| Wednesday, 30th September 2026, 8:10 am

വിന്‍ഡീസിന് വമ്പന്‍ തിരിച്ചടി; സെഞ്ച്വറിക്ക് പിന്നാലെ സൂപ്പര്‍ താരം പുറത്ത്!

ശ്രീരാഗ് പാറക്കല്‍

വിന്‍ഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് (സെപ്റ്റംബര്‍ 30) ബര്‍സാപാര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ പരമ്പരയിലെ രണ്ടാം മത്സരം ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാനാകും. അതേസമയം എന്തുവില നില്‍കിയും രണ്ടാം മത്സരം വിജയിക്കാനാണ് വിന്‍ഡീസ് കച്ച മുറുക്കുന്നത്.

എന്നാല്‍ മത്സരത്തിന് മുന്നോടിയായി വിന്‍ഡീസിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. സൂപ്പര്‍ ബാറ്റര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് പരിക്ക് മൂലം പുറത്തായിരിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിത്തില്‍ നടന്ന മത്സരത്തില്‍ തന്റെ ആദ്യ സെഞ്ച്വറി നേടി തിളങ്ങാന്‍ ഗ്രീവ്‌സിന് സാധിച്ചിരുന്നു.

മത്സരത്തില്‍ 108 പന്തില്‍ നിന്ന് 101 റണ്‍സാണ് താരം നേടിയത്. 12 ഫോറാണ് താരം നേടിയത്. വിന്‍ഡീസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയതിന് പിന്നാലെ പരിക്ക് മൂലം താരം ഫീല്‍ഡില്‍ ഇറങ്ങിയില്ലായിരുന്നു. മികച്ച ഫോമില്‍ തുടരവെ ജസ്റ്റിന് പരിക്ക് പറ്റിയത് വിന്‍ഡീസിന് വലിയ നഷ്ടം തന്നെയാണ്.

ഏകദിനത്തില്‍ 26 മത്സരത്തിലെ 24 ഇന്നിങ്‌സില്‍ നിന്ന് 607 ഫണ്‍സാണ് ഗ്രീവ്‌സ് നേടിയത്. ബൗളിങ്ങില്‍ 12 ഇന്നിങ്‌സില്‍ നിന്ന് എട്ട് വിക്കറ്റും താരത്തിനുണ്ട്.

അതേസമയം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. എട്ട് വിക്കറ്റിന്റെ വിജയമാണ് ഗില്ലും സംഘവും സ്വന്തമാക്കിയത്.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 108 പന്തില്‍ 13 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്‍ നേടിയത്.

അതേസമയം 88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സിക്‌സുമുള്‍പ്പെടെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 157.95 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വിരാടിനുണ്ടായിരുന്നു. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്. മാത്രമല്ല ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ 10ാം സെഞ്ച്വറിയും വിരാടിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: West Indies superstar Justin Greaves has been ruled out due to injury

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more