കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വിസ്ഡം മുജാഹിദ് ഗ്രൂപ്പിന്റെ ഒരു പരിപാടി നിയമപ്രകാരമുള്ള സമയം കഴിഞ്ഞിട്ടും തുടര്‍ന്നപ്പോള്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. ഈ സംഭവത്തിന് പിന്നാലെ പരിപാടി നിര്‍ത്തിച്ച പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നു. പരിപാടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് തിരികെ വരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തകിലൊരാളുടെ ചിരിക്കാനുള്ള ആവശ്യത്തോട് പ്രതികരിച്ച രീതിയും ഏറെ വിമര്‍ശിക്കപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥനെതിരെ വലിയ രീതിയിലുള്ള ട്രോളുകളും പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നു. ക്യാമറ നോക്കി ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ പല തരത്തിലുള്ള മീമുകളായും ട്രോളുകളായും സ്റ്റിക്കറുകളായും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മുസ്‌ലിം സംഘടന നടത്തുന്ന പരിപാടി ആയതിനാല്‍ സംഘി പൊലീസ് വര്‍ഗീയതയോടെ പെരുമാറി എന്നടക്കമുള്ള പ്രചാരണങ്ങൾ ഉണ്ടായി.
എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? എന്തിനാണ് പൊലീസ് പരിപാടി നിർത്തി വെപ്പിച്ചത്?
അതിന് നമ്മൾ ആദ്യം അറിയേണ്ടത് നോയ്‌സ് പൊല്യൂഷൻ റെഗുലേഷൻ റൂളിനെക്കുറിച്ചാണ്. ചട്ടം നിലവിൽ വന്നിട്ട് 25 വർഷമായിട്ടുണ്ടെങ്കിലും ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം രൂപപ്പെടാനുള്ള കാരണങ്ങളെക്കുറിച്ചും, ചട്ടം മുന്നോട്ടുവെക്കുന്ന നിബന്ധനകളെക്കുറിച്ചും, ശിക്ഷകളെക്കുറിച്ചും ആളുകൾക്ക് അവബോധം വളരെക്കുറവാണ്.
ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം ലംഘനം നടത്തിയും ഓരോ പ്രദേശത്തെ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ് നഷ്ടപ്പെടുത്തിയും നടത്തുന്ന പടക്കം പൊട്ടിക്കലും കുറ്റകരമാണ്
ഇന്ത്യയിൽ, പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ, ശബ്ദമലിനീകരണം ഒരു അടിയന്തര പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. ഗതാഗതം, നിർമാണം, പൊതുപരിപാടികൾ എന്നിവയിൽ നിന്നുള്ള ശബ്ദം, ഉച്ചഭാഷിണികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം തുടങ്ങിയവ പലപ്പോഴും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി, ഇന്ത്യൻ സർക്കാർ കൊണ്ടുവന്ന നിയമമാണ് ‘ദി നോയ്‌സ് പൊലൂഷൻ റൂൾസ് 2000’.
ഈ നിയമത്തിന് കീഴിൽ നിശ്ചിത സ്ഥലങ്ങളിൽ നിശ്ചിത അളവുകളിൽ മാത്രമേ ശബ്ദം ഉണ്ടാക്കാൻ പാടുകയുള്ളു. മാത്രവുമല്ല നിശ്ചിത സമയത്തിന് ശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരൻ
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഓരോ സംസ്ഥാന സർക്കാരും ഈ റൂളിന് കീഴിൽ വിവിധ സ്ഥലങ്ങളെ നാല് മേഖലകളായി തരം തിരിക്കുന്നുണ്ട്.
ഇൻഡസ്‌ട്രിയൽ സോൺ
റെസിഡൻഷ്യൽ സോൺ
കൊമേർഷ്യൽ സോൺ
സൈലന്റ് സോൺ
പെരിന്തല്‍മണ്ണയില്‍ പരിപാടി നടന്നത് റെസിഡൻഷ്യൽ ഏരിയയിലാണ്. പത്ത് മണിക്ക് ശേഷം 45 ഡെസിബെലിൽ കൂടുതൽ ശബ്ദത്തിൽ പരിപാടി നടത്താൻ ആർക്കും അനുമതി ഇല്ല. അത് തടയാൻ പൊലീസിന് അധികാരം ഉണ്ട് താനും
വ്യാവസായിക മേഖലകൾ പ്രധാനമായും വ്യാവസായിക പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളിൽ സാധാരണയായി ഫാക്ടറികൾ, വർക് ഷോപ്പുകൾ, ഹെവി മെഷിനറികൾ എന്നിവയുണ്ടാകും. ഇവയുടെ പ്രവർത്തനങ്ങൾ കാരണം ഇവിടെ ഉയർന്ന നിലയിൽ ശബ്ദം ഉണ്ടാകാറുണ്ട്. ഈ പ്രദേശങ്ങളിൽ 75 ഡെസിബെൽ ശബ്ദത്തിൽ കൂടുതലുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടില്ല എന്നാണ് നിയമം. രാത്രിയിൽ 70 ഡെസിബൽ ശബ്ദം ഉണ്ടാക്കാനേ സാധിക്കുകയുള്ളു.
ആളുകൾ താമസിക്കുന്ന ഇടമാണ് റെസിഡൻഷ്യൽ ഏരിയ. റെസിഡൻഷ്യൽ ഏരിയകളിൽ 55ഡെസിബെൽ വരെ ശബ്ദം ഉണ്ടാക്കാൻ പാടുള്ളുവെന്ന് നിയമം പറയുന്നുണ്ട്. അതിൽ തന്നെ പകൽ സമയത്തും രാത്രിയിലും വ്യത്യസ്ത അളവുകളാണ് ഉള്ളത്. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെയേ ശബ്ദങ്ങൾ ഉണ്ടാക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കുകയുള്ളു.
റെസിഡൻഷ്യൽ ഏരിയകളിൽ പകൽ സമയത്ത് അനുവദനീയമായ പരമാവധി ശബ്ദ നില 55 ഡെസിബെൽ ആണ്. രാത്രിയിൽ, വിശ്രമവും ഉറക്കവും സുഗമമാക്കുന്നതിന് വേണ്ടി 45 ഡെസിബെൽ ആയി ഇത് കുറച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകളിൽ ശബ്ദമലിനീകരണമില്ലാത്ത ശാന്തമായ അന്തരീക്ഷം നിലനിർത്തുന്നതിനും അതുവഴി താമസക്കാരുടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പരിധികൾ നിശ്ചയിച്ചിട്ടുള്ളത്.
മാർക്കറ്റുകൾ, ഓഫീസുകൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ വ്യാപാര പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളാണ് വാണിജ്യ മേഖലകൾ. ഇവിടെ രാവിലെ 65 ഡെസിബെൽ വരെയേ ശബ്ദം ഉണ്ടാക്കാൻ പാടുള്ളു. രാത്രി ഇത് 55 ഡെസിബെൽ ആയി കുറയും.
വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഇടങ്ങളാണ് സൈലന്റ് സോൺ ആയി കണക്കാക്കുന്നത്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, മതപരമായ സ്ഥലങ്ങൾ തുടങ്ങിയവ ഉള്ള ഇടങ്ങളാണ് ഇത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ ആരാധന പോലുള്ള പ്രവർത്തനങ്ങൾക്ക് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടി ഈ ഭാഗത്ത് പരമാവധി കുറഞ്ഞ ശബ്ദം മാത്രമേ ഉണ്ടാക്കാൻ പാടുള്ളു എന്ന് നിയമം അനുശാസിക്കുന്നുണ്ട്. സൈലന്റ് സോണിൽ 50 ഡെസിബെൽ ശബ്ദം മാത്രമേ ഉണ്ടാക്കാൻ സാധിക്കുകയുള്ളു. രാത്രി കാലങ്ങളിൽ ഇത് 40 ഡെസിമൽ ആണ്. നിശബ്ദമേഖലയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ പാടില്ല, അവിടെ ലൗഡ് സ്പീക്കർ ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിക്കില്ല.
പെരിന്തല്‍മണ്ണയില്‍ പരിപാടി നടന്നത് റെസിഡൻഷ്യൽ ഏരിയയിലാണ്. പത്ത് മണിക്ക് ശേഷം 45 ഡെസിബെലിൽ കൂടുതൽ ശബ്ദത്തിൽ പരിപാടി നടത്താൻ ആർക്കും അനുമതി ഇല്ല. അത് തടയാൻ പൊലീസിന് അധികാരം ഉണ്ട് താനും.
കാരണം കേരളത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുള്ള അധികാരം പൊലീസ് വകുപ്പിലെ അധികാരികളായ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അല്ലെങ്കിൽ പ്രാദേശിക അധികാരപരിധിയിലുള്ള പൊലീസ് സൂപ്രണ്ട് എന്നിവർക്കാണ്.
റെസിഡൻഷ്യൽ ഏരിയയിലുള്ള ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി പൊലീസ് തങ്ങളുടെ ഡ്യുട്ടി ചെയ്യുക മാത്രമാണ് പെരിന്തൽമണ്ണയിൽ നടന്നത്. ഇതിൽ വർഗീയത പറയുന്നവരോട് മറ്റൊന്ന് കൂടി പറയട്ടെ മാർച്ച് ഒമ്പതിന് ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ പത്തു വയസുകാരി ഗംഗ ശശിധരന്‍റെ വയലിന്‍ കച്ചേരിയും പൊലീസ് നിർത്തി വെപ്പിച്ചിരുന്നു. രാത്രി പത്ത് മണി ആയതിനാലാണ് ആ പരിപാടിയും പൊലീസ് നിർത്തി വെപ്പിച്ചത്.
ലൗഡ് സ്പീക്കർ പോലുള്ള ഉപകരണങ്ങൾ രാത്രി കാലങ്ങളിൽ ഉപയോഗിക്കാൻ പാടില്ല എന്ന് ദി നോയ്‌സ് പൊലൂഷൻ റൂൾസ് 2000 അനുശാസിക്കുന്നുണ്ട്. അതേസമയം അടച്ചിട്ട സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കുകയും ചെയ്യാം. അതായത് ഓഡിറ്റോറിയം, തീയേറ്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കാം.
അപ്പോൾ ചില പരിപാടികൾക്ക് രാത്രി 12 മണി വരെ അനുമതി നൽകുന്നില്ലേ എന്ന മറു ചോദ്യം ഉയർന്നേക്കാം. അതിനുള്ള ഉത്തരമാണ് ഇത്.
ദേശീയ ആഘോഷങ്ങളായ റിപ്പബ്ലിക് ഡേ, ഇൻഡിപെൻഡൻസ് ഡേ, അല്ലെങ്കിൽ മുൻകൂട്ടി കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റേതെങ്കിലും വിശേഷപ്പെട്ട പരിപാടികൾക്ക് രാത്രി 12 മണിവരെ എക്സ്റ്റൻഷൻ അനുവദിക്കാമെന്നും ചട്ടം പറയുന്നുണ്ട്.
ഇന്ത്യൻ പാർലമെന്റ് പാസാക്കി നടപ്പിലാക്കി വരുന്ന ദി നോയ്‌സ് പൊലൂഷൻ റൂൾസ് 2000ത്തിന്റെ ചട്ട നിബന്ധനകൾ പാലിക്കപ്പെടാൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും, സംസ്ഥാനങ്ങളിലെ കോടതികളും, ഭരണ സംവിധാനങ്ങളും, ഹൈക്കോടതികളും, ബാലാവകാശ കമ്മീഷനുകളും, മനുഷ്യാവകാശ കമ്മീഷനുകളും സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു മതത്തിനും മതസ്ഥാപനങ്ങൾക്കും ലൗഡ്‌സ്പീക്കർ ഉപയോഗിക്കുന്നത് തങ്ങളുടെ മതാചാരമോ അവകാശമോ ആയി പറയാൻ കഴിയില്ല എന്നും, പൗരന്റെ ജീവിക്കാനുള്ള അവകാശമായ ആർട്ടിക്കിൾ 21ന് മേൽ മറ്റൊന്നും ഇല്ല എന്നും, ഒരു പൗരന് കേൾക്കാൻ താത്പര്യമില്ലാത്തത് ആ വ്യക്തിയെ കേൾപ്പിക്കാൻ അവകാശമില്ല എന്നും 2000ൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
അപ്പോൾ കേരളത്തിലെ ആരാധനാലയങ്ങളെല്ലാം ലൗഡ്സ്പീക്കർ നിരന്തരമായി ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ഉയരുന്നുണ്ടല്ലേ? ഇവയെല്ലാം നിയമവിരുദ്ധമായും ചട്ടവിരുദ്ധമായുമാണ് പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
ലൗഡ്സ്പീക്കർ ഉപയോഗിക്കുക എന്നത് മതാവകാശമല്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ട്. അതുപോലെ ദി നോയ്‌സ് പൊലൂഷൻ റൂൾസ് 2000ലും ഇത് നിയമ വിരുദ്ധമാണെന്ന് പറയുന്നുണ്ട്. അതിനാൽ തന്നെ സ്വയം ഭരണഘടനാ മൂല്യങ്ങളും പൊതുജനാരോഗ്യവും ഉയർത്തിപ്പിടിച്ച് ലൗഡ്‌സ്പീക്കറുകൾ അഴിച്ചുമാറ്റാൻ ആരാധനാലയങ്ങൾ തയ്യാറാവുക തന്നെ വേണം എന്നതാണ് വസ്തുത.
അതുപോലെ പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് സഞ്ചരിക്കുന്നതിനും സ്വതന്ത്രമായി അപരനെ ദ്രോഹിക്കാതെ ജീവിക്കുന്നതിനുമുള്ളതാണ്. ആയതിനാൽ അവിടങ്ങളിലൊക്കെയുള്ള ശബ്ദം ന്യൂട്രൽ ആയിരിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയും കടമയുമാണ്.
അതിനാൽ രാഷ്ട്രീയ-മത-സാംസ്കാരിക പരിപാടികളെല്ലാം ചട്ടം പ്രകാരം ഓഡിറ്റോറിയങ്ങളിൽ ആണ് നടത്തേണ്ടത്. അതും അവിടെയുള്ള ആളുകൾക്ക് മാത്രം കേൾക്കത്തക്ക വിധം ക്രമീകരിച്ച് വേണം നടത്താൻ.
ശബ്ദമലിനീകരണം മൂലം കുട്ടികൾക്കും ഗർഭസ്ഥ ശിശുവിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്ന് ബാലാവകാശ കമ്മീഷന്റെ ഒരു ഉത്തരവിൽ പറയുന്നുണ്ട്. 80 ഡെസിബലിന് മുകളിൽ ശബ്ദം കേൾക്കുന്ന കുട്ടികൾക്ക് ജനിതക തകരാർ സംഭവിക്കാനോ, കേൾവിയില്ലാതെ ജനിക്കാനോ പഠന വൈകല്യത്തിനോ കാരണമാകും എന്നും ഉത്തരവിൽ പറയുന്നുണ്ട്.
അതിനാൽ തന്നെ ശബ്ദ മലിനീകരണം മൂലം ഒരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ, ആ വ്യക്തി അത് പരാതിപ്പെട്ടാൽ ഉടൻ മലിനീകരണം ഉണ്ടാക്കിയ ഉപകരണം പിടിച്ചെടുക്കാനും നടപടിയെടുക്കാനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
ചട്ടം ലംഘിക്കപ്പെട്ടാൽ, അതിനെതിരെ പരാതി ലഭിച്ചാൽ ഉടൻ ഉപകരണങ്ങൾ പിടിച്ചെടുക്കാനും 10,000 രൂപ പിഴ ഈടാക്കാനും ഉത്തരവിൽ പറയുന്നു.
ശബ്ദം ഉണ്ടാക്കുക എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്ന വാദം ഉയർന്നേക്കാം ഇവിടെ. ശരിയാണ് ശബ്ദം ഉണ്ടാക്കാനുള്ള അവകാശം ഒരു സ്വകാര്യ അവകാശമാണ്.
എന്നാൽ ആ ശബ്ദം മറ്റൊരാൾക്ക് കേൾക്കാൻ താത്പര്യമില്ലെങ്കിൽ അത് അയാളുടെ ഇടങ്ങളിലോ, പൊതു ഇടങ്ങളിലോ , പൊതു വാഹനങ്ങളിലോ കേൾപ്പിക്കാൻ ആർക്കും അവകാശമില്ല. ഓരോ ഇന്ത്യൻ പൗരനും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പൗരാവകാശമായ ശാന്തതയെന്ന മൗലികാവകാശത്തിനുള്ള അവകാശം ലഭ്യമാക്കേണ്ടതുണ്ട്. ഇഷ്ടമുള്ള ശബ്ദം ഉണ്ടാക്കാം എന്ന സ്വന്തം സ്വകാര്യ അവകാശം അപരന് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് ചെയ്യുന്നത് എന്ന് ഓരോ വ്യക്തിയും ഉറപ്പാക്കേണ്ടതുമാണ്.
ഈ നിയമത്തിന് കീഴിൽ ഓടുന്ന വാഹനങ്ങളിൽ ലൗഡ്‌സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നത് കുറ്റകരമാണ്.
നിശബ്ദമേഖലകളിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഓടുന്ന വാഹനങ്ങൾ പൊതുനിരത്തിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നത് കുറ്റകരമാണ്. അതുപോലെ ഓടുന്ന വാഹനം നിശബ്ദമേഖലയിൽ നിർത്തിയോ ഓടിച്ചോ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതും കുറ്റകരമാണ്.
ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം ലംഘനം നടത്തിയും ഓരോ പ്രദേശത്തെ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ് നഷ്ടപ്പെടുത്തിയും നടത്തുന്ന പടക്കം പൊട്ടിക്കലും കുറ്റകരമാണ്. പ്രത്യേകിച്ച് നിശബ്ദമേഖലകളിലും, അവയുടെ സമീപത്തും പടക്കം പൊട്ടിക്കുന്നത് ഗൗരവപരമായ കുറ്റമാണ്.
പടക്കം പൊട്ടിക്കാൻ പോലും അനുമതി ആവശ്യമാണ് എന്നതാണ് വസ്തുത. മതിയായ സുരക്ഷാ ക്രമീകരണങ്ങളും, അകലവും സ്വന്തം പരിധിക്ക് പുറത്ത് ചട്ടപ്രകാരമുള്ളതിലധികം ശബ്ദം പോകുന്നില്ല എന്ന് ഉറപ്പാക്കിയും മാത്രമേ പടക്കം പൊട്ടിക്കാവൂ.
Content Highlight: What happened in Perinthalmanna was not communal, but police action; Know about the Noise Pollution Regulation Rule