| Monday, 8th December 2025, 8:41 pm

നടന്നത് മധുരവിതരണമല്ല ശത്രുവിനെ ചൂണ്ടിക്കാണിച്ച് കൊടുക്കല്‍; പഴയ ഗൂഢാലോചന ഒളിവിലെങ്കില്‍ ഇത് പബ്ലിക്കായുള്ള ക്വട്ടേഷന്‍ നല്‍കല്‍; വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ കോടതി വളപ്പില്‍ വെച്ചുതന്നെ നടി മഞ്ജു വാര്യര്‍ക്കും പൊലീസ് ഉദ്യോഗസ്ഥയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ പ്രതികരിച്ച ദിലീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു.

ഇനി വെറുതെയിരിക്കില്ലെന്ന് ചിലരെയൊക്കെ അറിയിക്കാനാണ് ദിലീപ് ഈ അവസരം ഉപയോഗിച്ചതെന്ന് സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ച് സാമൂഹിക നിരീക്ഷകന്‍ കൂടിയായ ഡോ.മനോജ് വെള്ളനാട് രംഗത്തെത്തി.

അടിയേറ്റ വിഷപ്പാമ്പിന് തന്റെ ജീവന്‍ തിരിച്ചു കിട്ടിയതിലല്ലായിരുന്നു സന്തോഷം, ഇനിയും വിഷം ചീറ്റാന്‍ ബാക്കിയുണ്ടെന്നും താന്‍ വെറുതെയിരിക്കില്ലെന്നും അറിയിക്കാനായിരുന്നു അവസരം ഉപയോഗിച്ചതെന്ന് അയാളുടെ ആദ്യ പ്രതികരണം വ്യക്തമാക്കുന്നു. അക്കാര്യം ശരീരഭാഷയിലും സംസാരത്തിലും പ്രകടമായിരുന്നുവെന്നും മനോജ് വെള്ളനാട് പ്രതികരിച്ചു.

ദിലീപ് സംഘടനകളിലേക്ക് തിരിച്ചെത്തി പൊതുസമ്മതനായി മാറുന്നതിലൂടെ തിയേറ്ററുകളിലേക്ക് പഴയ പോലെ കൂക്കലുകളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തിരികെ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നടന്റെ പേരെടുത്ത് പറയാതെയായിരുന്നു മനോജിന്റെ ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിയുടെയും ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെയും ചിത്രം പങ്കിട്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

യഥാര്‍ത്ഥത്തില്‍ ഈ രണ്ട് സ്ത്രീകളും ഇരകളാണ്. അതിജീവിതകളാണ്. പക്ഷെ ഇത്രകാലം കഴിഞ്ഞിട്ടും ഈ വ്യക്തിയോട് അവര്‍ക്ക് ഇനിയും പോരാടേണ്ടി വരുന്നു എന്നത് തന്നെ എന്തൊരു ഗതികേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോടതിക്ക് പുറത്തും ദിലീപിന്റെ വീടിന് പരിസരത്തും ദിലീപ് ആരാധകര്‍ നടത്തിയ മധുര വിതരണത്തെയും സോഷ്യല്‍മീഡിയയില്‍ നിലവില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തെയും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വെട്ടുകിളികള്‍ക്കുള്ള മധുരവിതരണം മാത്രമല്ല അവിടെ നടന്നത് അടുത്ത ശത്രുവിനെ ചൂണ്ടിക്കാണിച്ചു കൊടുക്കലാണ് നടന്നത്. പഴയ കേസില്‍ ഒളിവില്‍ ചെയ്ത ഗൂഢാലോചനയായിരുന്നുവെങ്കില്‍ ഇത് പബ്ലിക്കായി തന്നെ ക്വൊട്ടേഷന്‍ കൊടുക്കലായിരുന്നുവെന്നും മനോജ് വെള്ളനാട് വിശദീകരിക്കുന്നു.

എല്ലാ സിനിമാ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളിലേക്ക് അയാള്‍ തിരിച്ചെത്തുമെന്നും
റിയാലിറ്റി ഷോകള്‍ അയാളെ അതിഥിയാക്കാന്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമാ നേരങ്ങളില്‍ അയാളുടെ വളിപ്പുകള്‍ ഒഴിവാക്കാന്‍ മലയാളി പ്രേക്ഷകര്‍ ടിവി ഓഫാക്കേണ്ടി വരും. വീണ്ടും തിയറ്ററുകളില്‍ മറ്റു നടന്മാരുടെയും അതിജീവിതമാരുടെയും അവര്‍ക്കൊപ്പം നിന്നിരുന്ന സകല നടിമാരുടെയും ചിത്രങ്ങള്‍ക്ക് കൂക്കല്‍ കേട്ടു തുടങ്ങും. മൊത്തത്തില്‍ മാലിന്യം കൊണ്ട് നിറയും.

ഈ ഗതികേടിനെ ഞാനും നിങ്ങളും ഒക്കെ പ്രതിരോധിച്ചേ മതിയാകൂ. 100% അവഗണിക്കുക ഇത്തരം ക്രിമിനലുകളെ, ഇരകള്‍ക്കൊപ്പം നില്‍ക്കുക,’ മനോജ് വെള്ളനാട് കുറിച്ചു.

Content Highlight: What happened was not a distribution of sweets, but pointing out the enemy: Dr. Manoj Vellanad’s Fb post

We use cookies to give you the best possible experience. Learn more