ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു സൗത്ത് ആഫ്രിക്ക. 23 പന്ത് അവശേഷിക്കെയാണ് പ്രോട്ടിയാസ് വിജയം കീഴടക്കിയത്.
മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ജെയ്‌സണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്‍ഡുമാണ്. വമ്പന്‍ വിക്കറ്റ് തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കാന്‍ എട്ടാം വിക്കറ്റില്‍ മിന്നും വെടിക്കെട്ട് പുറത്തെടുത്താണ് ഇരുവരും തിളങ്ങിയത്.
ഹോള്‍ഡര്‍ 31 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 49 റണ്‍സ് നേടിയപ്പോള്‍ റൊമാരിയോ 37 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മികച്ച ബാറ്റിങ് പ്രകടനം നടത്തി. വളരെ ചെറിയ സ്‌കോറില്‍ വിന്‍ഡീസിനെ തളയ്ക്കാന്‍ സാധിക്കുമായിരുന്ന ഇടത്ത് നിന്നാണ് ഇരുവരും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.
ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും താരങ്ങള്‍ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ എട്ടാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ കൂട്ടുകെട്ട് നേടുന്ന താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്. 57 പന്തില്‍ നിന്ന് 89 റണ്‍സാണ് താരങ്ങള്‍ അടിച്ചെടുത്തത്. ഈ നേട്ടത്തില്‍ സ്‌കോട്‌ലാന്‍ഡ് താരങ്ങളായ പി.എല്‍. മോംസെനും എസ്.എം. ഷരീഫും നേടിയ 80 റണ്‍സ് മറികടന്നാണ് വിന്‍ഡീസ് വെടിക്കെട്ട് വീരന്‍മാര്‍ റെക്കോഡ് ഇട്ടത്.
അതേസമയം പ്രോട്ടിയാസിനായി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തി. കഗീസോ റബാദയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രോട്ടിയാസിനായി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് 46 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രമാണ്. 178.26 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. വണ്‍ ഡൗണ്‍ ബാറ്റര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ 28 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സാണ് താരം സ്വന്തമാക്കിയത്. 24 പന്തില്‍ 47 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക് മികച്ച പ്രകടനം നടത്തിയാണ് തിരികെ പോയത്. റോസ്റ്റണ്‍ ചെയ്‌സിനാണ് വിക്കറ്റ്.
അതേസമയം വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ വിന്‍ഡീസിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് തുടങ്ങിയത്. മത്സരത്തിലെ മൂന്നാം ഓവറില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ പുറത്താക്കി കഗീസോ റബാദയാണ് പ്രോട്ടിയാസിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
അതേ ഓവറിലെ അഞ്ചാം പന്തില്‍ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറെ രണ്ട് റണ്‍സിന് കൂടാരം കയറ്റാനും റബാദയ്ക്ക് സാധിച്ചു. പിന്നീട് ഓപ്പണര്‍ ബ്രണ്ടണ്‍ കിങ്ങിനെ 21 റണ്‍സിന് പുറത്താക്കി ലുംഗി എന്‍ഗിഡിയും വിക്കറ്റ് ടേക്കിങ്ങിന് എത്തി. വൈകാതെ എന്‍ഗിഡി റോവ് മാന്‍ പവലിനെയും (9) റോസ്റ്റണ്‍ ചെയ്‌സിനെയും (2) മടക്കി.
Content Highlight: West Indies Players Achieve highest 8th wicket partnership in T20Is