| Monday, 19th May 2025, 11:11 am

ആര്‍.എസ്.എസിന് എന്ത് കല? വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: റാപ്പര്‍ വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്‍. വേടനെ ആര്‍.എസ്.എസ് വേട്ടയാടുന്നുവെന്നും വേടനെ വേട്ടയാടാന്‍ സമ്മതിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

റാപ്പ് സംഗീതത്തിലൂടെ വേടന്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആര്‍.എസ്.എസ് പറയുന്നതെന്നും ആര്‍.എസ്.എസിന് എന്ത് കലയെന്നും അദ്ദേഹം ചോദിച്ചു. വേടന്‍ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ടെന്നും വേടനെ വേട്ടയാടാന്‍ സമ്മതിക്കില്ലന്നും അദ്ദേഹം പറഞ്ഞു. വേടനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയപ്പോള്‍ പാര്‍ട്ടി വേടനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വേടനെതിരായ നടപടിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ എം.വി ഗോവിന്ദന്‍ വീണ്ടും വിമര്‍ശിക്കുകയും ചെയ്തു. കഞ്ചാവ് പിടിച്ച സംഭവത്തില്‍ വേടന് തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണെന്നും അത് അവിടെ തന്നെ തീരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വേടന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണ് കടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേടനെതിരെ ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നതിനിടെയാണ് എം.വി ഗോവിന്ദന്റെ പരാമര്‍ശം. ആര്‍.എസ്.എസ് നേതാവ് എന്‍.ആര്‍ മധുവുള്‍പ്പെടെ വേടനെതിരെ രംഗത്തെത്തിയിരുന്നു. പൊതുപരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം വേടനെതിരായ പരാമര്‍ശങ്ങളാണ് മധു നടത്തുന്നത്.

വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്പോണ്‍സര്‍മാരുണ്ടെന്നും വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നുമായിരുന്നു കേസരി മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധുവിന്റെ വിദ്വേഷ പരാമര്‍ശം.

ആളുകൂടാന്‍ വേടന്റെ പാട്ട് പരിപാടി നടത്തുന്നവര്‍ അമ്പലപ്പറമ്പില്‍ കാബറയും നടത്തുമെന്നും എന്‍.ആര്‍. മധു പറഞ്ഞിരുന്നു. കൊല്ലം കുണ്ടറയിലെ ക്ഷേത്രപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍.ആര്‍. മധു. സൂക്ഷ്മമായി പഠിച്ചാല്‍ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ വേടന് പിന്നിലുണ്ടെന്ന് മനസിലാക്കാമെന്നും എന്‍.ആര്‍. മധു ആരോപിച്ചിരുന്നു.

Content Highlight: What art does RSS have? Vedan is the leader of modern music: M.V. Govindan

We use cookies to give you the best possible experience. Learn more