2026 ടി – 20 ലോകകപ്പില്‍ നേപ്പാളിനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീമിന്റെ വിജയം. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ കരുത്തിലാണ് ടൂര്‍ണമെന്റിലെ മൂന്നാം വിജയം സ്വന്തമാക്കിയത്.
നേപ്പാള്‍ ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസ് 28 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ വിന്‍ഡീസ് സൂപ്പര്‍ 8ലേക്ക് മുന്നേറിയപ്പോള്‍ നേപ്പാള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡിലേക്ക് 23 ചേര്‍ത്തപ്പോഴേക്കും ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പക്ഷേ അപ്പോഴും പിടിച്ച് നിന്ന ദിപേന്ദ്ര സിങ് ഐറീ പിന്നാലെത്തിയ ലോകേഷ് ബമുമായി ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു.
എന്നാല്‍, 15 പന്തില്‍ 13 റണ്‍സുമായി ലോകേഷ് ബം തിരികെ നടന്നു. ഏറെ വൈകാതെ ആറാം വിക്കറ്റും വീണു. അതോടെ സോംപല്‍ കാമി ക്രീസിലെത്തി. ദിപേന്ദ്രയും കാമിയും ഒന്നിച്ച് 54 റണ്‍സ് ചേര്‍ത്ത് പിരിഞ്ഞു. 47 പന്തില്‍ 58 റണ്‍സുമായി ദിപേന്ദ്ര കൂടാരം കയറിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.
അവസാന പന്തില്‍ പിന്നാലെത്തിയ കരണ്‍ കെ.സിയും പുറത്തായതോടെ നേപ്പാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സിലെത്തി. സോംപല്‍ 15 പന്തില്‍ 26 റണ്‍സുമായി പുറത്താവാതെ നിന്നു.
വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്സ്, അകീല്‍ ഹൊസെന്‍, ഷമാര്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ പവര്‍ പ്ലേയില്‍ തന്നെ ഓപ്പണര്‍ ബ്രാണ്ടന്‍ കിങ്ങിന്റെ വിക്കറ്റ് നഷ്ടമായി. 17 പന്തില്‍ 22 റണ്‍സെടുത്ത താരം നന്ദന്‍ യാദവിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.
പിന്നാലെ ഷായ് ഹോപ്പും ഷിംറോണ്‍ ഹെറ്റ്‌മേയറും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് ടീമിനെ വിജയിപ്പിക്കുകയായിരുന്നു. ഹോപ്പ് 44 പന്തില്‍ പുറത്താവാതെ 61 റണ്‍സും ഹെറ്റ്‌മേയര്‍ 32 പന്തില്‍ പുറത്താവാതെ 46 റണ്‍സും നേടി.
Content Highlight: West Indies qualified into Super 8 by defeating Nepal in T20 World Cup 2026