ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. ബിര്‍ ശ്രേഷ്ഠ ഷാഹിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 151 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തിയത്. മറുപടി ബാറ്റിങ്ങില്‍ 16.5 ഓവറില്‍ വിന്‍ഡീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും അക്കീം വെയ്ന്‍ ജറല്‍ അഗസ്റ്റുമാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. ചെയ്‌സ് 29 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്.
അക്കീം 25 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 50 റണ്‍സും നേടി വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. 200 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. ഇരു താരങ്ങള്‍ക്കും പുറമെ അമീര്‍ ജാന്‍ഗോ 23 പന്തില്‍ 34 റണ്‍സും നേടി.
അതേസമയം ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈന്‍ മൂന്ന് വിക്കറ്റും മെഹ്ദി ഹസന്‍, നസുന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് തുണയായത് ഓപ്പണര്‍ തന്‍സിദ് ഹസന്റെ പ്രകടനമാണ്. 62 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സാണ് താരം അടിച്ചെടുത്തത്. നാലാമനായി ഇറങ്ങിയ സൈഫ് ഹസന്‍ 22 പന്തില്‍ 23 റണ്‍സാണ് നേടിയത്.
മറ്റാര്‍ക്കും ടീമിന് വേണ്ടി രണ്ടക്കം കടക്കാന്‍ സാധിച്ചികുന്നില്ല. വിന്‍ഡീസിന് വേണ്ടി ഹാട്രിക് നേട്ടവുമായി റൊമാരിയോ ഷെപ്പേര്‍ഡ് തിളങ്ങിയപ്പോള്‍ ജേസന്‍ ഹോള്‍ഡര്‍, ഗാരി പാരി എന്നിവര്‍ രണ്ട് വിക്കറ്റുകളും ആകേല്‍ ഹൊസൈന്‍, റോസ്ടണ്‍ ചെയ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.