| Monday, 21st October 2013, 6:30 pm

പശ്ചിമഘട്ട സംരക്ഷണം : സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പശ്ചിമ ഘട്ട സംരക്ഷണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും വിദഗ്ധ സമിതിയെ നിയോഗിക്കും. ഇത് സംബന്ധിച്ച്  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പഠിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിക്കുക.

സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ സംസ്ഥാനം അന്തിമ തീരുമാനമെടുക്കുക. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

പശ്ചിമ ഘട്ട സംരക്ഷണത്തെ കുറിച്ച പഠിക്കാനായി രണ്ട് കമ്മറ്റികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാധവ് ഗാഡ്കില്‍ കമ്മറ്റിയും കസ്തൂരി രംഗന്‍ കമ്മറ്റിയും.

ഇതില്‍ കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനം. റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പിലാക്കാനായി ഉന്നതതല സമിതിയെ രൂപീകരിക്കാനും കഴിഞ്ഞദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരുന്നു.

കേരള സര്‍ക്കാറിനും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് സ്വീകാര്യമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.  എന്നാല്‍ റിപ്പോര്‍ട്ട നടപ്പാക്കുന്നത് പ്രായോഗിക വശം നോക്കി വേണമെന്നും ജനങ്ങളെ ബാധിക്കുന്ന നിര്‍ദ്ദേശങ്ങളോട് സര്‍ക്കാറിന് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍നിന്ന് ഇടത് കക്ഷികള്‍ വിട്ട് നിന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഇടത് കക്ഷികള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നത്. തങ്ങളുടെ തീരുമാനം എഴുതി അറിയാക്കാമെന്നായിരുന്നു ഇടത് പാര്‍ട്ടികളുടെ നിലപാട്.

പശ്ചിമഘട്ടത്തെ പരിസ്ഥിതി, ജനവാസ മേഖലകളെന്ന രണ്ടായി തിരിക്കാനാണ് കസ്തുരി രംഗന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. റിപ്പോര്‍ട്ട് പഠിച്ച കേന്ദ്ര വനം പരിസ്ഥിത് മന്ത്രാലയം പശ്ചിമഘട്ടത്തിന്റെ 37 ശതമനം മേഖലയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ശരിവെച്ചിരുന്നു.

തുടര്‍ന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി വനം പരിസ്ഥിതി മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ ഇതംഗീകരിക്കുകയുമായിരുന്നു.

ഏതാണ്ട് 60000 ചതുരശ്ര കിലോമീറ്റര്‍ ദൂരപരിധി സംരക്ഷിക്കപ്പെടേണ്ടതാണെന്നാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ച് വനം പരിസ്ഥിതി മന്ത്രാലയം പ്രസ്താവിച്ചത്. ഈ മേഖലയില്‍ വലിയ കെട്ടിടങ്ങള്‍ പണിയുന്നതും ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

അതേപോലെ ഖനനത്തിനും ക്വാറികള്‍ക്കും താപവൈദ്യുത നിലയങ്ങള്‍ക്കും സമ്പൂര്‍ണ്ണനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും. ഇക്കാര്യത്തില്‍ കേരളത്തിന്റെ കൂടി താല്‍പര്യം അറിഞ്ഞിട്ടേ അന്തിമ തീരുമാനമുണ്ടാകൂ എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ പ്രതിപക്ഷമടക്കമുള്ളവരുടെ പ്രതിക്ഷേധം ഉയര്‍ന്നതിനാല്‍ മറുപടി നല്‍കാന്‍ കുറച്ച സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സമവായമുണ്ടാകാനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തത്.

We use cookies to give you the best possible experience. Learn more