| Friday, 7th November 2025, 1:57 pm

'എല്ലാ ഭാരവും നിങ്ങള്‍ തോളിലേറ്റണ്ട, അഹമ്മദാബാദിലെത് ഒരു അപകടമായിരുന്നു'; കൊല്ലപ്പെട്ട പൈലറ്റിന്റെ പിതാവിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എയര്‍ഇന്ത്യ പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവിനെ ആശ്വസിപ്പിച്ച് സുപ്രീം കോടതി. അന്നുണ്ടായ അപകടത്തില്‍ മകനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും നടന്നത് ഒരു അപകടമായിരുന്നുവെന്നും കോടതി പറഞ്ഞു.

‘ആ ഭാരം സ്വയം തോളിലേറ്റരുത്. വിമാനാപകടത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്തരുത്. അതൊരു അപകടം മാത്രമായിരുന്നു.

പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പോലും പൈലറ്റിന് എതിരായി ഒരു സൂചനയുമില്ല,’ 91 വയസുള്ള പൈലറ്റിന്റെ പിതാവ് പുഷ്‌കരാജ് സബര്‍വാളിനോട് സുപ്രീം കോടതി പറഞ്ഞു.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തണമെന്നും മുന്‍ സുപ്രീംകോടതി ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പൈലറ്റിന്റെ പിതാവ് ഹരജി സമര്‍പ്പിച്ചത്.

ഹരജിയില്‍ കേന്ദ്രത്തിനും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹരജിയില്‍ വിമാനാപകടത്തില്‍ ന്യായവും സുതാര്യവും സാങ്കേതികവും ശക്തവുമായ അന്വേഷണം നടത്തണമെന്നും പുഷ്‌കരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാള്‍സ്ട്രീറ്റ് ജേണലില്‍ പൈലറ്റിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടതും കോടതിയില്‍ പിതാവ് ചൂണ്ടിക്കാണിച്ചു.

2025 ജൂണ്‍ 12നാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീം ലൈനര്‍ AI171 വിമാനം അപകടത്തില്‍പ്പെട്ടത്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന വിമാനം ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ 260 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റും കോപൈലറ്റും വിമാനജീവനക്കാരും ഉള്‍പ്പെടെ 241 പേരാണ് കൊല്ലപ്പെട്ടത്. ഒരു യാത്രക്കാരന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

വിമാനം പതിച്ച മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ് ഹാള്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികളടക്കം 19 പേരും മരണപ്പെട്ടിരുന്നു.

വിമാനം ടേക്ക്ഓഫ് ചെയ്ത് അധികം വൈകാതെ തന്നെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി)യുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Content Highlight: ‘You shouldn’t carry burden on yourself, what happened in Ahmedabad was an accident’; Supreme Court tells pilot’s father

We use cookies to give you the best possible experience. Learn more