീരങ്കിപ്പടയും വ്യോമസന്നാഹങ്ങളുമടക്കം പന്ത്രണ്ട് ലക്ഷം സൈനികരെയാണ്! അതിന്റെയും പത്തോ ഇരുപതോ ഇരട്ടി സൈനികരുടെയും മനുഷ്യരുടെയും ജീവന്‍ നല്‍കിയാണ് സോവിയറ്റ് യൂണിയന്‍ ഒടുവില്‍ നാസിജര്‍മ്മനിയുടെ തായ് വേരറുത്തത് എന്ന് കണ്ടാല്‍ സോവിയറ്റ് സന്ധി വാഗ്ദാനം എത്ര ഗംഭീരമായ ഒരു സൈനികപദ്ധതിയായി മാറേണ്ടിയിരുന്നതാണ്!

ലളിതമായി പറഞ്ഞാല്‍ ബ്രിട്ടനും ഫ്രാന്‍സും തള്ളിക്കളഞ്ഞ സോവിയറ്റ് സൈനിക വാഗ്ദാനം ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധം തന്നെ ഒഴിവാക്കാന്‍ തക്ക വിപുലമായിരുന്നു. ആ ചര്‍ച്ചകള്‍ പരാജയപ്പെടുത്താനും കഴിയുമെങ്കില്‍ ജര്‍മ്മനിയെ സോവിയറ്റിനു നേരെ തിരിച്ചു വിടാനും ഏറ്റവും തരം താണ നിലയില്‍ അടവുകള്‍ പയറ്റാനായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഡിപ്ലോമാറ്റുകള്‍ക്കുള്ള നിര്‍ദ്ദേശം എന്നതെല്ലാം വിശദമായ ഡീക്ലാസ്സിഫൈഡ് രേഖകളില്‍ വ്യക്തമാണ്.

ഈ അന്താരാഷ്ട്രസാഹചര്യങ്ങള്‍ക്കൊപ്പിച്ചാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെടുത്ത നിലപാടുകളും. ഒരുകാലത്തും അത് ഹിറ്റ്‌ലര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സ്ഥിതിയല്ല എന്നത് ലളിതമാണ്. സോവിയറ്റ് യൂണിയന്റെയും അതിനൊപ്പം ചേര്‍ന്ന എല്ലാ രാജ്യങ്ങളുടെയും ഫാസിസ്റ്റ് നാസി വിരുദ്ധ യുദ്ധത്തിനൊപ്പമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ നിലകൊണ്ടത്.

ചരിത്രവും സത്യവുമിതെല്ലാമായിരിക്കെ, അസത്യം പിന്നെയും കറങ്ങി നടക്കലാണ്. സോവിയറ്റിനും സ്റ്റാലിനുമെതിരെയുള്ള മുതലാളിത്തത്തിന്റെ വ്യാജചരിത്രനിര്‍മ്മിതികളും പ്രചരണങ്ങളും എത്ര രേഖകള്‍ വന്നാലും മാറില്ലയെന്നതിന്റെയും ഭൂരിപക്ഷവും അതെല്ലാം വിശ്വസിച്ചിരിക്കുമെന്നതിന്റെയുംമറ്റൊരു തെളിവ് മാത്രമാണിതും.

ഒരു കാര്യം കൂടി. സ്റ്റാലിനെ വിശ്വാസമില്ലാത്തതിനാല്‍ ക്രെംലിന്‍ റൗണ്ട് ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുകയും അങ്ങനെ ഒരുതരത്തില്‍ ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധത്തിന് കാരണക്കാരാകുകയും ചെയ്ത ബ്രിട്ടീഷ്-ഫ്രെഞ്ച് മുതലാളിത്ത രാജ്യങ്ങള്‍ യുദ്ധം അവസാനിച്ച 1945-ല്‍, ആ വര്‍ഷം തന്നെ വച്ചുനീട്ടാന്‍ അമേരിക്കയുമായി ചേര്‍ന്ന് പദ്ധതിയിട്ട സമ്മാനത്തെക്കുറിച്ച് ഓര്‍മ്മയുണ്ടോ? അത്തരമൊരു വിചാരത്തെപ്പറ്റി ഓര്‍ക്കുന്നതു പോലും മോശമാണ് എന്ന് തോന്നുന്ന വിധം operation unthinkable എന്ന പേരിട്ട ആ പദ്ധതിയെന്നത് അവരൊരുമിച്ച് സോവിയറ്റ് യൂണിയനെ ആക്രമിക്കുക എന്നതായിരുന്നു! ഏത്, അത്രകണ്ട് മനുഷ്യജീവനുകള്‍ ബലി നല്‍കി ലോകത്തെ നാസി-ഫാസിസ്റ്റ് മുന്നേറ്റത്തില്‍ നിന്ന് രക്ഷിച്ചെടുത്ത സോവിയറ്റ് യൂണിയനെ! സ്വാര്‍ത്ഥ സാമ്രാജ്യത്ത മോഹങ്ങള്‍ കൊണ്ട് ന്യൂറംബര്‍ഗ് വിചാരണകള്‍ പ്രഹസനമാക്കിയ അതേ പടിഞ്ഞാറന്‍ രാജ്യങ്ങള്‍. നന്ദിയുള്ള ലോകമേ..ഓമൈഘോഡ്!

കാലത്തില്‍ നിന്നും സാഹചര്യത്തില്‍ നിന്നും അടര്‍ത്തി ചരിത്രം വായിച്ചുകൂടാ എന്നത് ചരിത്രരചനയുടെ അടിസ്ഥാനപാഠമാണ്. പടുകൂറ്റന്‍ ചതിയുടെ ലോകത്ത് എത്ര കരുതലുണ്ടായിരുന്നെങ്കില്‍ പിടിച്ചുനില്‍ക്കാമായിരുന്നു സോവിയറ്റിനും സ്റ്റാലിനും!

Photo: Wikipedia Commons

യുദ്ധപൂര്‍വ്വ, യുദ്ധാനന്തര ലോകത്തെ കൂടിയാലോചനകളിലും വീതംവയ്പ്പുകളിലും അതീവശ്രദ്ധാലുവായി കരുതലോടെ നീങ്ങിയ സ്റ്റാലിനെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ അമേരിക്കന്‍ ഹിസ്റ്ററി ഓഫ് ഫോറിന്‍ റീലേഷന്‍സിനെക്കുറിച്ചുള്ള മുതലാളിത്തലോകത്തിന്റെ, കേംബ്രിഡ്ജ് പുസ്തകം തന്നെ അതിന്റെ കാരണങ്ങളും പറയുന്നത് വായിക്കേണ്ടത് സോവിയറ്റ് സിസ്റ്റത്തില്‍ മാത്രമല്ല, 39 ഉള്‍പ്പടെയുള്ള ലോകസാഹചര്യങ്ങളിലാകെയാണ്, – it was a time for caution – and however ruthless he was, Stalin had not survived in the Soviet system without being a very cautious man.

അപ്പോള്‍ അതായത്, കുപ്രസിദ്ധമായത് മൊളോട്ടോവ് പാക്റ്റല്ല. കുപ്രസിദ്ധവും നീചവുമായത് ഫാസിസ്റ്റ് നാസി സംഖ്യത്തെ മുളയിലേ നുള്ളാനുള്ള നീക്കത്തെ അട്ടിമറിച്ച ബ്രിട്ടീഷ് ഫ്രഞ്ച് മുതലാളിത്ത ചതിയാണ്. സോവിയറ്റ് യൂണിയന്റെ ശ്രമം നാസി-ഫാസിസ്റ്റ് സഖ്യത്തിന്റെ ഒടുക്കമായിരുന്നെന്നും അതിലവര്‍ വിജയിച്ചുവെന്നും തെളിഞ്ഞു. ഫാസിസ്റ്റ് വിരുദ്ധചേരിക്കൊപ്പം നിന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ലോകവീക്ഷണമായിരുന്നു വലിയ ശരിയായിരുന്നുവെന്നതും

Content Highlight: What is infamous is not the German-Soviet pact, but the British-French capitalist betrayal- a writeup by swathi George

സ്വാതി ജോര്‍ജ്

We use cookies to give you the best possible experience. Learn more