| Wednesday, 28th May 2025, 2:43 pm

'ഗസയില്‍ നടക്കുന്നത് യുദ്ധക്കുറ്റം തന്നെയാണ്'; നെതന്യാഹുവിനെതിരെ വീണ്ടും ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസ യുദ്ധത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വീണ്ടും എഹുദ് ഒല്‍മെര്‍ട്ട്. ഗസയില്‍ നടക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ സര്‍ക്കാര്‍ ക്രൂരമായി കൊന്നൊടുക്കുകയാണെന്നും മുന്‍ പ്രധാനമന്ത്രി കൂടിയായ എഹുദ് ഒല്‍മെര്‍ട്ട് പറഞ്ഞു. ഹാരറ്റ്‌സില്‍ എഴുതിയ ലേഖനത്തിലാണ് ഒല്‍മെര്‍ട്ടിന്റെ വിമര്‍ശനം.

ഒരു വര്‍ഷം മുമ്പ് ഇസ്രഈലിനെതിരായ വംശഹത്യാ ആരോപണങ്ങള്‍ താന്‍ പരസ്യമായി നിഷേധിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഗസയില്‍ നടക്കുന്ന കൊലപാതകങ്ങളും പട്ടിണി ആയുധമാക്കിക്കൊണ്ടുള്ള നെതന്യാഹുവിന്റെ നീക്കങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒല്‍മെര്‍ട്ട് പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വിനാശകരമായ യുദ്ധമാണെന്നും ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമാണ് ഗസയില്‍ ഇപ്പോള്‍ ദൃശ്യമാകുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

‘ഗസയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ഭക്ഷണവും മരുന്നുമാണ് നമ്മള്‍ നിഷേധിക്കുന്നത്. നെതന്യാഹു ആണെങ്കില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്തരവുകള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നെതന്യാഹുവിന്റെ ചില കൂട്ടാളികള്‍ ‘ഞങ്ങള്‍ ഗസയെ പട്ടിണിയിലാക്കുമെന്ന് പറയുന്നു,’ എഹുദ് ഒല്‍മെര്‍ട്ട് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും നെതന്യാഹുവിനെ വിമര്‍ശിച്ച് ഒല്‍മെര്‍ട്ട് രംഗത്തെത്തിയിരുന്നു. ഗസയില്‍ നിരപരാധികളായ ഫലസ്തീനികളെ നെതന്യാഹു സര്‍ക്കാര്‍ കൊന്നൊടുക്കുകയാണെന്നാണ് ഒല്‍മെര്‍ട്ട് പറഞ്ഞത്. ഗസയിലെ ഇസ്രഈല്‍ നടപടികള്‍ യുദ്ധക്കുറ്റത്തിന് അടുത്ത് നില്‍ക്കുന്നതാണെന്നും എഹുദ് പറഞ്ഞിരുന്നു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എഹുദിന്റെ പരാമര്‍ശം.

നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതിനോടൊപ്പം ഇല്ലാതാകുന്നത് നിരപരാധികളായ കുറേ ഇസ്രഈല്‍ സൈനികരാണെന്നും ഒല്‍മെര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ബന്ദികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു നേട്ടവും ഇസ്രഈല്‍ കൈവരിച്ചിട്ടില്ലെന്നും യുദ്ധത്തിന് ഒരു അന്തിമ ലക്ഷ്യമില്ലെന്നും ഒല്‍മെര്‍ട്ട് വിമര്‍ശിച്ചിരുന്നു.

ഹമാസിനോടാണ് പോരാടേണ്ടത്, സാധാരണക്കാരനോടല്ലെന്നും മുന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ നെതന്യാഹുവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി എഹുദ് ബാരക്കും പ്രതികരിച്ചിരുന്നു.

നെതന്യാഹു ഇസ്രഈലിനോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് എഹുദ് ബരാക് ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. ചാനല്‍ 13നോട് സംസാരിക്കുന്നതിനിടെയാണ് ബരാക് നെതന്യാഹുവിനെതിരെ പ്രതികരിച്ചത്.

നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ് മിയാര സമ്മര്‍ദം ചെലുത്തണമെന്നും ബരാക് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയെ നീക്കം ചെയ്യുന്നത് തടയുന്ന ബില്ല് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധി ഉദ്ധരിച്ചായിരുന്നു ബരാക്കിന്റെ പ്രതികരണം.

Content Highlight: ‘What is happening in Gaza is a war crime’: Former Israeli PM Ehud Olmert against Netanyahu

We use cookies to give you the best possible experience. Learn more