| Monday, 25th May 2026, 11:17 am

ജോര്‍ജുകുട്ടിക്ക് വേണ്ടത് ശിക്ഷയല്ല, ചികിത്സയാണ്!

Manoj Vellanad

നോ സ്‌പോയിലര്‍

ഒരു വ്യക്തി ദീര്‍ഘനാള്‍ താന്‍ ചെയ്ത ക്രൈം പുറത്തറിയാതെ ഉള്ളില്‍ ഒതുക്കുമ്പോള്‍, അയാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ തികച്ചും സങ്കീര്‍ണ്ണവും ഭയാനകവുമായിരിക്കും. പുറമെ ശാന്തനെന്ന് തോന്നിക്കുമ്പോഴും ഉള്ളില്‍ നിരന്തരം പുകയുന്ന ഒരു അഗ്‌നിപര്‍വ്വതത്തെപ്പോലെയാണത്. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഈ അവസ്ഥയെ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.

1. വിട്ടുമാറാത്ത ഭീതിയും ജാഗ്രതയും (Hypervigilance)

തന്റെ രഹസ്യം എപ്പോള്‍ വേണമെങ്കിലും പുറത്താകാം എന്ന ഭയം ഇവരെ എപ്പോഴും വേട്ടയാടും. ചുറ്റുമുള്ള എല്ലാ ചലനങ്ങളെയും അവര്‍ സംശയത്തോടെ നോക്കിക്കാണും. ജോര്‍ജ്ജുകുട്ടിക്ക് വീടിന് മുന്നിലൂടെ ഒരു പോലീസ് വണ്ടി പോകുമ്പോഴോ, ആരെങ്കിലും അസാധാരണമായി നോക്കുമ്പോഴോ പഴയ കേസ് എന്തായി എന്ന് ചോദിക്കുമ്പോഴോ ഉള്ളില്‍ മിന്നുന്ന ഭയം ഇതാണ്. അയാള്‍ എപ്പോഴും അതീവ ജാഗ്രതയിലാണ്. ഫോണ്‍ കോളുകള്‍ വരുമ്പോഴും, പരിചയമില്ലാത്തവര്‍ സംസാരിക്കാന്‍ വരുമ്പോഴും അയാള്‍ സ്വയം ഒരു പ്രതിരോധ കോട്ട തീര്‍ക്കുന്നു.

2. പാപബോധവും ശിക്ഷാഭയവും (Guilt and Fear of Retribution)

മോഹന്‍ലാല്‍ Photo: Aashirvad Cinemas

നിയമത്തിന്റെ മുന്നില്‍ പിടിക്കപ്പെടുമോ എന്ന ഭയത്തേക്കാള്‍ വലിയതായിരിക്കാം താന്‍ ചെയ്ത തെറ്റിനെക്കുറിച്ചുള്ള പാപഭാരം. കാരണം അയാള്‍ ഒരു ക്രിമിനല്‍ ഒന്നുമല്ല. ഇത് ഉറക്കമില്ലായ്മയിലേക്കും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും നയിക്കും. ജോര്‍ജ്ജുകുട്ടി ചെയ്തതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും, ഒരു കൊലപാതകം മറച്ചുവെച്ചു എന്ന സത്യം അയാളുടെ ഉപബോധമനസ്സിനെ നിരന്തരം അസ്വസ്ഥമാക്കുന്നുണ്ടാവും. സിനിമയുടെ രണ്ടാം ഭാഗത്തിലും അത് വ്യക്തമാണ്. എപ്പോഴും ഒരുതരം വിഷാദ ഭാവം പുലര്‍ത്തുന്നതും മിക്കപ്പോഴും ആബ്‌സന്റ് മൈന്‍ഡഡ് ആയി പോകുന്നതും ഒക്കെ ഇതിന്റെ ഭാഗമാകാം.

മോഹന്‍ലാല്‍ Photo: Aashirvad Cinemas

3. ഇരട്ട ജീവിതം നയിക്കേണ്ടി വരുന്നതിന്റെ ആയാസം (The Burden of a Double Life)

സമൂഹത്തിന് മുന്നില്‍ തികച്ചും സാധാരണക്കാരനായ, മാതൃകാപരമായ ഒരു ജീവിതം നയിക്കുമ്പോഴും ഉള്ളില്‍ താനൊരു കുറ്റവാളിയാണെന്ന തിരിച്ചറിവ് വലിയൊരു വൈരുദ്ധ്യമാണ്. യഥാര്‍ത്ഥ വ്യക്തിത്വത്തെ മറച്ചുവെച്ച് അഭിനയിക്കേണ്ടി വരുന്നത് കടുത്ത മാനസിക ക്ഷീണം ഉണ്ടാക്കും. നാട്ടുകാര്‍ക്ക് അയാള്‍ ഇപ്പോഴും സിനിമയെയും കുടുംബത്തെയും സ്‌നേഹിക്കുന്ന, കഠിനാധ്വാനിയായ ജോര്‍ജ്ജുകുട്ടിയാണ്. എന്നാല്‍ ഈ മുഖംമൂടിക്ക് പിന്നില്‍, പിടിക്കപ്പെട്ടാല്‍ തന്റെ കുടുംബം ശിഥിലമാകുമെന്ന് ഭയപ്പെടുന്ന, പൊലീസിന്റെ നീക്കങ്ങള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്ന മറ്റൊരു ജോര്‍ജ്ജുകുട്ടിയുണ്ട്. ഈ ഇരട്ട ജീവിതം അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു.

4.ഏകാന്തതയും ആശയവിനിമയമില്ലായ്മയും (loss of self and Isolation)

ഉള്ളിലെ ഭയം ആരോടും തുറന്നുപറയാന്‍ കഴിയില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും ഇത് പങ്കുവെക്കാന്‍ പറ്റാത്തതുകൊണ്ട് ഇവര്‍ കടുത്ത ഏകാന്തത അനുഭവിക്കും. പങ്കുവെച്ചാല്‍ അത് തനിക്കെതിരെയുള്ള തെളിവായി മാറിയേക്കാം എന്ന ഭയമാണതിന് കാരണം. ഭാര്യയ്ക്കും മക്കള്‍ക്കും സത്യമറിയാമെങ്കിലും, അവരുമായിപ്പോലും ഈ വിഷയം സംസാരിക്കാന്‍ അയാള്‍ മുതിരുന്നില്ല. കാരണം ആ ചര്‍ച്ചകള്‍ അവരില്‍ കൂടുതല്‍ ഭയമുണ്ടാക്കുമെന്ന് അയാള്‍ക്കറിയാം. താന്‍ കെട്ടിപ്പടുത്ത തന്ത്രങ്ങളുടെയും രഹസ്യങ്ങളുടെയും ലോകത്ത് ജോര്‍ജ്ജുകുട്ടി തികച്ചും ഒറ്റയ്ക്കാണ്.

മോഹന്‍ലാല്‍ Photo: Aashirvad Cinemas

5. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം (Loss of Peace and Future)

ഇനി എത്ര കാലം ഇങ്ങനെ സുരക്ഷിതമായി മുന്നോട്ട് പോകാന്‍ കഴിയും എന്ന ചോദ്യം ഇവരെ നിരന്തരം വേട്ടയാടും. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഒരു സന്തോഷവും പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഒരു സിനിമ നിര്‍മ്മിക്കുമ്പോഴോ, ബിസിനസ്സ് പുരോഗമിക്കുമ്പോഴോ പോലും ജോര്‍ജ്ജുകുട്ടിക്ക് മനസ്സമാധാനമില്ല. ഏതു നിമിഷവും ഭൂമി പിളര്‍ന്ന് സത്യം പുറത്തുവരാം എന്ന് അയാള്‍ ഭയപ്പെടുന്നു.

പുറമേക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു എന്ന് തോന്നുമ്പോഴും, നിയമത്തിന്റെ പിടിയില്‍ നിന്നുമാത്രമല്ല ചുറ്റുമുള്ള മനുഷ്യരില്‍ നിന്നും രക്ഷപ്പെടാന്‍ എടുക്കുന്ന ഓരോ മുന്‍കരുതലുകളും അയാളെ സ്വന്തം മനസ്സിന്റെ തടവുകാരനാക്കി മാറ്റുന്നു. കഴിഞ്ഞ 12 വര്‍ഷമായി പോലീസിന്റെ ജയിലില്‍ അല്ലെങ്കിലും, ജോര്‍ജ്ജുകുട്ടി ഭയത്തിന്റെയും ജാഗ്രതയുടെയും സ്വന്തം ജയിലിലാണ് ജീവിക്കുന്നത്. അയാള്‍ക്ക് തീര്‍ച്ചയായും ചികിത്സ വേണം.

ആ ജോര്‍ജ്കുട്ടിയെയാണ്, വര്‍ഷങ്ങളായി ആ മാനസികാവസ്ഥയിലൂടെ ഓരോ സെക്കന്റും ജീവിക്കുകയും എന്നാല്‍ തളരാന്‍ വയ്യാ എന്ന് നിരന്തരം പറയുകയും ചെയ്യുന്ന ജോര്‍ജ്കുട്ടിയെയാണ് ഞാന്‍ D3 യില്‍ കണ്ടത്. അയാളെ കാണാന്‍, ഈ അഭിനയ മുഹൂര്‍ത്തങ്ങള്‍ അത്ഭുതത്തോടെ നോക്കിയിരിക്കാന്‍ തീര്‍ച്ചയായും D3 ക്ക് ടിക്കറ്റെടുക്കാം.

Content Highlight: What Georgekutty needs is not punishment, but treatment

Manoj Vellanad

ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

We use cookies to give you the best possible experience. Learn more