| Monday, 21st July 2025, 7:36 am

ചെറുക്കേണ്ടവർ പോലും വിദ്വേഷസംസ്കാരത്തിന് വാഴ്ത്തുപാട്ടുകൾ പാടുന്നു: വെള്ളാപ്പള്ളിക്കെതിരെ ഗീവർഗീസ് കുറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ രംഗത്തെത്തി യാക്കോബായ സഭയുടെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ്. കഴിഞ്ഞ ദിവസമായിരുന്നു വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നും കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശം. ഇതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീവർഗീസ് മാർ കുറിലോസ് വിമർശനവുമായെത്തിയത്.

പഠനത്തിനും ജോലിക്കുമായി കേരളം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവതയെ ഓർത്ത് ആകാംക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സന്തോഷവും ആശ്വാസവുമാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ പക്ഷം ജാതി മത വിദ്വേഷം പരത്തുന്ന വർഗീയതയിൽ നിന്ന് അവർക്ക് രക്ഷപെടാൻ കഴിഞ്ഞല്ലോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒപ്പം പത്തൊൻപതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്തലായമായി മാറുന്ന നമ്മുടെ നാട് വിടാൻ ആരാണ് ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

‘പത്തൊൻപതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്തലായമായി മാറുന്ന നമ്മുടെ നാട് വിടാൻ ആരാണ് ആഗ്രഹിക്കാത്തത്? ചെറുക്കേണ്ടവർ പോലും വിദ്വേഷ സംസ്കാരത്തിന് വാഴ്ത്തുപാട്ടുകൾ പാടുമ്പോൾ എന്ത് പറയാൻ? അധികാരത്തിന് വേണ്ടി ആദർശങ്ങൾ പണയപ്പെടുത്തിയാൽ ദൂര വ്യാപക ദുരന്തമായിരിക്കും ഫലം. നമ്മൾ എന്ന് മനുഷ്യരാകും,’ അദ്ദേഹം ചോദിച്ചു.

കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും തിരു-കൊച്ചിയില്‍ ഉള്‍പ്പെടെ ലീഗ് സീറ്റ് ചോദിച്ചുവാങ്ങുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലവില്‍ ലീഗ് മത്സരിക്കുന്നത് തന്നെ കൂടുതല്‍ സീറ്റുകളിലാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം ലഭിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

‘കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ്. കേരളത്തിലെ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണ് ചെയ്തത്. മുസ്‌ലിം സമുദായം ജനസംഖ്യ വര്‍ധിപ്പിക്കുകയാണ്,’ വെള്ളാപ്പള്ളി പറഞ്ഞു.

ഇങ്ങനെയാണെങ്കില്‍ കേരളം വൈകാതെ തന്നെ മുസ്‌ലിം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തി. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: What can we say when even those who should resist sing praises for the culture of hate: Geevarghese Kurilos against Vellappally

We use cookies to give you the best possible experience. Learn more