ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഷെര്‍ ഇ ബംഗ്ലയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ ഒരു റണ്‍സിനാണ് വിന്‍ഡീസ് വിജയിച്ചു കയറിയത്.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാ കടുവകള്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. അനായാസം മറികടക്കാന്‍ സാധിക്കുമായിരുന്നിട്ടും മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന്റെ ബൗളിങ്ങിന് മുമ്പില്‍ വിന്‍ഡീസ് ഏറെ വിയര്‍ത്തൊലിച്ചു. തുടര്‍ന്ന് അവസാന വിക്കറ്റില്‍ മത്സരം സമനിലയിലെത്തിക്കുകയായിരുന്നു വിന്‍ഡീസ്.
ശേഷം സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാ കടുവകള്‍ക്ക് ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ ഷായി ഹോപ്പാണ് സൂപ്പര്‍ ഓവറില്‍ മൂന്ന് പന്ത് നേരിട്ട് വിന്‍ഡീസിന് ഏഴ് റണ്‍സ് നേടിക്കൊടുത്തത്. മറുപടി ബാറ്റിങ്ങില്‍ നാല് റണ്‍സ് എക്‌സ്ട്രാസ് ലഭിച്ചിട്ടും ബംഗ്ലാദേശിന് വിജയിക്കാന്‍ സാധിച്ചില്ല.
മത്സരത്തില്‍ വിന്‍ഡീസിന് വേണ്ടി ഷായി ഹോപ്പ് തന്നെയാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 67 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്. കീസി കാര്‍ട്ട് 59 പന്തില്‍ നിന്ന് 35 റണ്‍സും നേടി. ഓപ്പണര്‍ അലിക് അത്തനാസെ 42 പന്തില്‍ 28 റണ്‍സും നേടി. ബംഗ്ലാദേശിനായി റാഷിദ് ഹൊസൈന്‍ മൂന്ന് വിക്കറ്റും നസുന്‍ അഹമ്മദ്, തന്‍വീര്‍ ഇസ്‌ലാം എന്നിവര്‍ രണ്ട് വിക്കറ്റും നേടി. സെയ്ഫ് ഹസന്‍ ഒരു വിക്കറ്റും നേടി.
അതേസമയം ബംഗ്ലാദേശിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് സൗമ്യ സര്‍ക്കാരാണ്. 89 പന്തില്‍ 45 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ 14 പന്തില്‍ 39* റണ്‍സ് നേടിയ നൂറുല്‍ ഹസന്റെ പ്രകടനമാണ് ടീമിന്റെ സ്‌കോര്‍ 200 കടത്തിയത്. ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസ് 58 പന്തില്‍ 32 റണ്‍സും നേടി.
ബൗളിങ്ങില്‍ കരീബിയന്‍ പട 50 ഓവറും സ്പിന്നര്‍മാരെകൊണ്ടായിരുന്നു എറിയിപ്പിച്ചത്. ഇതോടെ ഏകദിനത്തില്‍ 50 ഓവറും സ്പിന്നര്‍മാര്‍ എറിയുന്ന ആദ്യ ടീമായി മാറാനും വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചിരുന്നു.
ആകേല്‍ ഹൊസൈന്‍ (രണ്ട് വിക്കറ്റ് നേടി), റോസ്ടണ്‍ ചെയ്സ്, ഖാരി പിയറി, ഗുഡകേഷ് മോട്ടി (മൂന്ന് വിക്കറ്റ്), അലിക് അത്തനാസെ (രണ്ട് വിക്കറ്റ് എന്നിവരായിരുന്നു ടീമിന് വേണ്ടി ബോളെറിഞ്ഞത്.