| Wednesday, 1st October 2025, 3:01 pm

ജെയ്സ്വാളിനെയും ഗെയ്ക്വാദിനെയും മറികടന്ന് വിന്‍ഡീസ് ഓപ്പണേഴ്സ്; ആശ്വാസജയത്തില്‍ കുറിച്ചത് ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ടി – 20യില്‍ നേപ്പാളിനെതിരെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ട് ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ആമിര്‍ ജാംഗൂവും അക്കീം അഗസ്റ്റെയും. ഇന്ത്യന്‍ താരങ്ങള്‍ കയ്യടക്കിവെച്ചിരുന്ന നേട്ടമാണ് വിന്‍ഡീസ് താരങ്ങള്‍ കഴിഞ്ഞ ദിവസം സ്വന്തം പേരിലാക്കിയത്. നേപ്പാളിനെതിരെയുള്ള മൂന്നാം ടി – 20 മത്സരത്തിലാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ ഈ നേട്ടം കുറിച്ചത്.

മത്സരത്തില്‍ വിന്‍ഡീസ് സംഘം പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ ഒരു പന്ത് ബാക്കി നില്‍ക്കെ 122 റണ്‍സ് എടുത്ത് പുറത്തായിരുന്നു. ഇത് പിന്തുടര്‍ന്ന വിന്‍ഡീസ് വിക്കറ്റൊന്നും നഷ്ടമാവാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജാംഗൂവും അഗസ്റ്റെയും ചേര്‍ന്ന് 123 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

ഇതോടെയാണ് ഇരുവരും നേപ്പാളിനെതിരെ ഏറ്റവും ഉയര്‍ന്ന ടി – 20 ഓപ്പണിങ്ങ് കൂട്ട്‌കെട്ട് തങ്ങളുടെ പേരിലാക്കിയത്. നേരത്തെ ഇത് ഇന്ത്യന്‍ താരങ്ങളായ യശസ്വി ജെയ്സ്വാളിന്റെയും ഋതുരാജ് ഗെയ്ക്വാദിന്റെയും പേരിലായിരുന്നു.

2023 ഏഷ്യന്‍ ഗെയിംസിനിടെ നേപ്പാളിനെതിരെ 103 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. ഇതിനെ മറികടന്നാണ് കരീബിയന്‍ താരങ്ങള്‍ ഈ നേട്ടത്തിലെത്തിയത്.

ഈ റെക്കോര്‍ഡ് മാത്രമല്ല കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ വിന്‍ഡീസ് സ്വന്തമാക്കുന്നത്. ഇത് ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ടി – 20യില്‍ പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കുന്നത്.

കൂടാതെ, ഇരുവരുടെയും 123 റണ്‍സ് കൂട്ടുകെട്ട് വിജയകരമായ റണ്‍ചേസില്‍ വിന്‍ഡീസിന്റെ നാലാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണ്.

മത്സരത്തില്‍ ജയിച്ചെങ്കിലും പരമ്പര സ്വന്തമാക്കാന്‍ കരീബിയന്‍ പടക്കായില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നേപ്പാള്‍ വിജയം പിടിച്ചെടുത്തിരുന്നു. ഇതോടെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് കളിക്കുന്ന ടീമിന് എതിരെ ഒരു പരമ്പര നേപ്പാളിന് സ്വന്തമാക്കാന്‍ സാധിച്ചു.

Content Highlight: West Indies openers surpassed Yashasvi Jaiswal and Ruturaj Gaikwad in highest opening partnership against Nepal

We use cookies to give you the best possible experience. Learn more