| Friday, 21st August 2026, 6:03 pm

രാജ്യത്ത് എന്താണ് നടക്കുന്നത്; കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതാണോ ബി.ജെ.പിയുടെ പ്രശ്‌നം: സി.ജെ.പിക്കെതിരായ ബി.ജെ.പി അതിക്രമത്തില്‍ കെജ്‌രിവാള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. സി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചത് ബി.ജെ.പി ഗുണ്ടകളാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിശോധനയ്ക്കിടെ സി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനായി സി.ജെ.പി ശബ്ദമുയര്‍ത്തുന്നത് തടയുന്നതിനാണ് ബി.ജെ.പി അക്രമം നടത്തുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘രാജ്യത്ത് എന്താണ് സംഭവിക്കുന്നത്. ബി.ജെ.പിയുടെ ഗുണ്ടകള്‍ സി.ജെ.പി വളണ്ടിയര്‍മാരെ ക്രൂരമായി ആക്രമിച്ചു. മര്‍ദിക്കുക മാത്രമല്ല, വസ്ത്രങ്ങള്‍ വലിച്ച് കീറുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതില്‍ ബി.ജെ.പിക്ക് എന്താണ് പ്രശ്‌നമെന്നും കുട്ടികള്‍ നിരക്ഷരരായി ഇരിക്കാനാണോ അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

രാംപുര-കന്‍വാര്‍പുര ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നിനിടെ സംഘടന സഹ-കണ്‍വീനര്‍ അശുതോഷ് റാങ്കയെയും മറ്റ് അംഗങ്ങളെയും ബി.ജെ.പി ഗുണ്ടകള്‍ ആക്രമിച്ചതായി സി.ജെ.പി വക്താവ് ദീപ്‌കെ പറഞ്ഞിരുന്നു.

‘രാജ്യം മുഴുവന്‍ ഇന്ന് ബി.ജെ.പിയുടെ ഗുണ്ടായിസം നേരിട്ട് കണ്ടു. കല്ലെറിയല്‍ നടന്നിട്ടും പൊലീസ് നിശബ്ദമായി നോക്കി നില്‍ക്കുകയായിരുന്നു. മദന്‍ ദിലാവറിന്റെ നിര്‍ദേശ പ്രകാരമാണ് ഈ ആക്രമണം നടന്നത്. ഞങ്ങളുടെ വളണ്ടിയര്‍മാരുടെ കൈകള്‍ ഒടിച്ചു. ഞങ്ങളുടെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു,’ സി.ജെ.പി വക്താവ് അശുതോഷ് രങ്ക പറഞ്ഞു. തങ്ങളുടെ കൂട്ടത്തിലുള്ള സ്ത്രീകള്‍ക്കെതിരെയും പ്രായമായവര്‍ക്കെതിരെയും മര്‍ദനവും കല്ലേറും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. ഈ ഗുണ്ടകളെയെല്ലാം നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുകയും ഉത്തരവ് പിന്‍വലിക്കുകയും വേണം. അല്ലെങ്കില്‍
ഈ പ്രതിഷേധം ഞങ്ങള്‍ വ്യാപിപ്പിക്കും,’ അശുതോഷ് പറഞ്ഞു.

രാജസ്ഥാനിലെ ജനാധിപത്യത്തിന് ഇന്ന് കറുത്ത ദിനമാണെന്നും ഒരു വര്‍ഷത്തോളമായി പോത്തുകളുടെ ഷെഡില്‍ നടത്തുന്ന സ്‌കൂള്‍ നന്നാക്കണമെന്ന് മാത്രമാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും ദിലവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുമെന്നും അശുതോഷ് പറഞ്ഞു.

Content Highlight: What is happening in the country? Is the BJP’s problem that children are receiving a good education? Kejriwal on the BJP’s aggression against CJP.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more