| Sunday, 20th September 2026, 11:51 am

അവസാനം കളിച്ചപ്പോള്‍ ജയിച്ചത് 317 റണ്‍സിന്! ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ കേരളത്തിന്റെ ഈ മണ്ണിന് പ്രത്യേക സ്ഥാനം

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി-20കള്‍ക്കുമായാണ് കരീബിയന്‍ കരുത്തിര്‍ ഇന്ത്യയില്‍ പര്യടനം നടത്തുക. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം. പരമ്പരയ്ക്കായി ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡും പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത് തിരുവന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. മൂന്ന് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗ്രീന്‍ഫീല്‍ഡിലേക്ക് ഒരു ഏകദിന മത്സരമെത്തുന്നത്.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

ഇന്ത്യ വീണ്ടും ഈ വേദിയില്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ കുറച്ചൊന്ന് പിന്നിലേക്ക് സഞ്ചരിക്കും. കൃത്യമായി പറഞ്ഞാല്‍ 2023 ജനുവരി 15ലേക്ക്. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ഏറ്റവും പ്രധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ട മത്സരത്തിനാണ് അന്ന് ഗ്രീന്‍ഫീല്‍ഡ് സാക്ഷ്യം വഹിച്ചത്.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരം, മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആധികാരിക വിജയം നേടിയ ആതിഥേയര്‍ ഇതിനോടകം പരമ്പര സ്വന്തമാക്കിയിരുന്നു. മുഖം രക്ഷിക്കാനൊരു വിജയം, ഡെഡ് റബ്ബര്‍ മത്സരത്തിനിറങ്ങുന്ന ലങ്കന്‍ ലയണ്‍സിന്റെ മനസിലുണ്ടായിരുന്നത് ഈയൊരു ചിന്ത മാത്രമായിരുന്നിരിക്കണം. എന്നാല്‍ അവര്‍ക്ക് കാലം കാത്തുവെച്ചത് മറ്റൊരു വിധിയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. ശുഭ്മന്‍ ഗില്ലിനെ ഒപ്പം കൂട്ടി ആദ്യ വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ട് ഹിറ്റ്മാന്‍ പടുത്തുയര്‍ത്തി. 49 പന്തില്‍ 42 റണ്‍സുമായി ചമീക കരുണരത്‌നെയുടെ പന്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച് നല്‍കി താരം തിരിച്ചുനടന്നു.

വണ്‍ഡൗണായി വിരാട് കോഹ്‌ലിയെത്തിയതോടെ അന്തരീക്ഷമൊന്നാകെ മാറിമറിഞ്ഞു. ഒരു വശത്ത് നിന്ന് കിങ്ങും മറുവശത്ത് നിന്ന് പ്രിന്‍സും പന്തെടുത്ത ലങ്കന്‍ ബൗളര്‍മാരെയെല്ലാം ഒരു ദയവും കൂടാതെ ശിക്ഷിച്ചുകൊണ്ടിരുന്നു. ഫലമോ രണ്ടാം വിക്കറ്റില്‍ പിറന്നത് 136 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും.

ശുഭ്മൻ‌ ​ഗിൽ‌. Photo: BCCI/x.com

97 പന്തില്‍ 116 റണ്‍സ് നേടിയ ഗില്ലിനെ മടക്കി കാസുന്‍ രജിതയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഗില്ലിന് കൂട്ടായി നിന്ന വിരാട് എന്ന ഒറ്റക്കൊമ്പന്‍ കാടിളക്കി മറിക്കുന്ന കാഴ്ചയാണ് ശേഷം ആരാധകര്‍ കണ്ടത്.

മറുവശത്ത് ശ്രേയസ് അയ്യര്‍ (32 പന്തില്‍ 38), കെ.എല്‍. രാഹുല്‍ (ആറ് പന്തില്‍ ഏഴ്), സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ നാല്) എന്നിവര്‍ വന്ന് പോയെങ്കിലും മറുവശത്ത് വിരാട് തന്റെ ക്ലാസ് പുറത്തെടുത്തുകൊണ്ടിരുന്നു. ക്രിക്കറ്റ് ലോകം തന്നെ കിങ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഓരോ ലങ്കന്‍ ബൗളര്‍മാര്‍ക്കും വ്യക്തമാക്കിക്കൊടുത്താണ് വിരാട് തിളങ്ങിയത്.

വിരാട് കോഹ്‌ലി. Photo: BCCI/x.com

50 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റില്‍ 390ലെത്തിയപ്പോള്‍ 110 പന്തില്‍ പുറത്താകാതെ 166 റണ്‍സുമായാണ് വിരാട് കരുത്തുകാട്ടിയത്. 13 ഫോറും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ശ്രീലങ്കയ്ക്കായി കാസുന്‍ രജിതയും ലാഹിരു കുമാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ചമീക കരുണരത്‌നെ ഒരു വിക്കറ്റും സ്വന്തമാക്കി.

ബാറ്റിങ്ങില്‍ ചീക്കുഭായ് തന്റെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ ബൗളിങ്ങില്‍ ആ ചുമതല ചീക്കുവിന്റെ സ്വന്തം മിയാനുള്ളതായിരുന്നു. പത്ത് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് നാല് വിക്കറ്റ്.

നാല് പന്തില്‍ ഒരു റണ്ണെടുത്ത ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ വീഴ്ത്തിക്കൊണ്ടായിരുന്നു മുഹമ്മദ് സിറാജ് വേട്ടയാരംഭിച്ചത്. ശേഷം നുവാനിന്ദു ഫെര്‍ണാണ്ടോ (27 പന്തില്‍ 19), ചരിത് അസലങ്ക (നാല് പന്തില്‍ ഒന്ന്), സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക (ഏഴ് പന്തില്‍ ഒന്ന്) എന്നിവര്‍ക്കും സിറാജ് പവലിയനിലേക്കുള്ള വഴിയൊരുക്കി.

മുഹമ്മദ് സിറാജ്. Photo: BCCI

ചമീര കരുണരതനെയുടെ റണ്‍ഔട്ടായിരുന്നു സിറാജിന്റെ സ്‌പെല്ലിലെ ഹൈലൈറ്റ്-വേര്‍ത്തി മൊമെന്റ്. ഇന്നിങ്‌സിലെ 12ാം ഓവറിലെ നാലാം പന്തില്‍ സിറാജെറിഞ്ഞ പന്ത് ഡിഫന്‍ഡ് ചെയ്യാനായിരുന്നു കരുണരത്‌നെയുടെ ശ്രമം. പിച്ചിന് നടുവിലുണ്ടായിരുന്ന സിറാജിന്റെ കൈകളിലേക്ക് തന്നെ പന്തെത്തി.

മുഹമ്മദ് സിറാജ് എന്ന ക്രിക്കറ്ററുടെ പ്രസന്‍സ് ഓഫ് മൈന്‍ഡ് ലങ്കന്‍ ടീം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഒട്ടും അമാന്തിക്കാതെ ബാറ്ററുടെ വിക്കറ്റിന് നേരെയെറിഞ്ഞ സിറാജ് റണ്‍ ഔട്ട് നേടിയെടുക്കുകയായിരുന്നു. ആ റണ്‍ ഔട്ട് സിറാജിന്റെ പേരില്‍ തന്നെ കുറിക്കപ്പെട്ടെങ്കിലും വിക്കറ്റായി രേഖപ്പെടുത്താത്തതിനാല്‍ താരത്തിന് അര്‍ഹിച്ച ഫൈഫര്‍ നഷ്ടപ്പെടുകയായിരുന്നു.

മത്സരത്തില്‍ സിറാജിന് പുറമെ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലങ്കയുടെ പോരാട്ടം 73ലൊതുങ്ങി.

മത്സരത്തില്‍ 317 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു അന്ന് ഗ്രീന്‍ഫീല്‍ഡില്‍ കുറിക്കപ്പെട്ടത്.

അതേ ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ മൂന്ന് വര്‍ഷത്തിന് ശേഷം മറ്റൊരു ഏകദിനം കൡാനൊരുങ്ങുകയാണ്. വിരാട് അടക്കമുള്ള അന്നത്തെ വമ്പന്‍മാരില്‍ മിക്കവരും ഇത്തവണത്തെ സ്‌ക്വാഡിലുമുണ്ട്. അന്ന് ലങ്കയെ തകര്‍ത്ത അതേ ഡൊമിനന്‍സ് ഇന്ന് വിന്‍ഡീസിനെതിരെയും പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: What happened the last time India played an ODI at the Greenfield Stadium.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more